കരീന കപൂറിനെതിരെ ഹൈക്കോടതി നോട്ടീസ്!!

Follow Us :

ബോളിവുഡിലെ ഏറെ ആരാധകരുള്ള നടിയാണ് കരീന കപൂര്‍. കുടുംബ ജീവിതവും സിനിമയും ഒരുപോലെ കൊണ്ടുപോകുന്ന താരമാണ് കരീന. ഇപ്പോഴിതാ താരത്തിനെതിരെ ഹൈക്കോടതി നിയമനടപടിയെടുത്തിരിക്കുകയാണ്. ഗര്‍ഭകാല അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള ബുക്കിന്റെ പേര് കാരണമാണ് നടിയ്‌ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.

2021 ജൂലൈയില്‍ പ്രസിദ്ധീകരിച്ച ‘കരീന കപൂര്‍ ഖാന്‍സ് പ്രെഗ്‌നന്‍സി ബൈബിള്‍: ദി അള്‍ട്ടിമേറ്റ് മാനുവല്‍ ഫോര്‍ മാംസ് ടു ബി’ എന്ന പുസ്തകമാണ് വിവാദമായിരിക്കുന്നത്. പുസ്തകത്തിന്റെ പേരിനൊപ്പം ബൈബിള്‍ എന്ന വാക്ക് ഉപയോഗിച്ചതാണ് നിയമ പ്രശ്‌നത്തിന് കാരണമായത്. ബൈബിള്‍ എന്ന വാക്ക് പുസ്തകത്തിന്റെ തലക്കെട്ടില്‍ ഉപയോഗിച്ചതിന്റെ കാരണം തേടിയിരിക്കുകയാണ് കോടതി.

ജബല്‍പൂരിലെ അഭിഭാഷകനായ ക്രിസ്റ്റഫര്‍ ആന്റണിയാണ് കരീന കപൂറിനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഗര്‍ഭധാരണത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ തലക്കെട്ടില്‍ ‘ബൈബിള്‍’ എന്ന വാക്ക് ഉപയോഗിച്ചത് ക്രിസ്ത്യന്‍ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്നാണ് അഭിഭാഷകന്‍ ആരോപിക്കുന്നത്. ബൈബിള്‍ എന്ന വാക്ക് ഉപയോഗിച്ചതിനെതിരെ മദ്ധ്യപ്രദേശ് ഹൈക്കോടതിയാണ് നടിയ്ക്ക് നോട്ടീസ് അയച്ചത്.

സ്വന്തം ഗര്‍ഭകാലത്തെ കുറിച്ചാണ് കരീന പുസ്‌കത്തില്‍ പറയുന്നത്. അമ്മയാകാനുള്ള 40 ആഴ്ചകള്‍, ഭക്ഷണക്രമം, ഫിറ്റ്‌നസ്, സ്വയം പരിചരണം, ആശുപത്രിയിലേക്ക് എന്തൊക്കെ പാക്ക് ചെയ്യണം തുടങ്ങിയ കാര്യങ്ങളാണ് ബുക്കില്‍ പറയുന്നത്. നടിക്കെതിരെ ആദ്യം പരാതി പൊലീസില്‍ നല്‍കിയിരുന്നു. പൊലീസ് കേസെടുക്കാത്തതോടെയാണ് അദ്ദേഹം കോടതിയിലെത്തിയത്.