15 അന്തര്‍ദേശീയ ചലച്ചിത്ര മേളകളും പുരസ്‌കാരങ്ങളും!! ‘കര്‍ത്താവ് ക്രിയ കര്‍മം’ ഇനി തിയ്യേറ്ററിലേക്ക്

Follow Us :

അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ തിളങ്ങി നിരവധി പുരസ്‌കാരങ്ങളും നേടിയ മലയാള ചിത്രം ‘കര്‍ത്താവ് ക്രിയ കര്‍മ്മം’ തിയ്യേറ്ററിലേക്ക്. അഭിലാഷ് എസ് സംവിധാനം ചെയ്ത എന്ന ചിത്രമാണ് കര്‍ത്താവ് ക്രിയ കര്‍മ്മം. അഞ്ച് കഥാകൃത്തുക്കള്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം നേടിയ മോബിന്‍ മോഹന്‍, ശ്യാം കോതേരി, സത്താര്‍ സലിം, ക്രിസ്റ്റിന്‍ കുര്യാക്കോസ്, അഭിലാഷ് എസ് എന്നിവരുടെ കഥകള്‍ കേര്‍ത്തിണക്കിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

ചിത്രം 15 അന്തര്‍ദേശീയ ചലച്ചിത്ര മേളകളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിനിമയ്ക്ക് ഏഴോളം അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. സ്വീഡിഷ് അക്കാദമി മോഷന്‍ പിക്‌ചേഴ്‌സിന്റെയും ഇന്‍ഡോ ഫ്രെഞ്ച് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവെല്ലിലടക്കം 7 അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ മികച്ച ചിത്രമായി ‘കര്‍ത്താവ് ക്രിയ കര്‍മം’ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഒരാളുടെ നിഗൂഡതകള്‍ നിറഞ്ഞ ജീവിതത്തില്‍ വ്യത്യസ്ത കാലയളവില്‍ വിവിധ സാഹചര്യങ്ങളില്‍ കണ്ടുമുട്ടുന്നവരുമായുള്ള അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന്റെ കഥ. ത്രില്ലര്‍ സിനിമയാണ് കര്‍ത്താവ് ക്രിയ കര്‍മം. സതീഷ് ഭാസ്ക്കർ, ഹരിലാൽ, സൂര്യലാൽ, അഖിൽ, പ്രണവ്, ഷെമീർ അരുൺ ജ്യോതി മത്യാസ്, ഡോക്‌ടർ റെജി ദിവാകർ, ഡോക്‌ടർ വിഷ്‌ണു കർത്ത, അരവിന്ദ്, ബിജു ക്ലിക്ക് ഹരികുമാർ, ബിച്ചു അനീഷ്, ഷേർലി സജി, നൈനു ഷൈജു, ബേബി മേഘ്ന വിൽസൺ, മാസ്റ്റർ നെഹൽ വിൽസൺ, മാസ്റ്റർ നിഥിൻ മനോജ്, മാസ്റ്റർ ആഷിക് എസ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. വില്ലേജ് ടാക്കീസിന്റെ ബാനറില്‍ ശങ്കര്‍ എംകെയാണ് ചിത്രം നിര്‍മ്മിച്ചത്. അഭിരാം ആര്‍ നാരായണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്.