ജയശ്രീ സദാശിവൻ ജീവിച്ചിരിപ്പുണ്ടോ….??

ജയശ്രീ സദാശിവൻ ജീവിച്ചിരിപ്പുണ്ടോ? ഉണ്ടെങ്കിൽ എവിടെയാണവളിന്ന്? നേരിൽ കണ്ട ദിവസത്തിനിന്ന് ഒരു വ്യാഴവട്ട കാലത്തിന്റെ ആയുസ്സ്.

പണ്ടൊരിക്കൽ അവളെഴുതിയ ‘യയാതി’ എന്ന പുസ്തകത്തിൽ ആതി നന്ദനോട് പറഞ്ഞത് ഞാനിപ്പോഴും ഓർക്കുന്നു. “ആരോടും ഒന്നും പറയാൻ നിൽക്കാതെ ആരെയും കൂടെ കൂട്ടാതെ ഒരിക്കൽ എനിക്കൊരു യാത്ര പോകണം. തിരിച്ചു വരുമെന്ന് വാക്ക് തന്നില്ലെങ്കിലും തിരികെ വരും എന്നെന്നെ മോഹിപ്പിച്ച നന്ദനെ തേടി. “

ആരായിരുന്നു ഈ നന്ദൻ ? അവളുടെ കഥകളിലും കവിതയിലുമല്ലാതെ അയാളെ ഞാൻ കണ്ടിട്ടില്ല. പലപ്പോഴും ചോദിച്ചിരുന്നു. അലസമായ ഒരു ചിരി മാത്രമയിരുന്നു മറുപടി . പന്ത്രണ്ടാം തവണയും യയാതി വായിക്കുമ്പോൾ ഒരു കാലില്ലാത്ത നന്ദന്റെ പൊട്ടക്കണ്ണൻ കണ്ണട എന്റെ മനസിനെ വല്ലാതെ പിടിച്ചു കുലുക്കുന്നു.

അയാളിൽ എന്തൊക്കെയോ നിഗൂഡതകൾ ഒളിഞ്ഞിരുന്നിരുന്നു. വാക്കുകൾക്കും വിരാമത്തിനുമിടയിൽ മറ്റാർക്കും കണ്ടെത്താൻ കഴിയാത്ത തീവ്രമായ കാഴ്ച്ചയുടെ അന്ധത. ഒരു പക്ഷേ അതായിരിക്കാം അവളുടെ കഥകളിൽ അവനെന്നും നിറഞ്ഞു നിന്നിരുന്നത്.

നാട്ടിലുള്ളപ്പോൾ ജയശ്രീ മുടങ്ങാതെ വിളിച്ചിരുന്നത്‌ സരോജിനി ടീച്ചറിനെയാണ്. അശോകൻ തേടി പിടിച്ച് അവരുടെ വീട്ടിലും ചെന്നു. പാവം. വയ്യാണ്ടായിരിക്കണു. അവിടന്ന് വിലാസം കണ്ടെത്തി കൊച്ചിക്ക്‌ ചെന്നെങ്കിലും നിരാശയായിരുന്നു ഫലം. ആരുടെ കണ്ണിലും പിടി കൊടുക്കാതെ അവൾ ആ നഗരവും വിട്ടിരിക്കുന്നു. പക്ഷേ എനിക്കുറപ്പുണ്ട് അവൾ തിരിച്ചു വരും. കാരണം കൊച്ചി അവൾക്കെന്നും പ്രിയപ്പെട്ടതായിരുന്നു.

“ഉയർച്ചകൾക്കും വീഴ്ച്ചകൾക്കും സാക്ഷിയായ എന്റെ കൊച്ചിയോട് എനിക്കെന്നും അടങ്ങാത്ത പ്രണയമാണ്. അത് കണ്ടില്ലെന്ന് നടിക്കാൻ കൊച്ചിക്കും കഴിയില്ല. കാരണം ജൂത തെരുവിന്റെ ഓരോ ചുമരിലും എന്റെ പേന പതിഞ്ഞിരുന്നു. അതിലോരോ പൊത്തിലും ഞാനെന്റെ സ്വപ്നം സൂക്ഷിച്ചിരുന്നു. “യയാതിയുടെ താളുകളിൽ ഏതോ ഒന്നവസാനിക്കുന്നത് ഈ വരികളിലാണ് .

ബീച്ച് റോഡും മട്ടാഞ്ചെരിയും ഇതിനോടകം തന്നെ അവളെ ഒരു നൂറ് വട്ടം യാത്രയാക്കിയിട്ടുണ്ടാകും. പിന്നെയും ഒരായിരം വട്ടം കാത്തിരുന്നിട്ടുണ്ടാകും. പക്ഷേ ഓരോ തവണ തിരിച്ചെത്തുമ്പോഴും പോയത് പോലെ അവൾ തനിച്ചായിരുന്നു.

നന്ദൻ….. അയാളെവിടെ???? ആകെ കൂടെയുണ്ടായിരുന്നത് അയാളുടെ ചില എഴുത്തുക്കുത്തുകൾ മാത്രം .

ചീവീടുകൾക്ക് കാവലിരുന്ന നന്ദൻ. സ്വപ്‌നങ്ങൾ കൂട്ടിനില്ലെങ്കിൽ ഉറക്കത്തെ വെറുത്തിരുന്ന നന്ദൻ. കണ്ണിന് കാഴ്ച്ചയില്ലെങ്കിലും കടലിനെ കാണാറുള്ള നന്ദൻ. മൗനം കുടിച്ചിരുന്നാലും വല്ലാതെ വാചാലനാകുന്ന നന്ദൻ. വരികൾക്കിടയിൽ വിള്ളൽ വീഴാതെ ശ്രദ്ധയോടെ അടുക്കി വെച്ച് കവിതകൾ ഏച്ചുക്കെട്ടിയ നന്ദൻ. കാലമേറെ കടന്നു പോയിട്ടും ഇന്നും മെഴുകിട്ടുഴിഞ്ഞ് ചുട്ടി കുത്തിയാടാൻ ഏറെ മോഹിച്ച നന്ദൻ. ഇതൊക്കെയായിരുന്നു അവളുടെ നന്ദൻ. ഈ നന്ദനെയാണവൾ തിരഞ്ഞു കൊണ്ടിരിക്കുന്നത് .

വർഷങ്ങൾ കഴിഞ്ഞെങ്കിലും യയാതിയുടെ ഒടുവിലത്തെ പതിപ്പിൽ ഇനിയും വാക്കുകൾ ദ്രവിച്ചിട്ടില്ല. താളുകൾ കുത്തഴിഞ്ഞിട്ടില്ല. ഒരു നാൾ, ഒരാൾക്കൂട്ടത്തിൽ നിന്നവൾ അവനെ തിരിച്ചറിയുമ്പോൾ അവന്റെ കൈയിൽ വെച്ചു കൊടുക്കാൻ മറ്റെന്തുണ്ടാകും ആ സഞ്ചാരിപ്പെണ്ണിന്റെ ഓട്ട സഞ്ചിയിൽ!!

അന്നവൻ ഉച്ചത്തിൽ തന്നെയത് വായിക്കും. കാലം മൂടിക്കെട്ടിയ കണ്ണുകളെ വെല്ലുവിളിച്ചു കൊണ്ട് ഈ ലോകത്തിനെ ഒരു കുന്നായി സങ്കൽപ്പിച്ച് അതിന്റെ നിറുകയിൽ നിന്നൊരു വിജയിയെ പോലെ അട്ടഹസിക്കും. ആ നിമിഷം ഇത്‌ വരെ കഴിഞ്ഞില്ലല്ലോ?? എങ്കിൽ അവൾ ജീവിച്ചിരുപ്പുണ്ട്… ജയശ്രീ ജീവിച്ചിരുപ്പുണ്ട്…

-Jayasree Sadasivan

Jayasree Sadasivan
Devika Rahul