32 വര്‍ഷം മുമ്പ് ഗുരുവായൂരപ്പന്റെ മുന്നില്‍ ഞങ്ങള്‍ വിവാഹിതരായി, ആ ഭാഗ്യം ചക്കിയ്ക്കും കിട്ടി!!

Follow Us :

ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാമിന്റെ വിവാഹ വിശേഷങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്. കാത്തിരിപ്പിനൊടുവില്‍ ചക്കിയെ താലിക്കെട്ടി സ്വന്തമാക്കിയിരിക്കുകയാണ് നവനീത്. ഇന്ന് രാവിലെ ഗുരുവായൂരിലായിരുന്നു താരപുത്രിയുടെ വിവാഹചടങ്ങുകള്‍. മകളുടെ വിവാഹശേഷം ജയറാം പറഞ്ഞ വാക്കുകളാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്.

ജീവിതത്തിലെ ഏറ്റവും സന്തോഷമാര്‍ന്ന നിമിഷങ്ങളിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് ജയറാം പറയുന്നു. ജീവിതത്തില്‍ ഏറ്റവും സന്തോഷിക്കുന്ന നിമിഷങ്ങളാണ് ഇത്, അത് വാക്കുകളിലൂടെ പ്രകടിപ്പിക്കാന്‍ സാധ്യമല്ലെന്ന് താരം പറയുന്നു. ഗുരുവായൂരപ്പന്‍ ഈ വിവാഹം വളരെ ഭംഗിയായി നടത്തിത്തന്നു അതാണ് ഏറ്റവും വലിയ സന്തോഷം.

32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുരുവായൂരപ്പന്റെ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ലഭിച്ചു, അതേ ഭാഗ്യം മകള്‍ക്കും ലഭിച്ചതില്‍ സന്തോഷമെന്നും ജയറാം പറയുന്നു. എല്ലാ മാതാപിതാക്കളുടെയും വലിയ ആഗ്രഹമല്ലേ കുട്ടികളുടെ വിവാഹം ഭംഗിയായി നടത്തുക എന്നുള്ളത്. ഞാന്‍ കൂടുതല്‍ എന്ത് പറയാനാണ്. ഒരുപാടു കാലമായി കാത്തിരുന്ന മുഹൂര്‍ത്തമാണ് ഇത്, എന്നാണ് പാര്‍വതി പറയുന്നത്. ഭയങ്കര വികാരഭരിതമായ നിമിഷങ്ങളാണ്. എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഇത്രയും ചെറിയ ആള് ഇപ്പോള്‍ കല്യാണം കഴിച്ചു പോവുകയാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് കാളിദാസും പങ്കുവച്ചു.

പാലക്കാട് സ്വദേശിയാണ് നവനീത്. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് നവനീത് ഗിരീഷ്. ജനുവരിയിലായിരുന്നു മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. കൂര്‍ഗിലെ റിസോര്‍ട്ടിലായിരുന്നു എന്‍ഗേജ്‌മെന്റ് നടന്നത്. ചിത്രങ്ങളെല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു.