ഒരു നടനെ വിവാഹം കഴിക്കില്ല എന്ന് ഞാൻ എന്റെ മാതാപിതാക്കളോട് പറഞ്ഞിരുന്നു, മഞ്ജിമ മോഹൻ

Follow Us :

മലയാളത്തിൽ ബാലതാരമായെത്തി മലയാളികളുടെ മനം കവർന്ന നടിയാണ് മഞ്ജിമ മോഹൻ. ഛായഗ്രാഹകൻ വിപിൻ മോഹന്റെയും കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്ജിമ മോഹൻ ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ തമിഴ് നടൻ ഗൗതം കാർത്തിക്കിനെയാണ് മഞ്ജിമ മോഹൻ വിവാഹം ചെയ്തത്. 2022 ലായിരുന്നു ഇവരുടെ വിവാഹം. തമിഴ് നടൻ കാർത്തിക്കിന്റെ മകൻ ആണ് ഗൗതം. ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജിമ മോഹൻ. മേഴ്സി ജോണിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു മഞ്ജിമ. ഭർത്താവില്ലാതെ ‌വെക്കേഷൻ യാത്രകൾക്ക് താൻ പോകാറില്ലെന്ന് മഞ്ജിമ മോഹൻ പറയുന്നു. തങ്ങൾക്ക് എല്ലായിടത്തും ഒപ്പമുണ്ടാകണം. ഭാര്യാ ഭർത്താക്കൻമാരായല്ല തങ്ങൾ പരസ്പരം ട്രീറ്റ് ചെയ്യുന്നത്. സുഹൃത്തുക്കളെ പോലെയാണ്. അതിനാൽ ഒരുമിച്ച് പുറത്ത് പോകാൻ ഇഷ്ടപ്പെടുന്നു. വീട്ടിൽ ഒരു അപ്രഖ്യാപിത നിയമമുണ്ട്. എന്ത് വേണമെങ്കിലും ചെയ്യാം, പക്ഷെ തങ്ങൾ ഒരു റൂമിലായിരിക്കണം. ഒരാൾക്ക് ഇപ്പോൾ ഗെയിം കളിക്കണമെങ്കിൽ റൂമിൽ ഒരു മൂലയ്ക്ക് പോകുക. ഗൗതം അടുത്തുള്ളത് തനിക്കെപ്പോഴും സുരക്ഷിതത്വം നൽകുന്നെന്നും മഞ്ജിമ മോഹൻ വ്യക്തമാക്കി.

ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്ന ആശയത്തിൽ താൻ വിശ്വസിക്കുന്നില്ലെന്നും മഞ്ജിമ മോഹൻ പറയുന്നു. പെട്ടെന്ന് ഒരാളെ കണ്ട് ഇഷ്ടം തോന്നുന്നെങ്കിൽ ആകർഷണമോ ക്രഷോ ആയിരിക്കും. പ്രണയം ആദ്യം കാണുമ്പോൾ തോന്നുമെന്ന് താൻ കരുതുന്നില്ലെന്നും മഞ്ജിമ മോഹൻ വ്യക്തമാക്കി. വിവാഹത്തിന് ശേഷം വരുന്ന ചോദ്യങ്ങളെക്കുറിച്ചും മഞ്ജിമ മോഹൻ സംസാരിച്ചു. മുമ്പ് തന്നെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞാൽ മതിയായിരുന്നു. പക്ഷെ ഇപ്പോൾ ഗൗതമിനെക്കുറിച്ചും ഗൗതമിന്റെ അച്ഛനെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടതുണ്ട്. ആദ്യം ചോദിക്കുന്നത് ഭർതൃപിതാവിന് എങ്ങനെയുണ്ട്, ഭർത്താവിന് സുഖമാണോ എന്നൊക്കെയാണ്. അത് കുഴപ്പമില്ല. എന്തിലേക്കാണ് പോകുന്നതെന്ന് തനിക്കറിയാമായിരുന്നു. അതിനാൽ പരാതി ഇല്ല. രണ്ട് വശങ്ങൾ ഇതിനുണ്ട്. തന്റെ ഭർത്താവ് വളരെ നല്ല വ്യക്തിയാണ്. സിനിമാ പശ്ചാത്തലത്തിൽ നിന്നും വരുന്ന ആളാണെങ്കിലും സിനിമാ ലോകത്ത് എന്താണ് നടക്കുന്നതെന്ന് അദ്ദേഹത്തിന് അറിയില്ല. ഗൗതമിനേക്കാൾ അത് തനിക്കറിയാം എന്നും മഞ്ജിമ മോഹൻ പറയുന്നു. ഗൗതം ഊട്ടിയിലാണ് വളർന്നത്. വല്ലപ്പോഴുമേ ചെന്നെെയിൽ വന്നിട്ടുള്ളൂ എന്നും മഞ്ജിമ പറയുന്നു.

ഒരു നടനെ വിവാഹം കഴിക്കില്ലെന്ന് മാതാപിതാക്കളോട് താൻ മുൻപ് പറഞ്ഞിരുന്നു എന്നും മഞ്ജിമ വ്യക്തമാക്കുന്നു. കാരണം അവർ അവരെക്കുറിച്ചാണ് സംസാരിക്കുക. തന്റെ ഒപ്പം പ്രവർത്തിച്ചവരിൽ ചിലർ അങ്ങനെയായിരുന്നു എന്നും എന്നാൽ ഗൗതം അങ്ങനെയല്ലെന്നും മഞ്ജിമ മോഹൻ പറയുന്നു. തങ്ങൾ വീട്ടിൽ സിനിമകളെക്കുറിച്ച് സംസാരിക്കാറില്ല. വളരെ സാധാരണ വ്യക്തിയാണ് ഗൗതം. പുറത്ത് പോകുമ്പോൾ പലരും ചോദിക്കുന്നത് ഗൗതമിനെക്കുറിച്ചാണ്. തന്നെക്കുറിച്ച് ആരും ഗൗനിക്കുന്നില്ലേ എന്ന് ചിലപ്പോൾ തോന്നും. ചിലർ നമ്മളോട് സൗഹൃദത്തിലാവുന്നത് പോലും ഇതിന് വേണ്ടിയാണെന്നും മഞ്ജിമ പറയുന്നു. എന്താണ് ഗൗതം ചെയ്യുന്നത്, പുതിയ സിനിമകൾ ഏതൊക്കെ എന്ന് ചോദിക്കും. ഇക്കാര്യങ്ങൾ ഗൗതമിനോട് ചോദിക്കുന്നതാണ് നല്ലതെന്നും മഞ്ജിമ വ്യക്തമാക്കി. 1997ൽ കാളിയൂഞ്ഞാൽ എന്ന സിനിമയിൽ ബാലതാരമായിട്ടാണ് മഞ്ജിമ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് മയില്പീലിക്കാവ് സാഫല്യം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. കുഞ്ചാക്കോ ബോബൻ നായകൻ ആയെത്തിയ പ്രിയം എന്ന സിനിമയിലൂടെയാണ് ബാലതാരം എന്ന നിലയിൽ മഞ്ജിമ മോഹൻ കൂടുതൽ ശ്രദ്ധ നേടുന്നത്. വർഷങ്ങൾക്കിപ്പുറം മലയാളത്തിൽ നായിക ആയി അരങ്ങേറിയത് 2015ൽ നിവിൻ പോളി നായകൻ ആയെത്തിയ ചിത്രമായ ഒരു വടക്കൻ സെൽഫിയിലൂടെയാണ്. പക്ഷെ നായികയായപ്പോൾ തമിഴകത്താണ് മഞ്ജിമയ്ക്ക് കൂടുതൽ ശ്രദ്ധ നേടാനായത്.