Film News

സ്പെയിനിലെ ജനപ്രിയ ചിത്രമായി റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ ചിത്രം ‘പാരഡൈസ്’!!

സ്‌പെയിനിലെ 23ാമത് ലാസ് പല്‍മാസ് ദേ ഗ്രാന്‍ കനാറിയ രാജ്യാന്തര ചലച്ചിത്രമേളയില്‍ തിളങ്ങി റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘പാരഡൈസ്’. മേളയിലെ ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയിരിക്കുകയാണ് ചിത്രം. ന്യൂട്ടണ്‍ സിനിമയാണ് ചിത്രത്തിന്റെ നിര്‍മ്മാതാതാക്കള്‍. സ്‌പെയിനില്‍ 2024 ഏപ്രില്‍ 19 മുതല്‍ 28 വരെ നടന്ന മേളയിലെ പ്രേക്ഷക പുരസ്‌കാരമാണ് ചിത്രം നേടിയത്. സംവിധായകന്‍ പ്രസന്ന വിത്താനഗെ പുരസ്‌കാരം ഏറ്റുവാങ്ങി.

‘നമ്മെ ഒന്നിപ്പിക്കാനും പ്രചോദിപ്പിക്കാനും ഒപ്പം നമുക്ക് ചുറ്റുമുള്ള ലോകത്തിന്റെ വൈവിധ്യത്തിലേക്ക് ഒരു നേര്‍ക്കാഴ്ച നല്‍കാനും സിനിമയ്ക്ക് ശക്തിയുണ്ടെന്ന് ഈ ചിത്രം (പാരഡൈസ്) തെളിയിച്ചു. ചിത്രത്തിലെ കഥാപാത്രങ്ങളും, ഭൂപ്രകൃതിയും, കഥയും അതിന്റെ അതുല്യമായ ദര്‍ശനവും കൊണ്ട് മനുഷ്യാനുഭവത്തിന്റെ സൗന്ദര്യവും സങ്കീര്‍ണ്ണതയും അവതരിപ്പിക്കുന്നു.’ എന്ന് ജൂറി പറയുന്നു.

അഞ്ച് നെറ്റ്പാക് പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ മുപ്പത്തിലേറെ രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ സംവിധായകനാണ് പ്രസന്ന വിത്താനഗെ. അദ്ദേഹത്തിന്റെ പത്താമത്തെ ചിത്രമാണ് ‘പാരഡൈസ്’. റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ക്കൊപ്പം ശ്രീലങ്കന്‍ സിനിമയിലെ മുന്‍നിര അഭിനേതാക്കളായ ശ്യാം ഫെര്‍ണാണ്ടോയും, മഹേന്ദ്ര പെരേരയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി. ഛായഗ്രഹണം നിര്‍വഹിച്ചത് രാജീവ് രവിയാണ്. എ. ശ്രീകര്‍ പ്രസാദ് ആണ് ചിത്രസംയോജനം. ‘കെ’യാണ് ചിത്രത്തിനു സംഗീതം ഒരുക്കിയത്.

2022ല്‍ ശ്രീലങ്ക നേരിട്ട സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ വിലകയറ്റവും, ഇന്ധനവും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യവസ്തുകളുടെ ദൗര്‍ലഭ്യവും ജനകീയ പ്രക്ഷോഭങ്ങളുമാണ് ചിത്രം പറയുന്നത്. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ചിത്രം നേടിയിട്ടുണ്ട്. ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള കിം ജിസോക്ക് അവാര്‍ഡ്, 30ാമത് വെസൂല്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ‘പ്രീ ദു ജൂറി ലീസിയന്‍’ പുരസ്‌കാരവും നേടിയിട്ടുണ്ട്. പൂര്‍ണ്ണമായും ശ്രീലങ്കയില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ സിനിമയാണ്. 2024 ജൂണില്‍ ചിത്രം തിയേറ്ററുകളിലെത്തും.

Anu