‘എത്രനാൾ അവർ ഓർക്കും, എനിക്ക് ആ കാര്യത്തിൽ ഒരു പ്രതീക്ഷയുമില്ല’; അവസാന ശ്വാസം വരെ സിനിമ മടുക്കില്ലെന്ന് മമ്മൂട്ടി

Follow Us :

വൈശാഖ് മമ്മൂട്ടി കൂട്ടുക്കെട്ട് വീണ്ടും ഒന്നിച്ച ടർബോ വിജയകരമായി പ്രദർശനം തുടരുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. ബോക്സ് ഓഫീസിൽ ചിത്രം 50 കോടിയും കടന്ന് കുതിക്കുകയാണ്. ഇതിനിടെ മമ്മൂട്ടിയുടെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇൻസ്റ്റഗ്രാം ഇൻഫ്ലൂവൻ‌സർ ഖാലിദ് അൽ അമീറിയുമായി സംസാരിക്കവേയുള്ള മമ്മൂക്കയുടെ വാക്കുകൾ ശ്രദ്ധ നേടുന്നുണ്ട്. തന്റെ അവസാന ശ്വാസം വരെ സിനിമ മടുക്കില്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്.

ലോകം നിങ്ങളെ എങ്ങനെ ഓർത്തിരിക്കണം എന്നാണ് ആ​ഗ്രഹം എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ‘എത്രനാൾ അവർ എന്നെ ക്കുറിച്ച് ഓർക്കും? ഒരു വർഷം, പത്ത് വർഷം, 15 വർഷം അതോട് കൂടി കഴിഞ്ഞു. ലോകാവസാനം വരെ ബാക്കിയുള്ളവർ നമ്മെ ഓർത്തിരിക്കുമെന്ന് പ്രതീക്ഷിക്കരുത്. അങ്ങനെയൊരു അവസരം ആർക്കും ഉണ്ടാകില്ല.

മഹാരഥന്മാർ പോലും വളരെ കുറച്ച് മനുഷ്യരാലാണ് ഓർമിക്കപ്പെടാറുള്ളത്. ലോകത്ത് ആയിരക്കണക്കിന് നടന്മാരിൽ ഒരാൾ മാത്രമാണ് ഞാൻ. ഒരു വർഷത്തിൽ കൂടുതൽ അവർക്കെന്നെ എങ്ങനെ ഓർത്തിരിക്കാൻ സാധിക്കും?. എനിക്ക് ആ കാര്യത്തിൽ പ്രതീക്ഷയുമില്ല. ഒരിക്കൽ ഈ ലോകം വിട്ടുപോയാൽ അതിനെക്കുറിച്ച് നിങ്ങളെങ്ങനെ ബോധവാന്മാരാകും?’ – മമ്മൂട്ടി പറഞ്ഞു. ഒരു സമയം കഴിഞ്ഞാൽ നമ്മെ ആർക്കും ഓർത്തിരിക്കാൻ സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.