അന്ന് പ്രായമായ അച്ഛനെ എത്രമാത്രം വേദനിപ്പിച്ചെന്ന് ഇപ്പോള്‍ മനസ്സിലാവുന്നു!! കൃഷ്ണകുമാര്‍

Follow Us :

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടന്‍ കൃഷ്ണകുമാര്‍. താരം മാത്രമല്ല കുടുംബവും ആരാധകരേറെയുള്ള താരങ്ങളാണ്. സോഷ്യല്‍ ലോകത്ത് സജീവമായ കുടുംബവും ആരാധകര്‍ക്ക് പരിചിതമാണ്. ഇപ്പോഴിതാ നടന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകളാണ് നടന്‍ പങ്കുവയ്ക്കുന്നത്.

കഴിഞ്ഞ ദിവസം യാത്രയ്ക്കിടയില്‍, ഫോണിലെ ഫോട്ടോ ഗാലറിയിലൂടെ ഒരു രസത്തിനു ഫോട്ടോകള്‍ നോക്കി പോയപ്പോള്‍ അച്ഛന്റെ പാസ്‌പോര്‍ട്ടിന്റെ ഒരു ഫോട്ടോ കണ്ടു. അതില്‍ അച്ഛന്റെ ജനന തീയതി നോക്കിയപ്പോള്‍ ജൂണ്‍ 19, 1923.

അതായത് 100 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അച്ഛന്‍ ജനിച്ചത്. ഇന്നു ജീവിച്ചിരുന്നെങ്കില്‍ ഇന്നലെ അച്ഛന് 100 വയസ്സ്. കുറേ ഓര്‍മ്മകള്‍ മനസ്സിലൂടെ കടന്നു പോയി. ചെറുപ്രായത്തില്‍ അച്ഛന്‍ ഹീറോ ആയിരുന്നു. എല്ലാത്തിനും അച്ഛന്‍ വേണം. എന്നാല്‍ കാലം കടന്നുപോയപ്പോള്‍ ചില സാഹചര്യങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ കടുത്ത സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചു. പലപ്പോഴും ഇരുഭാഗത്തുനിന്നും അതിരുകടന്നു പോയതു ഇപ്പോള്‍ ദുഖത്തോടെ ഓര്‍ക്കുന്നു.

എന്റെ അച്ഛന്‍ എന്നെ ഇഷ്ടപ്പെട്ടപോലെ എനിക്കു എന്റെ മക്കളെയും ഇഷ്ടമാണ്. ഇന്നു അവരൊക്കെ വളര്‍ന്നു വലുതായി അവരുടേതായ ജീവിതം ആരംഭിച്ചു. ഇടക്കൊക്കെ മക്കളുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുമ്പോള്‍ അവര്‍ അവരുടെ വിയോജിപ്പ് ശക്തമായി പ്രകടിപ്പിക്കും. അപ്പോള്‍ എന്റെ മനസ്സ് പെട്ടെന്ന് എന്നെ ഓര്‍മ്മപ്പെടുത്തും.


നിന്റെ മക്കള്‍ ചെറിയ കാര്യങ്ങള്‍ പറയുമ്പോള്‍ നിനക്ക് കടുത്ത മാനസിക വേദന തോന്നുന്നുണ്ടെങ്കില്‍ അപ്പോള്‍ ഇതിന്റെ എത്രയോ ഇരട്ടി ശക്തിയില്‍ നീ നിന്റെ അച്ഛനോട് പ്രതികരിച്ചപ്പോള്‍ അതും വളരെ പ്രായം ചെന്ന അച്ഛന് അന്ന് എത്രമാത്രം വേദന ഉണ്ടാക്കി കാണും.

ഇതൊക്കെ അച്ഛനുണ്ടായിരുന്നെങ്കില്‍ പറയണമെന്നാഗ്രഹമുണ്ട്. പക്ഷെ ഇന്നു ആഗ്രഹിക്കാന്‍ മാത്രമേ കഴിയൂ എന്നതാണ് സത്യം. അതൊരു വേദനയാണെന്ന് കൃഷ്ണകുമാര്‍ പറയുന്നു.

സഹോദരങ്ങളേ, മാതാപിതാക്കളുമായി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍, അത് തീര്‍ക്കാന്‍ പറ്റുന്നതാണെങ്കില്‍ നമ്മുടെ ഈഗോ, അഹംഭാവം, ദുരഭിമാനം എന്ത് വേണോ വിളിച്ചോളൂ, അതൊക്കെ മാറ്റിവെച്ചു, എന്തിനു ചിലപ്പോള്‍ ശരി നമ്മുടെ ഭാഗത്തായിരിക്കാം.

എന്നാലും എല്ലാം പറഞ്ഞു തീര്‍ത്ത്, ക്ഷമിച്ച്, സ്‌നേഹത്തില്‍ പോകാന്‍ ശ്രമിക്കുക. ജീവിതത്തില്‍ സമാധാനമുണ്ടാകും. ഇല്ലെങ്കില്‍ ചില ഓര്‍മ്മകള്‍ നമ്മളെ ജീവിതാവസാനം വരെ വേട്ടയാടും, വേദനിപ്പിക്കും. ഇതെഴുതിക്കൊണ്ടിരുന്നപ്പോള്‍ ഒരു തോന്നല്‍. അച്ഛന്‍ ഇത് വേറൊരു ലോകത്തിരുന്നു വായിക്കുന്നുണ്ടാവും. ചിലപ്പോള്‍ ക്ഷമിച്ചും കാണും എന്നാണ് താരം കുറിച്ചത്.