ജോജുവിന്റെ ‘പണി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്!!

Follow Us :

വില്ലന്‍ വേഷങ്ങളില്‍ തുടങ്ങി നായകനായെത്തിയ താരമാണ് നടന്‍ ജോജു ജോര്‍ജ്. ജോസഫാണ് താരത്തിന്റെ കരിയറില്‍ ബ്രേക്ക് നല്‍കിയ ചിത്രം. ഇപ്പോഴിതാ സംവിധാനത്തിലേക്കും കൈവച്ചിരിക്കുകയാണ് ജോജു. 28 വര്‍ഷത്തെ അഭിനയ ജീവിതത്തിനൊടുവിലാണ് ജോജു സംവിധായകനായെത്തുന്നത്. പണി എന്ന ചിത്രത്തിലൂടെയാണ് ജോജുവിന്റെ സംവിധാന അരങ്ങേറ്റം. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് ടീം.

ജോജു തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്. ഒരു മാസ്സ്, ത്രില്ലര്‍, റിവഞ്ച് ചിത്രമാണ് പണി. ബിഗ് ബോസ് മലയാളം സീസണ്‍ 6ല്‍ വച്ച് മത്സരാര്‍ഥികളാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അനാവരണം ചെയ്തത്.

ജോജുവാണ് പ്രധാന കഥാപാത്രമാകുന്നത്. അഭിനയയാണ് നായികയായി എത്തുന്നത്. ഒപ്പം മുന്‍ ബിഗ്ബോസ് താരങ്ങളായ സാഗര്‍, ജുനൈസ്, എന്നിവരും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.
100 ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണത്തിനൊടുവില്‍ ചിത്രം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.

ജോജുവിന്റെ തന്നെ നിര്‍മാണ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സും എ ഡി സ്റ്റുഡിയോസും ചേര്‍ന്ന് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ എം. റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു വിജയ്, സാം സിഎസ് എന്നിവരാണ് സംഗീതം നല്‍കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.

മലയാളത്തിന് പുറമെ കോളിവുഡിലേക്കും ബോളിവുഡിലേക്കും താരം ചുവടുവയ്ക്കുന്നുണ്ട്. കാര്‍ത്തിക് സുബ്ബരാജ് – സൂര്യ കോമ്പോ, കമല്‍ഹാസന്‍ എന്നിവര്‍ക്കൊപ്പം തമിഴ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അനുരാഗ് കശ്യപ് ചിത്രത്തിലൂടെ ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ് താരം.