ഇന്നസെന്റ് മടങ്ങിയത് ആ ഒരു സ്വപ്നം ബാക്കിയാക്കി!!

ഇന്നസെന്റ് ഇനി ചിരിയോര്‍മ്മയായിരിക്കുകയാണ്. വെള്ളിത്തിരയില്‍ അനശ്വരമാക്കിയ അനവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹം ഇനിയും നമ്മെ ചിരിപ്പിക്കും. ജീവിതത്തില്‍ ഒരു സ്വപ്‌നം സഫലമാകാതെയാണ് അദ്ദേഹം യാത്രയായിരിക്കുന്നത്. ഞായറാഴ്ച രാത്രി 10.30ന് എറണാകുളം ലേക്ഷോര്‍ ആശുപത്രിയിലായിരുന്നു ഇന്നസെന്റിന്റെ വിയോഗം. 700ല്‍ അധികം സിനിമകളില്‍ അനശ്വര കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി.

അതിയായി ആഗ്രഹിച്ചിരുന്നെങ്കിലും ഒരു സ്വപ്‌നം യാഥാര്‍ഥ്യമാകാതെയാണ് ഇന്നസെന്റ് വിടപറഞ്ഞത്. നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച മലയാളത്തിന്റെ മുത്തച്ഛനായിരുന്ന നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ സ്മരണയിലുള്ള പ്രഥമ പുരസ്‌കാരം ഏറ്റുവാങ്ങാനാകാതെയാണ് അദ്ദേഹം യാത്രയായത്.

”ദേശാടനം’ എന്ന ആദ്യ ചലച്ചിത്രത്തിലൂടെ തന്നെ മലയാളികളുടെയെല്ലാം മുത്തച്ഛനായി മാറിയ താരമായിരുന്നു പയ്യന്നൂര്‍ കോറോത്തെ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പയ്യന്നൂരിലെ സാംസ്‌കാരിക സംഘടനയായ ദൃശ്യയും ചേര്‍ന്ന് നല്‍കുവാന്‍ തീരുമാനിച്ചിരുന്ന പ്രഥമ പുരസ്‌കാരമാണ് ഇന്നസെന്റിന് നല്‍കാന്‍ തീരുമാനിച്ചത്.

ഇക്കാര്യം ഇന്നസെന്റിനെ അറിയിച്ച് സൗകര്യപ്രദമായ ദിവസം പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കാനായിരുന്നു സംഘാടകര്‍ തീരുമാനിച്ചത്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ഇന്നസെന്റിന് പയ്യന്നൂരില്‍ എത്തിച്ചേരുവാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പുരസ്‌കാര സമര്‍പ്പണം നീണ്ടുപോയി.

ഏറ്റവും ഒടുവില്‍ മാര്‍ച്ച് പതിനൊന്നിന് തിയ്യതി നിശ്ചയിച്ചുവെങ്കിലും പെട്ടെന്ന് അദ്ദേഹത്തിന് അസുഖം വര്‍ദ്ധിച്ച് ആശുപത്രിയിലായിരുന്നു. ഇന്നസെന്റിന് പയ്യന്നൂര്‍ വരെ യാത്ര ചെയ്യുവാനുള്ള പ്രയാസം കണക്കിലെടുത്ത് ഈ 26ന് തൃശൂരില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തി പുരസ്‌കാരം സമ്മാനിക്കാനും തീരുമാനിച്ചിരുന്നു.

എന്നാല്‍ അപ്പോഴേക്കും അദ്ദേഹം ഗുരുതരാവസ്ഥയില്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. നിരവധി ചലച്ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച ഉണ്ണിക്കൃഷ്ന്‍ നമ്പൂതിരിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം തനിക്ക് ലഭിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ വിധി അതിന് കാത്തുനിന്നില്ല. 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

Anu