യുവതാരങ്ങളെ പ്രധാന കഥാപാത്രമാക്കി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് നൂറുകോടി നേട്ടത്തില്‍. മലയാളത്തില്‍ നിന്നും നൂറുകോടി തികയ്ക്കുന്ന നാലാമത് ചിത്രമായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. ചിത്രത്തിലെ കുട്ടേട്ടന് എന്ന കഥാപാത്രമായെത്തിയ സൗബിന് ഷാഹിറാണ് ഈ വിവരം ഔദ്യോഗികമായി സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് സൗബിന്.
തിയ്യേറ്ററിലെത്തി വെറും 12 ദിവസം കൊണ്ടാണ് മഞ്ഞുമ്മല്‍ ബോയ്സ് 100 കോടി ക്ലബിലെത്തിയത്. പുലിമുരുഗന്, ലൂസിഫര്‍, 2018 എന്നീ ചിത്രങ്ങള്‍ മാത്രമാണ് ഇതിന് മുന്‍പ് ആഗോളതലത്തില്‍ 100 കോടി നേടിയിട്ടുള്ളത്.
മലയാളത്തില്‍ മാത്രമല്ല തമിഴ്നാട്ടിലും മഞ്ഞുമ്മല്‍ ബോയ്സ് മികച്ച പ്രതികരണമാണ് നേടുന്നത്. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം. യഥാര്‍ഥ സംഭവത്തെയാണ് ചിദംബരം സ്ക്രീനിലെത്തിച്ചത്. മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാലിലേക്ക് ടൂര്‍ പോയ യുവാക്കളാണ് കേന്ദ്ര കഥാപാത്രങ്ങള്‍. കൂട്ടത്തിലൊരാള്‍ ഗുണകേവിലേക്ക് വീഴുന്നതും രക്ഷപ്പെടുത്തുന്ന ശ്രമങ്ങളും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയതുമാണ് ചിത്രം പറയുന്നത്.