10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

Follow Us :

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം കുടുംബത്തെ നോക്കാതെ വ്യാജ മദ്യം കുടിച്ചു മരിച്ചവര്‍ക്ക് എന്തിനാണ് ധന സഹായം നല്‍കുന്നതെന്ന് താരം ചോദിക്കുന്നു. സോഷ്യല്‍മീഡിയ പോസ്റ്റിലൂടെയാണ് കസ്തൂരിയുടെ വിമര്‍ശനം.

പത്തുലക്ഷം ആര്‍ക്കാണ് നല്‍കിയത്, രാജ്യത്തിന്റെ യശസുയര്‍ത്തിയ കായിക താരത്തിനല്ല രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികനോ കര്‍ഷകനോ അല്ല. കുടുംബത്തെ മറന്ന് കള്ളച്ചാരായം കുടിച്ച് മരിച്ചവര്‍ക്കാണിത് നല്‍കുന്നത്.ഈ മോശം ദ്രാവിഡ മോഡലില്‍ പത്തുലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വനിയാകേണ്ട കാര്യമില്ല, നല്ലൊരു കുടിയനായാല്‍ മതി-നടി കസ്തൂരി എക്‌സില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം നടന്ന ദാരുണ സംഭവത്തില്‍ 55 പേരാണ് മരിച്ചത്. 120 ഓളം പേര്‍ ചികിത്സയിലാണ്. മദ്യദുരന്തത്തില്‍ പ്രധാന പ്രതിയെ പോലീസ് പിടികൂടിയിട്ടുണ്ട്. ചിന്നദുരൈ എന്നയാളെയാണ് അറസ്റ്റിലായത്. മദ്യദുരന്തമുണ്ടായ കരുണപുരത്ത് ഇയാളാണ് വിഷ മദ്യം വിതരണം ചെയ്തതെന്നാണ് പോലീസ് കണ്ടെത്തല്‍.