മറ്റുള്ളവരുടെ ഉച്ഛിഷ്ടമാണ് റിവ്യൂ ചെയ്യുന്നവര്‍ ഭക്ഷിക്കുന്നത്!! രൂക്ഷവിമര്‍ശനവുമായി ജോയ് മാത്യു

Follow Us :

അടുത്ത കാലത്തായി സോഷ്യല്‍മീഡിയയിലെ ട്രെന്‍ഡാണ് റിവ്യൂവിങ്. സിനിമയിറങ്ങുന്ന സ്‌പോട്ടില്‍ തന്നെ റിവ്യൂ കൊടുക്കും. പോസ്റ്റീവും നെഗറ്റീവുമായി മാറാറുണ്ട് റിവ്യൂകള്‍. പലപ്പോഴും വലിയ വിമര്‍ശനങ്ങളും റിവ്യൂകള്‍ നേരിടാറുണ്ട്. ഇപ്പോഴിതാ നിരൂപകര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജോയ് മാത്യു. ആദ്യ ദിവസം ചലച്ചിത്ര നിരൂപണം നടത്തുന്നവര്‍ പ്രതിഭാശൂന്യരാണെന്ന് നടന്‍ പറയുന്നു. സിനിമയില്‍ അവസരം ലഭിക്കാത്തതിന്റെ നിരാശയില്‍ നിരൂപകരായ കുറെയേറെ പൊട്ടന്മാരെ തനിക്കറിയാം. സിനിമക്ക് പിന്നിലെ കഠിനാധ്വാനം മനസിലാക്കാത്തവരാണ് ഇവരൊക്കെയെന്നും താരം പറയുന്നു.

‘സിനിമാ റിവ്യൂ എന്നത് പഠിച്ചിട്ട് ചെയ്യേണ്ട പണിയാണ്. ഒരു അദ്ധ്യാപകന്‍ ക്ലാസെടുക്കുമ്പോള്‍ അതിനെ കുറിച്ച് വിശദമായി പഠിച്ചിട്ടുണ്ടാകും. അതുപോലെ തന്നെയാണ് സിനിമയും. സിനിമയില്‍ അവസരം കിട്ടാതെ വരുമ്പോഴാണ് ചിലര്‍ സിനിമാ നിരൂപകരാകുന്നത്. അങ്ങനെ കുറെയേറെ പൊട്ടന്മാരെ ഞാന്‍ കണ്ടിട്ടുണ്ട്. ഇവരെയൊക്കെ കയ്യില്‍ കിട്ടിയാല്‍ രണ്ടെണ്ണം കൊടുക്കണമെന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. പക്ഷെ, നമുക്കത് ചെയ്യാന്‍ പറ്റില്ലെന്നും ജോയ് മാത്യു പറയുന്നു.

ആദ്യത്തെ ദിവസം തന്നെ സിനിമ നിരൂപണം നടത്തുന്നത് ഭയങ്കര ബോറാണ്. ഇവരെല്ലാം പ്രതിഭാ ശൂന്യരാണ്. സിനിമയുടെ ചരിത്രം, സിനിമ സമൂഹത്തില്‍ ഉണ്ടാക്കുന്ന ഇംപാക്ട്, വാല്യു, സിനിമയില്‍ ഓരോ ആള്‍ക്കാരും ചെയ്യുന്ന അധ്വാനം ഇതൊന്നും മനസിലാക്കാതെയാണ് ഒറ്റ രാത്രികൊണ്ട് ചിലര്‍ സിനിമയെ ഇല്ലാതാക്കുന്നത്. ഇതൊന്നും നിരൂപണം അല്ല, തോന്നിയവാസം എന്നാണ് പറയേണ്ടതെന്നും താരം പറഞ്ഞു.

സിനിമയും ഒരു കലയാണെന്ന് മനസിലാക്കി പറയുകയും എഴുതുകയും ചെയ്യുന്ന നിരവധി പേരുണ്ട്. പുസ്തക നിരൂപണം ചെയ്യുന്നവര്‍ ഒരിക്കലും പിറ്റെ ദിവസം ചെയ്യാറില്ല, പുസ്തകം വായിച്ച് ഒരു മാസം കഴിഞ്ഞശേഷം മാത്രമേ, നിരൂപണം പങ്കിടാറുള്ളു. എന്നാല്‍ സിനിമ നിരൂപണം ചെയ്യാന്‍ രണ്ട് മണിക്കൂറിന്റെ ആവശ്യം മാത്രമേയുള്ളൂ. സിനിമ റിവ്യൂവിന് വ്യൂസും കിട്ടും പണവും കിട്ടും. ചുരുക്കി പറഞ്ഞാല്‍, മറ്റൊരാളുടെ ഉച്ഛിഷ്ടമാണ് റിവ്യൂ ചെയ്യുന്നവര്‍ ഭക്ഷിക്കുന്നതെന്നും ജോയ് മാത്യു തുറന്നടിച്ചു.