കുവൈറ്റ് തീപിടുത്തത്തിൽ മരണപ്പെട്ടവർ ഇന്ന് ജന്മനാട്ടിൽ എത്തും

കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ച മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ന് ജന്മനാട്ടിൽ എത്തും.  വ്യോമസേനയുടെ പ്രത്യേക വിമാനം ഹെർക്കുലീസ് കൊച്ചിയിഎത്തി കഴിഞ്ഞു. രാവിലെ 10.30 ഓടെയാണ് വിമാനം കൊച്ചിയിലെത്തിയിരിക്കുന്നത്. കുവൈറ്റിൽ നിന്നും രാവിലെ ആറ് മണിയോടെയാണ് മൃതദേഹം വഹിച്ചു കൊണ്ടുള്ള വിമാനം പറന്നുയർന്നത്. തങ്ങളുടെ ഉറ്റവരുടെ മൃതദേഹം ഏറ്റു വാങ്ങാൻ ബന്ധുക്കളും ഇതിനോടകം എയർപോർട്ടിൽ എത്തിയിരിക്കുകയാണ്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി തുടങ്ങിയവരും വിമാനത്തിലുണ്ട്. നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് ഏറ്റുവാങ്ങും.

വിമാനത്താവളത്തില്‍ തന്നെ മൃതദേഹങ്ങൾ കുറച്ച് നേരം പൊതുദർശനത്തിന് വെക്കുന്നതാണ്. ഇവിടെ നിന്നും പ്രത്യേകം ആംബുലൻസുകളിലായി വീടുകളിലേക്ക് എത്തിക്കും. അതിനുള്ള സജ്ജീകരണങ്ങളാണ് പൂർത്തിയായിരിക്കുന്നത്. കുവൈത്തിലെ മംഗെഫ് ബ്ലോക്ക് നാലില്‍ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻ.ബി.ടി.സി. കമ്ബനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തില്‍ ബുധനാഴ്ചയാണ് തീ പിടുത്തം ഉണ്ടാകുന്നത്. ദുരന്തത്തില്‍ മരിച്ച 49 പേരില്‍ 45 പേരും ഇന്ത്യക്കാരായിരുന്നു. ഇതില്‍ 24 പേർ മലയാളികളാണ്. 45 പേരില്‍ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിക്കുകയെന്നാണ് വിവരം. ബാക്കിയുള്ളവരുടെ മൃതദേഹങ്ങളുമായി വിമാനം മറ്റിടങ്ങളിലേക്ക് പോകും. 23 മലയാളികളുടെയും ഏഴ് തമിഴ്‌നാട് സ്വദേശികളുടെയും ഒരു കർണാടക സ്വദേശിയുടെയും മൃതദേഹങ്ങളാണ് കൊച്ചിയില്‍ കൊണ്ടുവന്നിരിക്കുന്നത്.