‘ഫ്രീ ആണെങ്കില്‍ ഒന്ന് ചെയ്യടാ മോനെ…’ ദിലീപേട്ടന്‍ വിളിച്ച് പറയും! അങ്ങനെ ആണ് എല്ലാം ചെയ്തത്- കലാഭവന്‍ ഷാജോണ്‍

മിമിക്രി വേദിയില്‍ നിന്നെത്തി പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ നടനാണ്
കലാഭവന്‍ ഷാജോണ്‍. സിനിമയില്‍ വില്ലന്‍ വേഷങ്ങളാണ് താരം ഏറെ ചെയ്തിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം വിശേഷങ്ങള്‍ എല്ലാം പങ്കുവയ്ക്കാറുണ്ട്. തന്റെ കരിയറിന്റെ തുടക്കത്തില്‍ നടന്‍ ദിലീപാണ് തനിക്ക് എല്ലാവിധ പിന്തുണയും നല്‍കിയത്. സിനിമയില്‍ വേഷങ്ങള്‍ വാങ്ങി തന്നതും ദിലീപ് ആണെന്ന് ഷാജോണ്‍ പറയുന്നു.

ദിലീപിനൊപ്പമുള്ള ആദ്യ ചിത്രം പറക്കും തളിക ആയിരുന്നു. പടം സൂപ്പര്‍ ഹിറ്റായി. ഒരേ ഫീല്‍ഡില്‍ നിന്നും വന്നതുകൊണ്ട് തന്നെ ദിലീപേട്ടന്‍ നന്നായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പറക്കും തളിക കഴിഞ്ഞ് എല്ലാ സിനിമയിലും ദിലീപേട്ടന്‍ വിളിക്കുമായിരുന്നു.

ഒരു സീനൊള്ളൂ എങ്കിലും എനിക്ക് തരണമെന്ന് സംവിധായകരോട് പറയും. പലരും പറഞ്ഞു കേട്ടിട്ടുണ്ട് ദിലീപേട്ടന്‍ ഭാഗ്യം നോക്കുന്ന ഒരാളാണെന്ന്. അതുകൊണ്ട് എന്റെ ഭാഗ്യത്തിനും ശരിയായി. അത് ദിലീപേട്ടന്റെ കുഴപ്പമാണെന്ന് ഒരിക്കലും പറയില്ല. ആ ഭാഗ്യം എന്നുമുണ്ടായിരിക്കട്ടെയെന്നും ഷാജോണ്‍ പറയുന്നു.

‘ദിലീപേട്ടന്റെ സൂപ്പര്‍ സിനിമകളുടെ ട്രാക്ക് ഡബ്ബ് ചെയ്തിരുന്നത് ഞാനാണ്. അവസാനമിറങ്ങിയ കേശു ഈ വീടിന്റെ നാഥനിലും ഡബ്ബ് ചെയ്തിട്ടുണ്ട്. ദിലീപേട്ടന്‍ വിളിച്ച് പറയും ‘ഫ്രീ ആണെങ്കില്‍ ഒന്ന് ചെയ്യടാ മോനെ…’. അങ്ങനെ ആണ് പോയി ചെയ്തിരുന്നത്. അങ്ങനെ ഡബ്ബ് ചെയ്യുന്നത് എനിക്ക് വളരെ ഇഷ്ടമാണെന്നും ഷാജോണ്‍ പറയുന്നു.

മൈ ബോസ് ആണ് ജീവിതത്തില്‍ വഴിത്തിരിവായത്. സിനിമ കണ്ട് ഒരുപാട് പേര്‍ നന്നായിട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞു. അതിന്റെ ഫുള്‍ ക്രെഡിറ്റ് ജിത്തു ജോസഫിനും ദിലീപിനുമാണ്. കാരണം, മറ്റേതെങ്കിലും നടന്‍ ചെയ്യുന്നതിനേക്കാള്‍ അദ്ദേഹം
എനിക്ക് വേണ്ടി പേഴ്സണലി ചെയ്തിട്ടുണ്ടായിരുന്നു. ഇന്റര്‍വെല്‍ വരെ ദിലീപേട്ടന് അതിലൊന്നും കാര്യമായി ഇല്ല. ഹ്യൂമര്‍ കൊണ്ടുവരുന്നത് എന്റെ കഥാപാത്രമായിരുന്നു.

‘ഞാന്‍ അഭിനയിക്കുമ്പോള്‍ ദിലീപേട്ടന്‍ വന്ന് നിന്ന് ഇങ്ങനെ ചെയ്താല്‍ നന്നായിരിക്കും എന്നൊക്കെ സജഷന്‍ പറഞ്ഞു തരും. നമ്മള്‍ ചിന്തിക്കുന്നതിന് അപ്പുറം ഹ്യൂമര്‍ പറയുന്ന ആളാണ്. കോമ്പിനേഷന്‍ സീനിലും അങ്ങനെ ആയിരുന്നു.സൂപ്പര്‍ ഹിറ്റ് സീനുകള്‍ ആയതെല്ലാം ഒന്നുമില്ലാത്തിടത്ത് നിന്ന് സിറ്റുവേഷന്‍ ഉണ്ടാക്കി അവതരിപ്പിച്ചതാണെന്നും ഷാജോണ്‍ പറഞ്ഞു.

‘രാമലീലയിലെ കഥാപാത്രവും ദിലീപേട്ടന്‍ പറഞ്ഞ് കിട്ടിയതാണ്. 40 ദിവസത്തെ ഡേറ്റ് വേണം നീ വന്ന് ചെയ്യണം എന്ന് പറഞ്ഞു. സ്‌ക്രിപ്റ്റിലില്ലാത്ത ഒരുപാട് കാര്യങ്ങള്‍ ദിലീപേട്ടന്‍ തന്നെ പറഞ്ഞ് തരും-ഷാജോണ്‍ ഓര്‍ത്തു.

താന്‍ ആരോടും റോള്‍ ചോദിച്ചു പോയിട്ടില്ല. മമ്മൂക്ക ആയാലും ലാലേട്ടന്‍ ആയാലും ദിലീപേട്ടന്‍ ആയാലും അവരോട് ആരോടും താന്‍ നിങ്ങളുടെ സിനിമയില്‍ അവസരം തരാമോ എന്ന് ചോദിച്ചിട്ടില്ല. എല്ലാവരും എന്നെ വിളിച്ച് തരുകയായിരുന്നു. ലൂസിഫറില്‍ പൃഥ്വിരാജ് വിളിച്ച് ഷാജു ചേട്ടന്‍ വന്നേ പറ്റൂ എന്ന് പറയുകയായിരുന്നു എന്നും ഷാജോണ്‍ പറയുന്നു.

Anu