Serial News

കുടുംബവിളക്ക് അവസാനിക്കുന്നു ; നിരാശ പ്രകടിപ്പിച്ച് ആരാധകർ

ഒന്നാം സ്ഥാനം അതല്ലെങ്കില്‍ രണ്ടിലേക്ക് റേറ്റിങ്ങില്‍  ഇങ്ങനെ നിന്നിരുന്ന സീരിയലാണ് കുടുംബവിളക്ക്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയലിന് വലിയ ജനപ്രീതിയാണ് ലഭിച്ചത്. ഇടയ്ക്ക് അന്തരിച്ച  ഇന്നസെന്റ്, അജു വര്‍ഗീസ്, തുടങ്ങിയ സിനിമാ താരങ്ങളും സീരിയലില്‍ അതിഥികളായി പ്രത്യക്ഷപ്പെട്ടിരുന്നു. അങ്ങനെ വിജയകരമായി സംപ്രേക്ഷണം നടത്തി വന്നിരുന്ന സീരിയല്‍ അവസാനിക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്ലൈമാക്‌സ് എന്തായിരിക്കുമെന്ന സൂചനകളും പ്രൊമോ വീഡിയോയിലൂടെ പുറത്ത് വന്നു. കുടുംബവിളക്കിലെ അച്ഛാച്ചന്റെ മരണത്തോട് കൂടിയാണ് ഇത് അവസാനിക്കാന്‍ പോകുന്നതെന്നാണ് സൂചന. ഇതോടെ സോഷ്യല്‍ മീഡിയയില്‍ കുടുംബവിളക്കിനെ കുറിച്ചുള്ള പല അഭിപ്രായങ്ങളും ഉയര്‍ന്ന് വരികയാണ്.അത്രയും നല്ലൊരു കഥാപാത്രത്തിന്റെ മരണം കാണിച്ചത് തീരെ ശരിയായില്ലെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. മാത്രമല്ല മലയാള ടെലിവിഷന്‍ പരമ്പരകളില്‍ സ്ഥിരമായി കണ്ടുവന്നിരുന്ന വൃത്തികെട്ട പ്രമേങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി പ്രേക്ഷക മനസ്സുകളെ മറ്റൊരു തലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയൊരു നല്ല സീരിയല്‍ ആയിരുന്നു കുടുംബവിളക്കെന്നാണ് ആരാധകര്‍ പറയുന്നത്. റേറ്റിങ്ങില്‍ പലപ്പോഴും കുടുംബവിളക്ക് ഒന്നാം സ്ഥാനത്ത് തുടര്‍ന്നത് തന്നെ അതിന് ദൃഷ്ടാന്തമാണ്.

അത്രമാത്രം ജനമനസുകളില്‍ സ്വാധീനം ചെലുത്തിയ സീരിയലായിരുന്നു. സാധാരണയായി കുടുംബങ്ങളില്‍ കണ്ടുവരുന്ന പ്രശ്നങ്ങളെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന തരത്തില്‍ അവതരിപ്പിച്ചപ്പോള്‍ അതൊരു ഹിറ്റായി മാറി. പലപ്പോഴും നല്ല സന്ദേശമാണ് കുടുംബവിളക്ക് നല്‍കിയിരുന്നത്. തിക്താനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നു പോകുന്ന സുമിത്ര എന്ന വീട്ടമ്മ പിന്നീട് സ്വയം കഴിവിലൂടെ ഉയരങ്ങളിലേക്ക് എത്തുന്നതാണ് സീരിയലിന്റെ ഇതിവൃത്തം. നടി മീര വാസുദേവന് സുമിത്രയായി വേഷമിട്ടത്. മികച്ച പ്രകടനമാണ് താരം സുമിത്രയായി കാഴ്ച വെച്ചത്.  ഭര്‍തൃഗൃഹത്തില്‍ സുമിത്രയ്ക്ക് നേരിടേണ്ടി വന്ന പീഡനങ്ങള്‍ക്കും അവമതിക്കുമെതിരെ പോരാടി ജീവിതവിജയത്തിലേക്ക് നടന്നടുക്കാന്‍ അവര്‍ക്ക് എപ്പോഴും ഉറച്ച പിന്തുണയും സഹായവും വേണ്ട പ്രോത്സാഹനവുമായി അചഞ്ചലനായി നിലയുറപ്പിച്ച ഭര്‍തൃ പിതാവിന്റെ സാന്നിധ്യം സീരിയലിന് മൊത്തത്തില്‍ എപ്പോഴും ഒരുണര്‍വ് നല്‍കുകയായിരുന്നു. ശിവദാസ മേനോന്‍ എന്ന അച്ഛച്ചന്‍ കഥാപാത്രം അതിന്റെ പരിപൂര്‍ണ്ണതയില്‍ എത്തിച്ച തരകന്‍ സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. തന്റെ അഭിനയപാടവം കൊണ്ടും ആകാരസൗകുമാര്യം കൊണ്ടും ആ കഥാപാത്രത്തിന് വേണ്ട കുലീനതയും ഐശ്വര്യവും പകര്‍ന്നു കൊടുക്കാന്‍ മറ്റൊരാള്‍ക്കും കഴിയുമായിരുന്നില്ല എന്നത് ഒരു യാഥാര്‍ഥ്യം മാത്രമാണ്.

ഇത്രയും ഹൃദ്യമായ ഒരു കഥാപാത്രത്തെ കാണാനും ആസ്വദിക്കുവാനും ഞങ്ങള്‍ക്ക് അവസരമൊരുക്കിത്തന്ന അങ്ങേയ്ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അര്‍പ്പിക്കട്ടെ. സീരിയലുകള്‍ കാണാന്‍ താല്പര്യമില്ലാത്ത ഞാന്‍ കുടുംബവിളക്ക് മുഴുവനായും കാണാന്‍ പ്രേരണയായത് അതിലെ ഏറ്റവും നല്ല കഥാപാത്രങ്ങളെ കണ്ടത് കൊണ്ട് മാത്രമാണ്. ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും വിശിഷ്യ നിര്‍മ്മാതാവിനും സംവിധായകനും നന്ദി രേഖപ്പെടുത്തട്ടെ. കുടുംബവിളക്കിലെ ഏറ്റവും നല്ല കഥാപാത്രം ആയിരുന്ന അച്ഛച്ചന്‍ ഇല്ലാതാവുമ്പോള്‍ ഈ പരമ്പര തന്നെ പലര്‍ക്കും വേണ്ടാതാവുന്നു. എന്നൊക്കെയാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. കുടുംബവിളക്കിലെ ശിവദാസമേനോന്‍ വളരെ നല്ല കഥാപാത്രം ആയിരുന്നു. വളരെ മനോഹരമായി തന്നെ ആ കഥാപാത്രം അഭിനയിച്ചു. എന്നിരുന്നാലും അവസാനമുള്ള ആ മരണം ഒഴിവാക്കാമായിരുന്നു എന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. കുടുംബവിളക്ക് ആദ്യം മുതല്‍ കാണുന്നുണ്ട്. അതിന്റെ ജീവനാഡി ശിവദാസ മേനോന്‍ എന്ന സ്‌നേഹ നിധിയായ അച്ചാച്ചനും സുമിത്രയുമാണ്. എല്ലാവര്‍ക്കും കൊടുത്ത റോള്‍ അവര്‍ ഭംഗിയായി ചെയ്തു. പക്ഷെ അച്ഛാച്ചന്റെ മരണം ഉള്‍ക്കൊള്ളാന്‍ വയ്യ. സീരിയല്‍ ആണെന്ന് ഓക്കെ അറിയാം. എന്നിട്ടും എന്തോ ഒരു വേദന. ഇനിയും ഇതുപോലെ ഒരു സീരിയലും ആഴത്തില്‍ സ്‌നേഹിക്കില്ല. നമ്മള്‍ സ്‌നേഹിക്കുന്ന കഥാപാത്രങ്ങള്‍ സീരിയലിന്റെ അവസാനം വരെ കാണണം എന്നാണ് ആഗ്രഹമെന്ന് ഒരു ആരാധികയും പറയുന്നു.

 

Sreekumar R