കുവൈറ്റ് തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ നാല് വർഷത്തെ ശമ്പളം നൽകും, കമ്പനി ഉടമ

Follow Us :

കുവൈറ്റ് തീപിടുത്തം തീർത്തും ദൗർഭാഗ്യകരമാണെന്നും ഒരിക്കലും നടക്കാൻ പാടില്ലാത്തത് ആയിരുന്നു എന്നും കമ്പനി ഉടമ കെ ജി എബ്രഹാം. തങ്ങളുടെ ഭാഗത്തെ തെറ്റ് കൊണ്ടല്ല അപകടം സംഭവിച്ചത് എങ്കിലും ഒരിക്കലും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറില്ല എന്നും മരണപ്പെട്ടവരുടെ കുടുംബത്തെ ചേർത്ത് നിർത്തുമെന്നും എബ്രഹാം പറഞ്ഞു. കൊച്ചിയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കവെ ആണ് അദ്ദേഹം വൈകാരികമായി പ്രതികരിച്ചത്. ഒരിക്കലും നടക്കരുതാത്ത ഒരു ദുരന്തമായിരുന്നു ഇതെന്നും തങ്ങളും ആ ഷോക്കിൽ നിന്ന് ഇത് വരെ മുക്തി നേടിയിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു.

ഇതോടൊപ്പം അപകട ശേഷം കാര്യക്ഷമമായി ഇടപെട്ട കുവൈറ്റ്, ഇന്ത്യ സര്‍ക്കാരുകള്‍ക്കും ഇന്ത്യന്‍ എംബസിക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. അപകടം നടന്ന ദിവസം മുതൽ അപകടത്തിൽ പെട്ടവരുടെ കുടുംബവുമായി കമ്പനി നിരന്തരം ബന്ധപ്പെടുന്നുണ്ട്. എട്ട് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നൽകാൻ ആണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. മരിച്ചവരുടെ നാല് വര്‍ഷത്തെ ശമ്ബളം ഇന്‍ഷ്വറന്‍സായി ലഭ്യമാക്കുമെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ജീവനക്കാർ ആരും മുറിക്കുള്ളിൽ ഭക്ഷണം പാകം ചെയ്തു കഴിക്കുന്നില്ല. അതിനു വേണ്ടി അവർക്ക് പ്രത്യേകം മെസ് സൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്.

സെക്യൂരിറ്റി കാബിനിൽ ഉണ്ടായ ഷോര്‍ട് സര്‍ക്യൂട്ട് ആണ് അപകടത്തിന്റെ കാരണം. അപകടം നടന്ന സമയം 80 പേരില്‍ കൂടുതല്‍ കെട്ടിടത്തിൽ ഉണ്ടായിരുന്നില്ല. നിയമം ലങ്കിച്ച് കെട്ടിടത്തില്‍ അനുവദിച്ചതിൽ കൂടുതല്‍ ആളുകളെ പാര്‍പ്പിച്ചിരുന്നില്ല. ഇത് വരെ അന്വേഷണത്തിന്റെ ഭാഗമായി തന്നെ പോലീസ് വിളിപ്പിച്ചിട്ടില്ല. ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യ നിളയും തൃപ്തികരമാണെന്നും ഇദ്ദേഹം പത്രസമ്മേളനത്തിൽ കൂടി പറഞ്ഞു.