നാഗവല്ലിയെയും രാമനാഥനെയും വീണ്ടും ബിഗ്‌സ്‌ക്രീനിലേക്ക്!! മണിച്ചിത്രത്താഴ് റീറിലീസിന്

Follow Us :

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ഹിറ്റ് ചിത്രമാണ് മണിച്ചിത്രത്താഴ്. റിലീസ് ചെയ്തിട്ട് മൂന്ന് പതിറ്റാണ്ടായെങ്കിലും ഇപ്പോഴും എത്രകണ്ടാലും ബോറടിയ്ക്കാത്ത സീനുകളാണ് ചിത്രത്തിന്റേത്. റീറിലീസിങുകള്‍ തകര്‍ക്കുമ്പോള്‍ മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രം തിയ്യേറ്ററിലെത്തി 31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്.

പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ റീമാസ്റ്ററിങ് ജോലികള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് മണിച്ചിത്രത്താഴിന്റേത്. ചിത്രത്തിന്റെ ഫസ്റ്റ് കോപ്പി റെഡിയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ 12 അല്ലെങ്കില്‍ ഓഗസ്റ്റ് 17 നോ ചിത്രം വീണ്ടും തിയ്യേറ്ററിലെത്തും.

സിനിമയുടെ ഓവര്‍സീസ് അവകാശത്തിനായി ചര്‍ച്ചകള്‍ നടക്കുകയാണ്. മാറ്റിനി നൗവിന്റെ നേതൃത്വത്തിലായിരുന്നു റീമാസ്റ്ററിങ്ങിന് നടന്നത്. മാറ്റിനി നൗവിന്റെ ഡി.സോമന്‍ പിള്ളയും സംവിധായകന്‍ ഫാസിലും നിര്‍മ്മാതാവ് സ്വര്‍ഗ്ഗ ചിത്ര അപ്പച്ചനും ചേര്‍ന്നാണ് മണിച്ചിത്രത്താഴ് വീണ്ടും തിയ്യേറ്ററില്‍ എത്തിക്കുന്നത്.

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ചിത്രം നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു. മലയാളത്തിലെ വലിയ താരനിരയാണ് ചിത്രത്തിലൊന്നിച്ചെത്തിയത്. തമിഴിലും തെലുങ്കിലും ചന്ദ്രമുഖി എന്ന പേരിലായിരുന്നു ചിത്രം ഇറങ്ങിയത്. കന്നഡയില്‍ ആപ്തമിത്ര എന്ന പേരിലും, ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്ന പേരിലുമാണ് ചിത്രം എത്തിയത്.