എനിക്ക് ബച്ചന്റെ ഉയരമില്ല, അദ്ദേഹത്തിന്റെ കുപ്പായവും പാകമാവില്ല- ഇന്ദ്രന്‍സ്

‘അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവുകയും ഇല്ല’, മന്ത്രി വിഎന്‍ വാസവന്റെ അധിക്ഷേപത്തില്‍ പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സ്. മന്ത്രി ശാരിരികമായി അധിക്ഷേപിച്ചതില്‍ തനിക്ക് വിഷമമോ ബുദ്ധിമുട്ടോയില്ലെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഇന്ത്യാ രാജ്യത്ത് എല്ലാവര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്രൃമുണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതില്‍ എനിക്ക് വിഷമം ഇല്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവുകയും ഇല്ല. അത് സത്യമല്ലേ എന്നും ഇന്ദ്രന്‍സ് പറഞ്ഞു.

ഞാന്‍ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലെയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയിമിങ് ഒന്നും തോന്നുന്നില്ല. ഞാനെന്താണ് എന്ന് എനിക്ക് നല്ല ബോധ്യമുണ്ടെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി.

2022ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. രാജ്യത്തെ കോണ്‍ഗ്രസിന്റെ അവസ്ഥ വിവരിച്ചപ്പോഴായിരുന്നു മന്ത്രി ഇന്ദ്രന്‍സിനെ പരാമര്‍ശിച്ചത്.

ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തിലെത്തിയെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. സംഭവം വിവാദമായതോടെയാണ് മന്ത്രി തന്നെ നേരിട്ട് പരാമര്‍ശം പിന്‍വലിച്ചിരുന്നു. മാത്രമല്ല, സഭാരേഖകളില്‍ നിന്ന് നീക്കാന്‍ സ്പീക്കറോട് കത്തുമുഖേന ആവശ്യപ്പെടുകയും ചെയ്തു.

Anu