മഞ്ജരിയുടെ വിവാഹം മാതൃക! അവരുടെ പ്രിയപ്പെട്ട മഞ്ജരി ടീച്ചറാണ്!!!

കഴിഞ്ഞ ദിവസമാണ് മലയാളികളുടെ പ്രിയഗായിക മഞ്ജരി വീണ്ടും വിവാഹിതയായത്. ബാല്യകാല സുഹൃത്തായ ജെറിന്റെ നല്ലപാതിയായി പുതിയ ജീവിതം ആരംഭിച്ചിരിക്കുകയാണ് താരം. വിവാഹവാര്‍ത്തയേക്കാള്‍ കൂടുതല്‍ ഹൃദയങ്ങള്‍ കീഴടക്കിയത് മഞ്ജരിയുടെ വിവാഹസത്കാരമായിരുന്നു. തിരുവനന്തപുരം മാജിക് പ്ലാനറ്റിലെ കുട്ടികള്‍ക്കൊപ്പമായി വിവാഹാഘോഷം.

മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പം ആടിയും പാടിയും സദ്യവിളമ്പിയും പുതുജീവിതത്തിലേക്കുള്ള ചുവടുവെപ്പ് മഞ്ജരി ധന്യമാക്കി. നിറയെ അഭിന്ദനങ്ങളുമാണ് താരത്തിന്റെ ആ നല്ല മനസ്സിനെ തേടിയെത്തിയത്.

ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്കൊപ്പം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ചിലവഴിക്കാന്‍ മഞ്ജരിയെത്തിയതിനെക്കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ്
മാജിക് പ്ലാനറ്റ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്.

മഞ്ജരിയെ ചെറുപ്പം മുതല്‍ അറിയാമെന്ന് ഗോപിനാഥ് മുതുകാട് പറയുന്നു. മഞ്ജരിയുടെ കുടുംബവുമായും വര്‍ഷങ്ങളുടെ സൗഹൃദമുണ്ട്. മാത്രമല്ല, മഞ്ജരിക്ക് മാജിക് പ്ലാനറ്റ് അപരിചിതമേയല്ല. മാജിക്ക് പ്ലാനറ്റിന്റെ ഡയറക്ടര്‍മാരിലൊരാളാണ് മഞ്ജരിയുടെ അച്ഛന്‍ ബാബു രാജേന്ദ്രന്‍.

മഞ്ജരി മാസത്തിലൊരിക്കല്‍ പാട്ടുപഠിപ്പിക്കാന്‍ ഇവിടെയെത്താറുണ്ട്. കുട്ടികള്‍ക്ക് അവള്‍ പ്രിയപ്പെട്ട മഞ്ജരി ടീച്ചറാണ്. അതുകൊണ്ടാണ് വിവാഹദിനത്തില്‍ അവരും ആഘോഷത്തില്‍ ഒപ്പം കൂടിയതെന്നും മുതുകാട് പറയുന്നു.

മഞ്ജരിയുടെ വിവാഹം മാതൃകയാക്കേണ്ട ഒന്നാണ്. മഞ്ജരിയുടെ വിവാഹാഘോഷം ഭിന്നശേഷിയെന്ന ഈ ചിന്തയെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് നടത്തിയതാണ്. കുട്ടികള്‍ക്ക് അതുനല്‍കിയ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. എത്ര ബോധവത്കരണം നടത്തിയിട്ടും സമൂഹം ഭിന്നശേഷിക്കാരായ കുട്ടികളോട് കാട്ടുന്ന അവഗണനയ്ക്ക് മാറ്റമില്ലെന്നും ഗോപിനാഥ് മുതുകാട് പറയുന്നു.

ഒരിക്കല്‍ ഒരമ്മ തന്നോട് പൊട്ടിക്കരഞ്ഞുകൊണ്ട് പങ്കുവച്ച അനുഭവവും മുതുകാട് പറഞ്ഞു. വളരെ അടുത്ത ബന്ധുവിന്റെ വിവാഹത്തിന് ക്ഷണിച്ചപ്പോള്‍ ഭിന്നശേഷിക്കാരനായ മകനെ കൊണ്ടുവരരുത് എന്ന് അവര്‍ ആവശ്യപ്പെട്ടു. അന്ന് ആ അമ്മ എത്രമാത്രം വേദനിച്ചിട്ടുണ്ടാകുമെന്നും മുതുകാട് കൂട്ടിച്ചേര്‍ത്തു.

Anu