Film News

ഉണ്ണി മുകുന്ദന്റെ ‘ജയ് ഗണേഷ്’ തിയ്യേറ്ററിലേക്ക്!!! പുതുവത്സരത്തില്‍ റിലീസ് പ്രഖ്യാപിച്ചു

ഉണ്ണി മുകുന്ദന്‍ നായകനാവുന്ന പുതിയ ചിത്രം ജയ് ഗണേഷ് റിലീസ് പ്രഖ്യാപിച്ചു. പുതുവത്സര ദിനത്തില്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവച്ചാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് തീയതി പുറത്തുവിട്ടത്. ചിത്രം 2024 ഏപ്രില്‍ 11നാണ് തിയേറ്ററിലെത്തുന്നത്.

വീല്‍ ചെയറിലിരിക്കുന്ന നായക കഥാപാത്രമാണ് ഉണ്ണി മുകുന്ദന്റേത്. മഹിമ നമ്പ്യാരാണ് ചിത്രത്തില്‍ നായികയാവുന്നത്. ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയ താരം ജോമോള്‍ സിനിമാ ലോകത്തേക്ക് തിരിച്ചെത്തുന്ന ചിത്രവുമാണ് ‘ജയ് ഗണേഷ്’.

ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന താരങ്ങളാവുന്നത്. ഡ്രീംസ് എന്‍ ബിയോണ്ട്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചന്ദ്രു ശെല്‍വരാജ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

ഓഗസ്റ്റ് 22നാണ് ചിത്രം പ്രഖ്യാപിച്ചത്. ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ജയ് ഗണേഷ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളില്‍ കൂടി ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Anu