‘തോളുകൾ രണ്ടും സ്ഥാനം തെറ്റി, ശരീരം കൈവിട്ടതോടെ…’; അനുഭവിച്ച വേദനകൾ തുറന്ന് പറഞ്ഞ് ജാൻവി കപൂർ

Follow Us :

താരപുത്രി എന്ന നിലയിൽ നിന്നും ബോളിവു‍ഡിലെ താര റാണിയേക്കുള്ള യാത്രയിലാണ് ജാൻവി കപൂർ. മിസ്റ്റർ ആൻഡ് മിസിസ് മഹി എന്ന ചിത്രമാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. രാജ്കുമാർ റാവു സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിം​ഗിനിടെ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ചാണ് ജാൻവി ഇപ്പോൾ തുറന്ന് പറയുന്നത്. മിസ്റ്റർ ആൻഡ് മിസിസ് മഹിയുടെ പ്രൊമോഷൻ വേളയിൽ ഷൂട്ടിം​ഗിനിടെ ഉണ്ടായ പരിക്കുകളെ കുറിച്ച് താരം പറഞ്ഞു.

‘ഏകദേശം 2 വർഷമാണ് ഇതിന് വേണ്ടി തയ്യാറെടുത്തത്. ഒരുപാട് അധ്വാനമുണ്ടായിരുന്നു. മിലി, ഗുഡ് ലക്ക് ജെറി എന്നീ ചിത്രങ്ങളുടെ ഷൂട്ട് നടന്നു കൊണ്ടിരിക്കുമ്പോഴാണ് ഞാൻ ക്രിക്കറ്റ് പഠിക്കാൻ തുടങ്ങിയത്. ഞാനൊരു ക്രിക്കറ്റ് കളിക്കാരിയാകണമെന്ന് സംവിധായകന് ആ​ഗ്രഹമുണ്ടായിരുന്നു. ചിത്രത്തിനായി വിഎഫ്എക്സ് ഉപയോ​ഗിക്കാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല’ – ജാൻവി പറഞ്ഞു.

‘ഇത്രയധികം കഠിനാധ്വാനം ചെയ്ത ഞങ്ങളുടെ സംവിധായകനും എന്റെ പരിശീലകരായ അഭിഷേക് നയ്യാർക്കും വിക്രാന്തയ്ക്കുമാണ് ക്രെഡിറ്റ് കൊടുക്കേണ്ടത്. പ്രാക്ടീസിനിടെ എനിക്കും കുറച്ച് പരുക്കുകൾ പറ്റിയിട്ടുണ്ട്. എൻ്റെ തോളുകൾ രണ്ടും സ്ഥാനം തെറ്റി. ശരീരം കൈവിട്ടതോടെ പരിശീലനം നിർത്തണമെന്ന് എനിക്ക് തോന്നി. പക്ഷേ അവർ എനിക്ക് നല്ല പ്രചോദനം നൽകി. പലപ്പോഴും ശരൺ ശർമ്മയുടെ കാഴ്ചപ്പാടും അഭിനിവേശവുമൊക്കെ കാണുമ്പോൾ എനിക്ക് ദേഷ്യവും നിരാശയും തോന്നിയിരുന്നു. പക്ഷേ ഞങ്ങൾ ഇന്ന് ഇവിടെ എത്തിയിരിക്കുന്നു. ഇപ്പോൾ എനിക്ക് അതിൽ സംതൃപ്തിയുണ്ട്. പ്രേക്ഷകർ ഞങ്ങളുടെ സിനിമ ഇഷ്ടപ്പെടുമെന്ന് കരുതുന്നു’ ജാൻവി കൂട്ടിച്ചേർത്തു.