ചായയില്‍ വിഷം കലര്‍ത്തി മകള്‍ അമ്മയെ കൊന്നു! അച്ഛന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഞെട്ടല്‍ മാറാതെ പ്രദേശവാസികള്‍!

തൃശൂരില്‍ അമ്മയെ ചായയില്‍ വിഷം കലര്‍ത്തി കൊന്ന മകളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. തൃശൂര്‍ കുന്നംകുളം കീഴൂരിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നിരിക്കുന്നത്. അമ്മയെ കൊന്ന മകള്‍ ഇന്ദുലേഖ അച്ഛനേയും ലക്ഷ്യം വെച്ചിരുന്നു. എന്നാല്‍ തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. സ്വത്ത് കൈക്കലാക്കാന്‍ വേണ്ടിയായിരുന്നു സ്വന്തം മതാപിതാക്കളെ കൊലയ്ക്ക് കൊടുക്കാന്‍ ഇന്ദുലേഖ തീരുമാനിച്ചത്. അമ്മയുടേയും അച്ഛന്റേയും പേരിലുള്ള 14 സെന്റ് ഭൂമിയും വീടും ആയിരുന്നു ഇന്ദുലേഖയുടെ ലക്ഷ്യം,

അമ്മ രുഗ്മിണിയെ ചായയില്‍ കീടനാശിനി കലര്‍ത്തി കൊലപ്പെടുത്തിയ മകള്‍, അച്ഛനേയും ഇതേ രീതിയില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ രുചി മാറ്റം തോന്നിയതോടെ അച്ഛന്‍ ചന്ദ്രന്‍ ചായ കുടിച്ചിരുന്നില്ല.. അങ്ങനെ വലിയൊരു അപകടം ആണ് ഒഴിവായത്. വിഷം ഉള്ളില്‍ ചെന്നതോടെ അമ്മ രുഗ്മിണിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും മരിച്ചു. മരണത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് രുഗ്മിണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയത്. പതിനേഴാം തീയതിയാണ് രുഗ്മിണിയുടെ ഉള്ളില്‍ വിഷം ചെന്നത്.

19ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് രുഗ്മിണി മരിച്ചത്. ഡോക്ടര്‍മാരുടെ നിരീക്ഷണം പോലീസിനെ അറിയിച്ചതോടെയാണ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തത്. അച്ഛന്‍ നല്‍കിയ വിവരങ്ങളില്‍ നിന്ന് മകള്‍ ഇന്ദുലേഖയിലേക്ക് സംശയം എത്തുകയും അവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇന്ദുലേഖയുടെ ഭര്‍ത്താവ് പ്രവാസിയാണ്. അച്ഛനും അമ്മയ്ക്കും കുട്ടികള്‍ക്കും ഒപ്പം കീഴൂരിലാണ് ഇന്ദുലേഖ താമസിച്ചിരുന്നത്.

തനിക്ക് ഉണ്ടായിരുന്ന എട്ട് ലക്ഷം രൂപയോളമുള്ള കടം ഭര്‍ത്താവ് നാട്ടില്‍ വരുന്നതിന് മുന്‍പ് തീര്‍ക്കാനുള്ള വഴിയായാണ് അമ്മയുടേയും അച്ഛന്റേയും പേരിലുളള വീടും 14 സെന്റ് ഭൂമിയും ഇന്ദുലേഖ ലക്ഷ്യം വെച്ചത്. അങ്ങനെയാണ് കൊലപാതകം നടത്തിയതും. അതേസമയം, ഭര്‍ത്താവ് വിദേശത്തിന് നിന്ന് ആവശ്യത്തിന് പണം അയച്ചു കൊടുക്കുന്ന ഇവര്‍ക്ക് ഇത്രയും കടം വന്നത് എങ്ങനെ എന്നും ഇതിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ എന്നെല്ലാം പോലീസ് അന്വേഷിച്ച് വരികയാണ്.

Nikhina