കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡൻ മാധ്യമപ്രവർത്തക ഹെയ്ദി സാദിയ വിവാഹിതയാകുന്നു

ഇപ്പോൾ നിരവധി ട്രാൻസ്ജെൻഡൻ വിവാഹങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്, കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡൻ മാധ്യമ പ്രവർത്തക ഹെയ്ദി സാദിയ വിവാഹിതയാകുന്നു. ഈ മാസം 26ന് എറണാകുളം ടിഡിഎം ഹാളിൽ വെച്ചാണ് വിവാഹം. കൈരളി ചാനലിലെ അവതാരകയാണ് ഹെയ്ദി. ഹരിപ്പാട് കരുവാറ്റ സ്വദേശി അഥർവ് മോഹനാണ് ഹെയ്‌ദിയെ വിവാഹം ചെയ്യുന്നത്.

ട്രാൻസ്‌ജെൻഡർ മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാരുടെ വളർത്തുമകൾ കൂടിയാണ് ഹെയ്‌ദി സാദിയ. അഥർവ് മോഹൻ തിരുവനന്തപുരത്ത് സ്വകാര്യ കമ്പനിയിൽ അകൗണ്ടന്റ് ആണ്. ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റും എറണാകുളം കരയോഗവും ചേർന്നാണ് വിവാഹം നടത്തുന്നത്. ഈ മാസം 26ന് രാവിലെ 10:45നും 11:30നും മധ്യേയുള്ള മുഹൂർത്തത്തിലാണ് വിവാഹം നടക്കുന്നത്. കരുവാറ്റ തട്ടുപുരക്കൽ മോഹനന്റേയും ലളിതയുടെയും മകനായ അഥർവ് ട്രാൻസ്‌ജെൻഡർ ദമ്പതികളായ ഇഷാൻ കെ.ഷാൻ, സൂര്യ എന്നിവരുടെ വളർത്തുമകനാണ്. ഇരുവീട്ടുകാരും ഒന്നിച്ചെടുത്ത തീരുമാനപ്രകാരമാണ് വിവാഹം നടക്കുന്നത്.

കേരളത്തിൽ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം നടക്കുന്ന നാലാമത്തെ ട്രാൻസ്‌ജെൻഡർ വിവാഹമാണിത്. 2019ലാണ് ഹെയ്ദി മാധ്യമപ്രവർത്തനം ആരംഭിച്ചത്. വേർതിരിവില്ലാത്ത മേഖലയാണ് മാധ്യമപ്രവർത്തനം എന്ന് തോന്നിയതിനാലാണ് ഈ മേഖല തെരഞ്ഞെടുത്തതെന്ന് ഹെയ്ദി മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Krithika Kannan