‘ആര്‍ഡിഎക്‌സ്’ അഭിനന്ദവുമായി ലിജോ ജോസ് പെല്ലിശ്ശേരി!!!

ഓണം റിലീസായി ഇന്നലെ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ് ‘ആര്‍ഡിഎക്‌സ്’. യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നവാഗതനായ നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ആദ്യ ഷോ കഴിഞ്ഞതു മുതല്‍ തന്നെ മികച്ച പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ സിനിമയെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ലിജോ അഭിനന്ദിച്ചത്.

ലിജോ സ്‌റ്റൈലില്‍ ആര്‍ഡിഎക്‌സ് എന്നാണ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പിന്നാലെ കമന്റുമായി നടന്‍ ആന്റണി വര്‍ഗീസ് എത്തി. ‘ആശാനെ..’, എന്നാണ് താരത്തിന്റെ കമന്റ് കുറിച്ചത്. പോസ്റ്റിന് താഴെ ആര്‍ഡിഎക്‌സിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.

ആശാനേ ചെക്കന്മാര്‍ നല്ല പൊട്ടിക്കല്‍ ആണ് എന്നാണ് ഒരാളുടെ കമന്റ്. അടിതടയുടെ ആദ്യ പാഠങ്ങള്‍ പഠിപ്പിച്ച ഗുരുവിന്റെ അനുഗ്രഹം എന്നായിരുന്നു മറ്റൊരാള്‍ കമന്റ് കുറിച്ചത്.

കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഒരു പള്ളിപ്പെരുന്നാളിന് ഉണ്ടാവുന്ന പ്രശ്‌നങ്ങളും അതേ തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ‘ആര്‍ഡിഎക്‌സ്’ പറയുന്നത്. റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നീ പേരുകളുടെ ചുരുക്കരൂപമാണ് ആര്‍ഡിഎക്‌സ്. റോബര്‍ട്ട് ആയി ഷെയ്ന്‍ നിഗമും ഡോണിയായി ആന്റണി വര്‍ഗീസും സേവ്യര്‍ ആയി നീരജ് മാധവുമാണ് എത്തുന്നത്. കോളേജ് വിദ്യാര്‍ത്ഥിനി മിനിയുടെ വരവോടെ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ കഥ.

Anu