’42 കൊല്ലമായി എന്നെ കൈവിട്ടിട്ടില്ല… ഇനിയും വിടത്തില്ല,’-മമ്മൂട്ടി

Follow Us :

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ചിത്രം ‘ടര്‍ബോ’ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. മെയ് 23നാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്. അതിനിടെ സോഷ്യലിടത്ത് മമ്മൂട്ടിയ്ക്കെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്. മമ്മൂട്ടി ഹിന്ദുത്വ വിരുദ്ധനും ജിഹാദി സിനിമകളുടെ അംബാസിഡറുമാണ് എന്ന തരത്തിലാണ് സംഘപരിവാറിന്റെ വര്‍ഗീയ പ്രചാരണം നടക്കുന്നത്.

അതേസമയം, പ്രചാരണത്തിനെ വലിയ രീതിയില്‍ തന്നെ മമ്മൂട്ടി ആരാധകര്‍ പ്രതിരോധിക്കുന്നുണ്ട്. ടര്‍ബോയുടെ പ്രചരണത്തിനിടെ മമ്മൂക്ക പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്റെ ആരാധകരിലുള്ള ഉറച്ച വിശ്വാസത്തെ കുറിച്ചാണ് മമ്മൂക്ക പറയുന്നത്.

42 വര്‍ഷമായി താന്‍ സിനിമയിലുണ്ട്, പ്രേക്ഷകരുടെ പിന്തുണയില്‍ തനിക്ക് വിശ്വാസമുണ്ടെന്നാണ് മമ്മൂട്ടി പറയുന്നത്. ഇതുവരെയുള്ളതില്‍ ഏറ്റവും ചെലവേറിയ സിനിമയാണ് ടര്‍ബോ. ചെലവാക്കിയതില്‍ കുറച്ചൊക്കെ തിരിച്ചുകിട്ടിയിട്ടുണ്ട്, കുറച്ചൊക്കെ പോയിട്ടുണ്ട്. എല്ലാം കൂടി ചേര്‍ത്താണ് ഇതില്‍ ഇട്ടിരിക്കുന്നത്. കുഴപ്പമാക്കി കളയരുത്, ചിരിയോടെ മമ്മൂക്ക പറയുന്നു.

ഇതില്‍ മുടക്കിയത് തിരിച്ചു തന്നാല്‍ നമുക്ക് അടുത്തതിന് ഇറങ്ങാം. പ്രേക്ഷകരുടെ ധൈര്യത്തിലാണ് നമ്മള്‍ ഇറങ്ങിയിരിക്കുന്നത്. 42 കൊല്ലമായി, ഇവര്‍ എന്നെ കൈവിട്ടിട്ടില്ല. ഇനിയും വിടത്തില്ല,’ എന്നാണ് ആത്മവിശ്വാസത്തോടെ മമ്മൂട്ടി പറയുന്നത്.

മമ്മൂട്ടിയെ നായകനാക്കി രത്തീനയൊരുക്കിയ ‘പുഴു’ എന്ന സിനിമയുമായി ബന്ധപ്പെടുത്തിയാണ് താരത്തിനെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്. ജാതി രാഷ്ട്രീയമായിരുന്നു ചിത്രത്തിലെ പ്രമേയം. ഹൈന്ദവരെ മോശക്കാരാക്കാന്‍ വേണ്ടി മമ്മൂട്ടി മനപ്പൂര്‍വ്വം ചെയ്ത സിനിമയാണ് പുഴുവെന്ന തരത്തിലാണ് താരത്തിനെതിരെ വിദ്വേഷ പ്രചാരണം നടക്കുന്നത്.