Kerala News

കൊച്ചുവേളിയും നേമവും ഇനിയില്ല!! ഇനിമുതല്‍ തിരുവനന്തപുരം സൗത്തും തിരുവനന്തപുരം നോര്‍ത്തും

തലസ്ഥാനത്തെ രണ്ട് റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റാന്‍ അനുമതിയായി. തിരുവനന്തപുരം നേമം റെയില്‍വേ സ്റ്റേഷനെ തിരുവനന്തപുരം സൗത്ത് ആക്കാനും കൊച്ചുവേളിയെ തിരുവനന്തപുരം നോര്‍ത്താക്കി പേരുമാറ്റാനും സര്‍ക്കാര്‍ അനുമതി നല്‍കി.

റെയില്‍വേ ബോര്‍ഡ് അടക്കം പേരുമാറ്റാന്‍ അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പേരുമാറ്റത്തിന് അനുമതി നല്‍കിയത്. പേരുമാറ്റാനുള്ള തുടര്‍ നടപടികള്‍ക്കായി ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ പേരുമാറ്റം യാഥാര്‍ഥ്യമായി.

തിരുവനന്തപുരം കേന്ദ്രീകരിച്ച് റെയില്‍വേ വികസനം നടപ്പാക്കുന്നതിന്റെ ഭാഗമായി നേമം, കൊച്ചുവേളി സ്റ്റേഷനുകളെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന്റെ ഉപഗ്രഹ ടെര്‍മിനലുകളായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പേരു മാറ്റം.

തിരുവനന്തപുരത്തേക്ക് ടിക്കറ്റ് എടുക്കുന്ന ഉത്തരേന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് തിരുവനന്തപുരത്തേക്ക് നേരിട്ടുള്ള ട്രെയിന്‍ കിട്ടിയില്ലെങ്കില്‍ യാത്ര ഉപേക്ഷിക്കുന്നവരായിരുന്നു.

കൊച്ചുവേളി എന്നൊരു സ്റ്റേഷനുണ്ടെന്നും അതു തിരുവനന്തപുരത്തിന് തൊട്ടടുത്താണെന്നും അറിയാത്തതായിരുന്നു കാരണം. തിരുവനന്തപുരം എന്ന പേര് ബ്രാന്‍ഡ് ചെയ്ത് സ്റ്റേഷനുകള്‍ നവീകരിക്കുന്നതോടെ ടിക്കറ്റിങ് പ്ലാറ്റ്‌ഫോമുകളില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും യാത്രക്കാരെയും ലഭിക്കുമെന്നാണ് പ്രതീക്ഷ.

Anu B