റോസി ടീച്ചർ! അച്ചടക്കത്തിന്റെയും അനുസരണയുടേയും പാഠഭേദങ്ങൾ ആദ്യമായി ഹൃദിസ്ഥമാക്കിത്തന്ന ആൾരൂപം.

Follow Us :

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് ജി വേണുഗോപാൽ, മലയാളത്തിലും മറ്റുഭാഷകളിലുമായി ഒട്ടനവധി സൂപ്പർ ഹിറ്റുകൾക്ക് ശബ്ദം നൽകിയ വ്യക്തി കൂടിയാണ് ജി വേണുഗോപാൽ. ഇദ്ദേഹത്തിന്റെ ശബ്ദ മാധുര്യം ഓരോ സംഗീതാസ്വാതനും എന്നും പ്രിയപ്പെട്ടത് തന്നെയാണ്.ഇപ്പോൾ ജി വേണുഗോപാൽ തന്റെ പ്രിയപ്പെട്ട ടീച്ചറെക്കുറിച്ച് വാചാലനായി എത്തിയിരിക്കുകയാണ്. തന്റെ ജീവിതത്തിലെ മാറ്റങ്ങളിൽ ഏറ്റവും സ്വീതീനം ചലത്തിയ വെക്തി ജി വേണുഗോപാലിന്റെ വാക്കുകൾ ഇങ്ങനെ:

ഇരുപത്തഞ്ച് വർഷം സംഗീത ജീവിതത്തിൽ പൂർത്തിയായപ്പോൾ ചിരകാല സുഹൃത്തുക്കളായ നാഗേഷും, ഗോപനും, രാജ്കുമാറുമൊക്കെ ചേർന്ന് ” Back to the primary school” എന്നൊരു പദ്ധതി വീഡിയോയിൽ പകർത്തി. പഴയ നഴ്സിറി, I A, 2 A ക്ലാസ്സുകളിലെ കൊച്ച് ഡെസ്ക്ക്, കസേരകൾ ഒക്കെ കണ്ട് അതിശയിച്ചു. എത്ര ചെറുതായിരുന്നു ഞങ്ങൾ എന്ന് അടയാളപ്പെടുത്തുകയായിരുന്നു ആ തടി ഉരുപ്പിടികൾ. 2 A യിൽ എത്തിയപ്പോൾ എവിടെ നിന്നോ ക്യുട്ടിക്കുറ ടാൽക്കം പൗഡറിൻ്റെയും കാച്ചിയ എണ്ണയുടെയും മണം! സമയമാം നദി പുറകോട്ടൊഴുകി. സ്മരണകൾ ഓരോന്നായ് പൂ വിടർത്തി.

റോസി ടീച്ചർ! അച്ചടക്കത്തിൻ്റെയും അനുസരണയുടേയും പാഠഭേദങ്ങൾ ആദ്യമായി ഹൃദിസ്ഥമാക്കിത്തന്ന ആൾരൂപം. ശിക്ഷണത്തോടൊപ്പം, കടുത്ത ശിക്ഷയും കലർപ്പില്ലാത്ത സ്നേഹവും ആവോളം പകർന്നു തന്നു ടീച്ചർ. സോഷ്യൽ സ്റ്റഡീസ്, ഇംഗ്ലീഷ് ക്ലാസ്സുകളുടെ അവസാനം ഒരഞ്ച് മിനിറ്റ് ബാക്കിയുള്ളപ്പോൾ ടീച്ചർ ആജ്ഞാപിക്കും. ” വേണു ഇവിടെ വന്ന് നിന്ന് ക്ലാസ്സിന് വേണ്ടി ഒരു പാട്ട് പാടും.” 2 A ആയിരുന്നു എൻ്റെ ആദ്യത്തെ സ്റ്റേജ്. ടീച്ചറെ മുട്ടിയുരുമ്മി നിന്ന് ഞാനെൻ്റെ മുഖം ഉയർത്തി ടീച്ചറെ നോക്കിക്കൊണ്ട് ക്ലാസ്സിനായി പാടും. ” കായാമ്പൂ കണ്ണിൽ വിടരും “, പാടാത്ത വീണയും പാടും, ആയിരം പാദസരങ്ങൾ കിലുങ്ങി ” മുഖം ഉയർത്തി ടീച്ചറെ നോക്കി പാടിപ്പാടി എൻ്റെ മനസ്സിലെ ഏറ്റവും പൊക്കമുള്ള വ്യക്തിയായി ടീച്ചർ മാറി. തൊട്ടുപിറകിൽ ടീച്ചറിൻ്റെ മേശയും മേശയിൽ അച്ചടക്കത്തിൻ്റെ ചിഹ്നമായ ചൂരലും. പാട്ട് തീരാറാകുമ്പോൾ ടീച്ചർ എന്നെ ചേർത്തണയ്ക്കും. അന്നാ കണ്ണുകളിൽ വിരിഞ്ഞത് കായാമ്പൂവോ കമലദളമോ? എനിക്കറിയില്ലായിരുന്നു.
വർഷാവസാനം റോസി ടീച്ചർ വീടിനടുത്തുള്ള ഗവ: സ്കൂളിലേക്ക് മാറിപ്പോകുകയാണെന്നു പറഞ്ഞപ്പോൾ ക്ലാസ്സിൽ കൂട്ടക്കരച്ചിലുയർന്നു. അതിൽ ഏറ്റവും ഉച്ചസ്ഥായിയിൽ എൻ്റെ ശബ്ദവും. കവിളിലെ ഒരു തുള്ളി കണ്ണീർ തുടച്ച് മാറ്റി ടീച്ചർ ചൂരൽ കൊണ്ട് മേശപ്പുറത്താഞ്ഞടിച്ച് അച്ചടക്കം വീണ്ടെടുത്തു.

വർഷങ്ങൾക്കിപ്പുറം ഗുരുവായൂർ കൗസ്തുഭം സത്രം ഹാളിൽ എൻ്റെ കല്യാണച്ചടങ്ങ് കഴിഞ്ഞ് എല്ലാവരും ഊണിനായ് പിരിയുന്ന നേരം. പൊക്കം നന്നേ കുറഞ്ഞ ഒരു സ്ത്രീ വേദിക്ക് മുന്നിൽ വന്ന്, കട്ടിയുള്ള ലെൻസ് കണ്ണടയിലൂടെ എന്നെ നിർന്നിമേഷയായ് നോക്കി നിൽക്കുന്നു. “എടാ വേണൂ” എന്ന ഒരൊറ്റ വിളിയിൽ ഞാൻ വീണ്ടും 2 A യിലെ ജി. വേണുഗോപാലായി മാറി. ടീച്ചർ ഓടി വന്നെന്നെ മുറുക്കി പുണർന്നു. കാച്ചിയ എണ്ണയുടെയും ടാൽക്കം പൗഡറിൻ്റെയും മണം! ” ഞാൻ പേപ്പറിൽ നിന്നറിഞ്ഞെടാ നിൻ്റെ കല്യാണം”. ഞാനെൻ്റെ മുഖം കുനിച്ച് ടീച്ചറോട് പറഞ്ഞു ” അപ്പൊ ഇത്രയേ ഉള്ളൂ അല്ലേ പൊക്കം “! എൻ്റെ ആദ്യത്തെ ആരാധിക. ആദ്യത്തെ സ്പോൺസറും. എന്നുള്ളിലെ സംഗീതം കണ്ടെത്തി പ്രോത്സാഹിപ്പിച്ച എൻ്റെ കുഞ്ഞു മനസ്സിലെ ഏറ്റവും പൊക്കമുള്ള വ്യക്തി – റോസി ടീച്ചർ!