ആരോടും പരിഭവം ഇല്ല, ഇത്രയും കിട്ടിയതിൽ സന്തോഷം!

മലയാള സിനിമയില്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് മനോജ് കെ ജയന്‍. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമെല്ലാം നടന്‍ മോളിവുഡില്‍ തിളങ്ങിയിരുന്നു. സര്‍ഗം, അനന്തഭദ്രം, പഴശ്ശിരാജ പോലുളള സിനിമകളാണ് മനോജ് കെ ജയന്റെ കരിയറില്‍ വലിയ വഴിത്തിരിവായത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടന്‍ അഭിനയിച്ചിരുന്നു. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പമുളള ഗാനഗന്ധര്‍വ്വനാണ് മനോജ് കെ ജയന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഗാനഗന്ധര്‍വ്വന് പിന്നാലെ മമ്മൂക്കയ്‌ക്കൊപ്പം വീണ്ടും അഭിനയിക്കാനുളള ഒരുക്കത്തിലാണ് താരം. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലില്‍ മെഗാസ്റ്റാറിനൊപ്പം മനോജ് കെ ജയനും എത്തുന്നുണ്ട്. ഇപ്പോഴിതാ മനോജ് കെ ജയൻ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുറിപ്പാണു ശ്രദ്ധ നേടുന്നത്. കുറിപ്പ് വായിക്കാം,

1992-ൽ,സർഗത്തിലെ ‘കുട്ടൻ തമ്പുരാന്’ എന്തു കൊണ്ട് സംസ്ഥാന അവാർഡിൽ Best Actor കിട്ടിയില്ല എന്ന് ചോദിച്ചവരെ ഞാൻ പറഞ്ഞു മനസ്സിലാക്കി, അത് ഗവൺമെൻ്റ് മാനദണ്ഡമാണ്…”നായക കഥാപാത്രമായിരിക്കണം”സഹനടനായി വേഷമിടുന്നവർക്ക് രണ്ടാമത്തെ മികച്ച നടനുള്ള പുരസ്കാരമേ കൊടുക്കു…പലർക്കും അന്നത് ദഹിച്ചിട്ടില്ല… കാരണം ‘കുട്ടൻ തമ്പുരാൻ’ ജനമനസ്സുകളിൽ ഈ മാനദണ്ഡങ്ങൾക്ക് എല്ലാം അപ്പുറമായിരുന്നു…അതങ്ങനെ കഴിഞ്ഞു. (2006 ൽ,അനന്തഭദ്രത്തിലെ ‘ദിഗംബരന്’ അവാർഡില്ല. പക്ഷെ,,അന്നും ,ഇന്നും ,എന്നും,നിങ്ങൾ പ്രിയപ്പെട്ട പ്രേക്ഷകർ ദിഗംബരന് നൽകിക്കൊണ്ടിരിക്കുന്ന അഭിപ്രായങ്ങൾക്കും അംഗീകാരങ്ങൾക്കും മുന്നിൽ ഒരു അവാർഡിനും പിടിച്ചു നിൽക്കാൻ കഴിയില്ല) 2009 -ൽ പഴശ്ശിരാജയിലെ ‘തലക്കൽ ചന്തുവിലൂടെ’ ഞാൻ വീണ്ടും മികച്ച രണ്ടാമത്തെ നടനായി സംസ്ഥാന അവാർഡ് നേടി. മാനദണ്ഡം കറക്റ്റ് ,ചിത്രത്തിൽ ഞാൻ സഹനടൻ തന്നെ  2012-ൽ, ‘കളിയച്ഛനിൽ “നായക കഥാപാത്രമായ” കഥകളി നടനായ ‘കുഞ്ഞിരാമനിലൂടെ’ ഞാൻ വീണ്ടും ‘രണ്ടാമനായപ്പോൾ’ എനിക്കു മനസ്സിലായി…ഒന്നാമനാവണമെങ്കിൽ,, അജ്ഞാതമായ വേറെ ചില മാനദണ്ഡങ്ങൾ കൂടിയുണ്ടാവുമെന്ന്…ആരോടും പരിഭവമില്ല…പരാതിയില്ല…ഇത്രയും,കിട്ടിയതൊക്കെ തന്നെ വലിയ സന്തോഷം.

Devika Rahul