വിവാഹവാഗ്ദാനം നല്‍കി പണം വാങ്ങി, കേരള മാട്രിമോണിക്ക് 25000 പിഴയിട്ട് ഉപഭോക്തൃ കോടതി

കേരള മാട്രിമോണിക്ക് പിഴയിട്ട് ഉപഭോക്തൃ കോടതി. രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ വിവാഹം ഉറപ്പായും നടക്കും എന്ന വാഗ്ദാനം നൽകി തങ്ങളുടെ മാട്രിമോണിയൽ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യിച്ച സംഭവത്തിൽ ആണ് കോടതി കേരളം മാട്രിമോണിക്ക് പിഴ ഇട്ടത്. പണം വാങ്ങി രജിസ്‌ട്രേഷന്‍ ചെയ്തിട്ടും വിവാഹം നടക്കാത്ത സാഹചര്യത്തിലാണ് യുവാവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തവിട്ടത്.ചേർത്തല സ്വദേശിയാണ് പണം വാങ്ങിയിട്ടും വിവാഹം നടത്തുമെന്ന വാഗ്ദാനം പാലിക്കാത്ത കേരള മാട്രിമോണിക്ക് എതിരെ പരാതി നൽകിയത്. 2018 ൽ ആണ് യുവാവ് മാട്രിമോണിയിൽ ഫ്രീ രെജിസ്ട്രേഷൻ നടത്തുന്നത്. ഇതിനു ശേഷം യുവാവിനെ ഇവർ നിരന്തരം വിളിക്കുകയും പണമടച്ചാൽ മാത്രമേ വധുവിന്റെ വിവരങ്ങൾ അറിയിക്കൂ എന്നും പറഞ്ഞു.

4500 രൂപ അടച്ചാല്‍ വിവാഹം നടത്തുന്നതിന് എല്ലാ സഹായവും ചെയ്യുമെന്നും അതിനു വേണ്ടി പണം അടച്ച് രജിസ്റ്റർ ചെയ്യണമെന്നും അറിയിച്ചു. ഇത് പ്രകാരം യുവാവ് പണം അടച്ച്‌ രജിസ്‌ട്രേഷന്‍ എടുത്തു. എന്നാൽ പണം നൽകിയതിന് ശേഷം ഇവരുടെ ഭാഗത്ത് നിന്നും യാതൊരു വിധ പ്രതികരണവും ഉണ്ടായിട്ടില്ല. യുവാവ് അങ്ങോട്ട് ബന്ധപ്പെടാൻ നോക്കിയാലും ഇവർ ഫോൺ എടുക്കാതെ ആയതോടെ  യുവാവ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. യുവാവ് പണം അടച്ചത് സമ്മതിച്ച കേരള മാട്രിമോണി വിവാഹം ഉറപ്പു നല്‍കിയിരുന്നില്ലെന്ന് കോടതിയില്‍ അഭിപ്രായപ്പെട്ടു. രണ്ടായിരത്തിലെ ഐടി ആക്‌ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഇടനിലക്കാര്‍ മാത്രമാണ് തങ്ങള്‍ എന്നും കേരള മാട്രിമോണി വാദിച്ചു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.

വിവാഹം നടത്തുമെന്ന വാഗ്ദാനം നൽകി ആളുകളെ ആകർഷിച്ച് അവരുടെ പക്കൽ നിന്നും പണം വാങ്ങിയതിന് ശേഷം ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നത് ശരിയല്ല എന്ന് കോടതി മാട്രിമോണിയോട് അഭിപ്രായപ്പെട്ടു.. 25000 രൂപ നഷ്ടപരിഹാരം നല്‍കുന്നതിനൊപ്പം കോടതി ചിലവായി 3000 രൂപയും രജിസ്‌ട്രേഷന്‍ ഇനത്തില്‍ വാങ്ങിയ 4100 രൂപയും യുവാവിന് തിരികെ നല്‍കാനും കോടതി ഉത്തരവിട്ടു. ഇതോടെ കേസിൽ മാട്രിമോണി പരാജയപ്പെടുകയും ചെയ്തു.