Film News

ഞാന്‍ ഹിന്ദുമത വിശ്വാസിയാണ്…ഒരിക്കലും ബീഫ് കഴിച്ചിട്ടില്ല!! വിവാദത്തില്‍ മറുപടിയുമായി കാമിയ ജാനി

ഏറെ ആരാധകരുള്ള സോഷ്യല്‍ മീഡിയ താരമാണ് കാമിയ ജനി. താരം ഒഡീഷയിലെ പൂരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയത് ഏറെ വിവാദമായിരുന്നു. താരത്തിനെതിരെ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ വിവാദത്തില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് കാമിയ. താന്‍ ഹിന്ദുവാണ്. ഒരിക്കലും ബീഫ് കഴിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും കാമിയ ജാനി പറയുന്നു.

‘ഭഗവാന്‍ ജഗന്നാഥന്റെ അനുഗ്രഹം തേടാനും ക്ഷേത്രത്തെ കുറിച്ചുള്ള വീഡിയോ ചിത്രീകരണത്തിനുമാണ് ഞാന്‍ പോയത്. ഞാന്‍ ഒരു ഹിന്ദുമത വിശ്വാസിയാണ്. ഞാന്‍ ഒരിക്കലും ബീഫ് കഴിച്ചിട്ടില്ല, അത് പ്രോത്സാഹിപ്പിച്ചിട്ടുമില്ല.’ – കാമിയ പറയുന്നു.

പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വീഡിയോ കാമിയ പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്. പ്രതിഷേധവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ബീഫ് വിളമ്പുന്ന ഒരു റെസ്റ്റോറന്റില്‍ ഇരിക്കുന്ന കാമിയയുടെ വീഡിയോയാണ് ബിജെപി പ്രചരിപ്പിച്ചത്.

അത് കേരളത്തിലെ ഒരു ഹോട്ടല്‍ ആയിരുന്നു. അവിടെ വച്ച് താന്‍ ബീഫ് കഴിച്ചിട്ടില്ലെന്നും കടലക്കറിയാണ് കഴിച്ചതെന്നും കാമിയ പറഞ്ഞു. പ്രാദേശിക പാചക രീതികളെക്കുറിച്ച് താന്‍ നിരവധി വീഡിയോകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അതിനര്‍ത്ഥം അതെല്ലാം താന്‍ കഴിക്കുമെന്ന് അല്ലെന്നും താരം പറയുന്നു.

ബിജെഡി നേതാവ് വികെ പാണ്ഡ്യന് ഒപ്പമാണ് കാമിയ ജാനി പൂരി ജഗന്നാഥ ക്ഷേത്രത്തിലെത്തിയത്. വീഡിയോ വൈറലായതോടെയാണ് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, ധര്‍മേന്ദ്ര പ്രഥാന്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി എത്തിയിരുന്നു.

Anu