‘ലാലേട്ടനോട് ഒരു കഥ പറയണമെന്ന് പറഞ്ഞു വന്നു, സഹായിച്ചു; പ​ക്ഷേ…’; ജീത്തു ഒരു ചാൻസ് പോലും തന്നിട്ടില്ലെന്ന് മണിയൻപിള്ള രാജു

Follow Us :

ദൃശ്യമടക്കം വൻ ഹിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ച ജീത്തു ജോസഫുമായുള്ള അതൃപ്തി തുറന്ന് പറഞ്ഞ് നടൻ മണിയൻപിള്ള രാജു. . ജീത്തു ജോസഫിനെ മോഹൻലാലിന് പരിചയപ്പെടുത്തിക്കൊടുത്തത് താനാണ്. എന്നാൽ, ഒരു സിനിമയിൽ പോലും അദ്ദേഹം തനിക്ക് അവസരം നൽകിയില്ലെന്ന് താരം പറഞ്ഞു. ‘വർഷങ്ങൾക്ക് മുമ്പാണ് ജീത്തു ജോസഫ് തന്നെ കാണാൻ വരുന്നത്. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ ലാലേട്ടനോട് ഒരു കഥ പറയണമെന്ന് പറഞ്ഞു. അന്ന് ഹലോ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് ഞാൻ ജീത്തുവിനെ കൂട്ടിപ്പോയി ലാലിനെ പരിചയപ്പെടുത്തിക്കൊടുക്കുകയായിരുന്നു’ – മണിയൻപിള്ള പറഞ്ഞു.

‘ഞാൻ പറയുന്ന കാര്യങ്ങളൊക്കെ ലാൽ കേൾക്കാറുണ്ട്. അന്നും അങ്ങനെ തന്നെ. പുള്ളി ലാലിനോട് കഥ പറഞ്ഞു. പൊലീസ് വേഷമായിരുന്നു ആ കഥയിലും. കഥ കേട്ട ലാൽ പറഞ്ഞു, ‘ഞാൻ ഇപ്പോൾ ഷാജി കൈലാസിന്റെ പൊലീസ് വേഷമാണ് ചെയ്യുന്നത്. അപ്പോൾ ഉടൻ യൂണിഫോമിട്ട് ഒരു വേഷം ചെയ്യാൻ സാധിക്കില്ല’. പിന്നീട് ജീത്തു ആ പടം പൃഥ്വിരാജിനെ വച്ച് ഹിറ്റാക്കി. അതിന് ശേഷം ജീത്തു മോഹൻലാലിനെ വച്ച് ദൃശ്യം, ദൃശ്യം 2 എന്നീ പടങ്ങൾ ചെയ്തു. മോഹൻലാലിനെ പരിചയപ്പെടുത്തിയ എനിക്ക് ഇത്രയും കാലമായി ഒരു ചാൻസ് തന്നിട്ടില്ല. ഞാൻ ചാൻസ് ചോദിക്കാനും പോയില്ല. എന്നെങ്കിലും ഒരു കാലത്ത് ജീത്തു ജോസഫിന്റെ പടത്തിൽ ഒരു വേഷം വരുമ്പോൾ വിളിക്കുമായിരിക്കും. അല്ലാതെ ഞാൻ അയാളെ ശത്രുവായിട്ട് കാണാനോ ഒന്നും പോവാറില്ല. പക്ഷേ, ഒരു പടത്തിലും പുള്ളി എന്നെ വിളിച്ചിട്ടില്ല’ – മണിയൻ പിള്ള പറയുന്നു.

‘ആദ്യ കാലത്ത് ഞാൻ ചാൻസ് ചോദിച്ച് ഏറ്റവും കൂടുതൽ പോയത് ഹരിഹരൻ സാറിന്റെ അടുത്തായിരുന്നു. അന്ന് അദ്ദേഹം ഏറ്റവും കൂടുതൽ കോമഡി പടങ്ങൾ ചെയ്ത ആളായിരുന്നു. എനിക്ക് അദ്ദേഹം ഒരു പടത്തിലും ചാൻസ് തന്നിട്ടില്ല. പക്ഷേ, എന്നെ എവിടെ വച്ച് കണ്ടാലും എനിക്ക് വലിയ കാര്യമാണ്. എന്റെ സിനിമയിലെ അഭിനയം കണ്ട് എന്നെ അദ്ദേഹം അഭിനന്ദിക്കാറുണ്ട്. എന്നാൽ ചാൻസ് തരാത്തതിൽ അദ്ദേഹത്തിനോട് പോലും എനിക്ക് പരിഭവമില്ല. പരാതികളില്ലെങ്കിലും സങ്കടമുണ്ട്’- മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു.