സ്‌റ്റൈലിഷ് ലുക്കിലെത്തി ജയസൂര്യ, ചിത്രങ്ങളേറ്റെടുത്ത് ആരാധകലോകം

Follow Us :

മലയാളത്തിലെ ഏറെ ആരാധകരുള്ള താരമാണ് നടന്‍ ജയസൂര്യ. താരത്തിന്റെ പുതിയ ചിത്രം കത്തനാറിനായി ആരാധകലോകം വന്‍ കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കെല്ലാം വന്‍ വരവേല്‍പ് നല്‍കാറുണ്ട്. ജയസൂര്യയുടെ കരിയറിലെ തന്നെ മികച്ച ചിത്രമായിരിക്കും കത്തനാര്‍. റോജിന്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ട് ഭാഗമായിട്ടാണ് ചിത്രം എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. സ്‌റ്റൈലിഷ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ഷിമേഷ് മുത്തുവാണ് താരത്തിന്റെ സ്റ്റൈലിഷ് ചിത്രങ്ങള്‍ പകര്‍ത്തിയത്. നീണ്ട മുടി പുറകിലേക്ക് കെട്ടിവച്ചാണ് താരം എത്തിയിരിക്കുന്നത്. ജയസൂര്യയുടെ ലുക്ക് ആരാധകലോകം ഏറ്റെടുത്തു കഴിഞ്ഞു. എന്തിനോ ഉള്ള പുറപ്പാടാണല്ലോ ജയേട്ടാ, കിടു ലുക്ക് എന്നൊക്കെയാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.

മലയാളത്തിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് കത്തനാര്‍. അനുഷ്‌ക ഷെട്ടി നായികയായി എത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ആര്‍ രാമാനന്ദ് ആണ്. പ്രഭുദേവയും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. ഉറുമിയ്ക്ക് ശേഷം പ്രഭുദേവ മലയാളത്തിലെത്തുന്ന ചിത്രമാണ്. അനുഷ്‌കയുടെ മലയാള സിനിമാ അരങ്ങേറ്റവുമാണ്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയന്‍, ഇറ്റാലിയന്‍, റഷ്യന്‍, ഇന്‍ഡോനേഷ്യന്‍, ജാപ്പനീസ്, ജര്‍മന്‍ തുടങ്ങിയ ഭാഷകളില്‍ ചിത്രം തിയ്യേറ്ററിലെത്തും. ഈ വര്‍ഷം തന്നെ ചിത്രം റിലീസ് ചെയ്യും. ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.