‘സുരേഷ് ഗോപിയുടെ മകനായതിനാല്‍’ സിനിമയില്‍ നിന്നും ഒഴിവാക്കി-ഗോകുല്‍ സുരേഷ്

Follow Us :

മലയാളത്തിന്റെ പ്രിയ താരപുത്രനാണ് ഗോകുല്‍ സുരേഷ്. 2016ലിറങ്ങിയ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുല്‍ സുരേഷ് മലയാള സിനിമാ ലോകത്തേക്ക് ചുവടുവച്ചത്. ഇതിനോടകം വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ താരം ചെയ്തിട്ടുള്ളൂ എങ്കിലും മികച്ച നടനാണെന്ന് താരം തെളിയിച്ചുകഴിഞ്ഞു.

ഇപ്പോഴിതാ, പുതിയ ചിത്രം വീണ്ടും ഗഗനചാരി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി താരം പറയുന്ന കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. തനിക്ക് അധികം സിനമകള്‍ ലഭിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സുരേഷ് ഗോപിയുടെ മകനായതിനാല്‍ സിനിമകളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ടെന്നും ഗോകുല്‍ പറയുന്നു.

‘ഇലക്ഷന് നിന്ന് തോറ്റു, പിന്നെയും ഇലക്ഷനില്‍ നിന്ന് തോറ്റു, പിന്നെയും മത്സരിച്ചാണ് ജയിച്ചത്. അതുകൊണ്ട് ഞങ്ങളുടെ വേദനയും ഭയവുമെല്ലാം ആദ്യം തന്നെ മാറി. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോള്‍ തന്നെ അച്ഛന്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടു. ഇലക്ഷനില്‍ നിന്നപ്പോഴും ടാര്‍ഗറ്റ് ചെയ്യപ്പെട്ടു. ജയിച്ചപ്പോള്‍ കുറച്ചു കുറഞ്ഞിട്ടുണ്ട്. പക്ഷേ ഒരു പദവി ഉണ്ടല്ലോ. അതില്‍ എന്തെങ്കിലും ഒരു അര ശതമാനം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ ഇരട്ടി പ്രതിഷേധമുണ്ടാകും. അതെല്ലാം പ്രതീക്ഷിച്ചാണ് ഞങ്ങള്‍ ഇരിക്കുന്നത്. അച്ഛനെ അതൊന്നും ബാധിക്കാറില്ല. അതിലും വലുതാണ് അച്ഛന്‍. ബാധിക്കുന്നത് അച്ഛന്റെ അത്രയും ആകാത്ത തങ്ങളെയാണെന്നും ഗോകുല്‍ പറയുന്നു.

സുരേഷ് ഗോപിയുടെ മകനായതിനാല്‍ തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നോട് നേരിട്ട് പറഞ്ഞിട്ടില്ല, പക്ഷേ താന്‍ എല്ലാം അറിഞ്ഞിട്ടുണ്ടെന്നും ഗോകുല്‍ പറയുന്നു. അവസരങ്ങള്‍ മാറി പോകുമ്പോള്‍ നമ്മള്‍ ഊഹിക്കുമല്ലോ. വെറുതെ ഒഴിവാക്കിയതല്ല എന്ന് മനസ്സിലാകും. മകന്‍ എന്ന ബന്ധത്തില്‍ ചവിട്ട് ഇങ്ങോട്ട് കിട്ടിയെന്നും മനസ്സിലായി. അതേസമയം, ചവിട്ടിയിട്ടുള്ള ആള്‍ക്കാര്‍ തന്നെ വേദിയില്‍ വച്ച് തന്നോട് സ്‌നേഹം പ്രകടിപ്പിക്കുകയും നല്ല നടനാണ് എന്ന് പുകഴ്ത്താറുണ്ടെന്നും ഗോകുല്‍ വ്യക്തമാക്കി.