Film News

എനിക്കല്പം അഹങ്കാരമുണ്ടെന്നു സുഹൃത്തുക്കൾ പറയും; പക്ഷെ അത് കെട്ടിലും മട്ടിലും മാത്രമെന്ന്; മമ്മൂട്ടി

2022 മുതൽ മമ്മൂട്ടിയുടേതായി ഇറങ്ങുന്ന സിനിമകളെല്ലാം സിനിമാപ്രേമികൾക്ക്   പ്രതീക്ഷകൾ നൽകുന്നവയാണ്. ഒരേ സമയം കൊമേർഷ്യൽ സിനിമകളും പ്രമേയത്തിൽ വ്യത്യസ്തത പുലർത്തുന്ന സിനിമകളും ചെയ്യാൻ മമ്മൂട്ടിക്ക് ആകുന്നുണ്ട് എന്നതാണ് ഈ പ്രതീക്ഷകളുടെ കാരണം. മെഗാസ്റ്റാർ മമ്മൂട്ടി ഇൻ ആന്റ് അസ് എന്ന എഴുത്തു പോലും ഇന്നില്ല . യഥാർത്ഥത്തിൽ അതിൽ  നിന്ന് സ്ക്രീനിൽ കാണുന്നത് മമ്മൂട്ടിയാണെന്ന് മറന്നുപോകുന്ന തരത്തിൽ ആ നായക വേഷത്തിലേക്കുള്ള പരകായ പ്രവേശം കാണാനാണ് ആളുകൾ മമ്മൂട്ടി ചിത്രങ്ങൾക്കായി തിയേറ്ററിലേക്ക് പാഞ്ഞെത്തുന്നത്. ക്ലാപ് ബോർഡ് മുഖത്തിന് മുന്നിൽ നിന്ന് മാറുമ്പോഴെല്ലാം അംബേദ്കറായും മാണിക്യമായും സേതുരാമയ്യറായും അമുതവനായും മേജർ ബാലയായും അയാൾ വന്നു പോയിക്കൊണ്ടിരുന്നു . അവസാന ശ്വാസം വരെ അഭിനയത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന നടനാണ് മമ്മൂട്ടി. അഭിനയത്തോട് മാത്രം ആർത്തിയുള്ള മനുഷ്യൻ. . കാലങ്ങൾക്ക് മുൻപ് തന്നെ മമ്മൂട്ടി ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. സൂപ്പർസ്റ്റാർ പദവിക്കപ്പുറം തന്നിലെ നടന് അംഗീകരിക്കപ്പെടണമെന്നാണ് അആഗ്രഹിക്കുന്നതെന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ   മുഖത്ത് നിന്ന് ചമയങ്ങൾ മായുമ്പോൾ അഭിനയിക്കാണറിയതുമില്ല മമ്മൂട്ടിക്ക്.
ഈ എഴുപത്തിരണ്ടാം വയസിലും ഒരാൾക്കും തൊടാനോ ചിന്തിക്കാനോ കഴിയാത്ത ഉയരത്തിലാണ് അദ്ദേഹത്തിന്റെ പ്രതിഭ. ഇപ്പോഴിതാ നടൻ സിദ്ദീഖ് പങ്കുവെച്ചൊരു വീഡിയോ ശ്രദ്ധനേടുകയാണ്. വർഷങ്ങൾക്ക് മുമ്പ് ഡോക്ടറേറ്റ് നേടിയപ്പോൾ മമ്മൂട്ടി നടത്തിയൊരു സ്പീച്ചിന്റെ ചെറിയൊരു ഭാ​ഗമാണ് സിദ്ദീഖ് പങ്കുവെച്ചത്.

തന്റെ ബാപ്പയെ കുറിച്ച് അടക്കം പ്രസം​ഗത്തിൽ മമ്മൂട്ടി പറയുന്നുണ്ട്. മമ്മൂട്ടിയുടെ  പ്രസം​ഗം വീക്ഷിക്കുന്ന ഭാര്യ സുൽഫത്തിനെയും വീഡിയോയിൽ കാണാം. ‘മമ്മൂട്ടിക്ക് അൽപ്പം അഹങ്കാരമുണ്ടെന്ന് സുഹൃത്തുക്കൾപോലും പറയാറും. പക്ഷെ അത് കെട്ടിലും മട്ടിലും മാത്രമെയുള്ളു. ഉള്ളൊന്ന് ചികഞ്ഞാൽ ഞാൻ നിങ്ങളെപ്പോലെ സ്നേഹവും വാത്സല്യവും കാരുണ്യവും വികാരവുമൊക്കെയുള്ള ഒരു സാധാരണ മനുഷ്യനാണ്.’എന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹർത്തമാണിത്. ചികിത്സിക്കാൻ അർഹതയില്ലെങ്കിലും എനിക്ക് ഡോക്ടറേറ്റ് പദവി ലഭിക്കുമ്പോൾ അതിന് സാക്ഷ്യം വഹിക്കാൻ എന്റെ ബാപ്പ ഇന്ന് ജീവിച്ചിരിപ്പില്ല എന്നുള്ള ദുഖം മാത്രമാണ് ഈ വേളയിൽ എന്നെ അലോസരപ്പെടുത്തുന്നത്. ഞാൻ ഒരു ഡോക്ടറാവണമെന്നത് എന്റെ ബാപ്പ ആ​ഗ്രഹിച്ചിരുന്നതാണ്. അതിനായി പ്രീഡി​ഗ്രിക്ക് എന്നെ കൊണ്ട് രണ്ടാം ​ഗ്രൂപ്പ് എടുപ്പിക്കുകയും ചെയ്തു. പഠനം ഉഴപ്പി സിനിമ തലയിൽ കയറ്റി തിയേറ്റർ നിരങ്ങിയതിന്റെ ഫലമായിട്ട് കെമിസ്ട്രി പരീക്ഷയിൽ ഞാൻ തോറ്റു.’ അങ്ങനെ എന്റെ വാപ്പയുടെ ഡോക്ടർ സ്വപ്നം തകർന്നു. പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും എന്റെ അഭിനയത്തികവും കലാരം​ഗത്തെ നേട്ടങ്ങളും കണക്കിലെടുത്ത് എന്നെ വലുതാക്കിയ എന്റെ സർവകലാശാല ഡോക്ടറേറ്റ് നൽകുമ്പോൾ ആ ബഹുമതി എന്റെ ബാപ്പയുടെ സ്മരണയ്ക്ക് മുമ്പിൽ ഞാൻ സമർപ്പിക്കുകയാണ്.’ എന്നാണ് സിദ്ദീഖ് പങ്കുവെച്ച പ്രസം​ഗത്തിൽ മമ്മൂട്ടി പറഞ്ഞത്.

വർഷങ്ങൾ പഴക്കമുള്ള മമ്മൂക്കയുടെ വീഡിയോ അദ്ദേഹത്തിന്റെ സുഹൃത്ത് വഴി വീണ്ടും കാണാൻ സാധിച്ചുവെന്നത് ആരാധകരെയും ആനന്ദിപ്പിച്ചു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്. ആ വാക്കുകളിൽ വല്ലാത്ത ഒരു വികാരമുണ്ട് അതാണ് പിതൃ-പുത്ര ബന്ധം എല്ലാ നന്മകളും നേരുന്നു, ഏറ്റവും സുന്ദരനായ മമ്മൂക്ക നിങ്ങളെക്കാൾ സൗന്ദര്യം തോന്നുന്നു നിങ്ങളുടെ ഈ വാക്കുകൾക്ക്, പ്രീഡിഗ്രിക്ക് കെമിസ്ട്രി തോറ്റതിന്റെ ഗുണമാണ് അദ്ദേഹത്തിനും സിനിമാ ആസ്വാദകർക്കും ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്. ചില തോൽവികൾ വലിയ വിജയങ്ങൾക്കുള്ള കാരണങ്ങളാണ് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. ഇത്തരത്തിൽ സുഹൃത്തുക്കളുടെ ചിത്രങ്ങളും വീഡിയോയും രസകരമായ ട്രോളുകളും സിദ്ദീഖ് സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. കാതലാണ് മമ്മൂട്ടിയുടെ ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. നേരാണ് സിദ്ദീഖിന്റെ ഏറ്റവും പുതിയ റിലീസ്. ടർബോ ഷൂട്ടിങ് തിരക്കിലാണ് മമ്മൂട്ടി ഇപ്പോൾ.

 

Sreekumar R