Film News

‘അവളുടെ ഉടുപ്പുകൾ അലമാരയിലുണ്ട്’; മോളുടെ കാര്യത്തിൽ ദൈവം പിശുക്ക് കാട്ടി,മകളെ കുറിച്ച് ചിത്ര

മകള്‍ നന്ദനയുടെ വേര്‍പാട്‌ കെ.എസ്‌ ചിത്രക്ക്‌ എന്നും ഒരു തീരാനൊമ്പരമാണ്. ഒരുപക്ഷെ ചിത്രക്കൊപ്പം മലയാളികൾക്കും.  മകളുടെ വേർപാട് പോലെ തന്നെ വേദനയാണ് ആ കുട്ടിയുടെ പിറന്നാൾ ദിനം ചിത്ര പങ്കിടുന്ന കുറിപ്പുകൾ. മകളുടെ ഓർമ്മയിൽ ജീവിക്കുന്ന അമ്മയായി ചിത്ര മാറുന്നു എന്നാണ് കുറിപ്പുകൾ സൂചിപ്പിക്കുന്നത്.  15 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രയ്ക്ക് മകൾ നന്ദന ജനിച്ചത്. 2002 ഡിസംബറിലായിരുന്നു മകളുടെ ജനനം. ഇന്ന് നന്ദനയുടെ ജന്മദിനമാണ്. നന്ദന  ഈ ലോകത്ത് ഇല്ലെങ്കിലും അമ്മയായ ചിത്ര നന്ദനയ്ക്ക് പിറന്നാളാശംസകളുമായി എത്തി. നന്ദന ഓർമ്മയായിട്ട് പന്ത്രണ്ടുവര്ഷങ്ങൾ പിന്നിട്ടുവെങ്കിലും ഇന്നും ആ ഓർമ്മയിൽ തന്നെയാണ് ചിത്രയുടെ  അമ്മ മനസ്സ്. തന്റെ  ഹൃദയത്തിൽ  ഒരു വലിയ വിള്ളൽ ഉണ്ടാക്കിയാണ് നീ പൊയ്‌പോയത് എന്നാണ് ചിത്ര ഇപ്പോൾ കുറിച്ചത്. മകളുടെ പിറന്നാൾ ദിനം ചിത്ര പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോൾ വൈറലായി മാറുന്നത്. എന്റെ ഹൃദയത്തിൽ നീ ഒരു വലിയ വിള്ളൽ ഉണ്ടാക്കിയാണ് മോളെ പൊയ്‌പോയത് . ആ വിടവ് നികത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല. എനിക്ക് ഓരോ ദിവസവും നിന്നെ കൂടുതൽ കൂടുതൽ മിസ് ചെയ്യുകയാണ്- എന്നും ചിത്ര കുറിച്ചു. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്മണി ആയിരുന്നു നന്ദന. ജീവന് തുല്യം സ്നേഹിച്ച മകളെ അപ്രതീക്ഷിതമായി ദൈവം തിരിച്ച് വിളിച്ചപ്പോൾ അത് സത്യമാണോ ദുസ്വപ്നമാണോ എന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത തരത്തിലുള്ള ഒരു മരവിപ്പായിരുന്നു തനിക്കെന്ന് ചിത്ര ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അവൾക്ക് സമ്മാനമായി കിട്ടിയ കുഞ്ഞുടുപ്പുകൾ ഇന്നും തന്റെ അലമാരയിൽ സൂക്‌ഷിച്ചുവച്ചിട്ടുണ്ട് എന്നും താരം പറഞ്ഞിരുന്നു.

ഓര്‍മയുള്ളിടത്തോളം കാലം നന്ദന എന്നും തങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുമെന്ന്‌ ചിത്ര എപ്പോഴും പറയാറുണ്ട്. ഏറെ വര്ഷം നടത്തിയ പ്രാർത്ഥനയുടെയും ചികിത്സയുടെയും ഫലമായിട്ടാണ് മകൾ ജനിച്ചത്. പത്തു വർഷത്തോളം ട്രീറ്റ്മെൻ്റ് എടുത്താണ് നന്ദന ജനിച്ചത്. ആരോഗ്യമുള്ള, ദീർഘായുസ്സുള്ള ഒരു കുഞ്ഞിനെ തരണേ എന്നായിരുന്നു തന്റെ പ്രാര്ഥനയെന്നും  പക്ഷേ  ദൈവം തന്നോട് അക്കാര്യത്തിൽ പിശുക്കു കാട്ടിഎന്നും  ഒരിക്കൽ ചിത്ര പറഞ്ഞിരുന്നു.മകൾ ഏറെ സ്നേഹമുള്ള കുഞ്ഞായിരുന്നു എന്ന് ചിത്ര ഒരുപാട് സ്ഥലങ്ങളിൽ തുറന്നുപറഞ്ഞിട്ടുണ്ട്. തന്റെ പ്രൊഫെഷന് കുടുംബം തരുന്ന പിന്തുണയെക്കുറിച്ച് സംസാരിക്കവെ അടുത്തിടെയും മകളെ കുറിച്ച് ചിത്ര വാചാല ആയിരുന്നു.

ഭർത്താവ് മാത്രമല്ല,  മകളും വളരെ അഡ്ജസ്റ്റബിൾ ആയിരുന്നു. അതുകൊണ്ട് തന്നെ മകൾ ജനിച്ച ശേഷവും തനിക്ക് പാട്ടു പാടാൻ സാധിച്ചു. ഒരമ്മയെന്ന നിലയിൽ  മകൾക്ക് എല്ലാം മനസ്സിലാകണം എന്ന രീതിയിലാണ്  കാര്യങ്ങൾ ഒരുക്കിയത് എന്നാണ് ചിത്ര പറഞ്ഞത്. 1987 ലായിരുന്നു ചിത്രയുടെ വിവാഹം.എൻജിനിയറായ വിജയശങ്കറാണ് ചിത്രയുടെ ഭർത്താവ്. 15 വർഷങ്ങൾക്ക് ശേഷമാണ് ഇരുവർക്കും കുഞ്ഞ് ജനിച്ചത്. അറുപത് വർഷത്തെ ജീവിതത്തിനിടയിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ അനു​ഗ്രഹമായി ചിത്ര കണ്ടിരുന്നത് മകൾ നന്ദനയെയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രം പുറത്തിറങ്ങിയതിന് ശേഷമാണ് ചിത്രയ്ക്ക് മകൾ പിറന്നത്. അതുകൊണ്ട് തന്നെ കൃഷ്ണഭക്തയായ ചിത്ര കുഞ്ഞിന് നന്ദനയെന്ന് പേരും നൽകി. എന്നാൽ ആ സന്തോഷം അധികകാലം ചിത്രയ്ക്കൊപ്പമുണ്ടായിരുന്നില്ല. നന്ദനയെ ചിത്രയ്ക്ക് നഷ്ടപ്പെട്ടത് ഒരു വിഷു ദിനത്തിലായിരുന്നു.2011 ഏപ്രിൽ 14-ന് ദുബായിലെ എമിരേറ്റ്‌സ് ഹില്ലിലുള്ള നീന്തൽക്കുളത്തിൽ വീണുമരിക്കുകയായിരുന്നു നന്ദന. എട്ട് വയസായിരുന്നു അന്ന് നന്ദനയ്ക്ക് പ്രായം. അകാലത്തിൽ തന്നെ വിട്ടുപിരിഞ്ഞ മകൾ നന്ദനയുടെ ഓർമ്മകളിലാണ് കെ.എസ് ചിത്ര ഇപ്പോഴും ജീവിക്കുന്നത്. നന്ദനയുടെ  വേർപാടിന് ശേഷം എല്ലാത്തിൽ നിന്നും വിട്ട് വീട്ടിൽ ഒതുങ്ങിയ ​ചിത്രയെ  ബന്ധുക്കളും സുഹൃത്തുക്കളും ചേർന്നാണ്  ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത്.

Sreekumar R