Film News

‘യാദൃശ്ചികം’ മാത്രം, വെറും വെറും’ യാദൃശ്ചികം!! കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല- എസ്ജിയ്ക്ക് പരോക്ഷ പിന്തുണയറിയിച്ച് മനോജ് കുമാര്‍

മാധ്യമ പ്രവര്‍ത്തകയോടുള്ള മോശം പെരുമാറ്റത്തിനെ തുടര്‍ന്ന് നടന്‍ സുരേഷ് ഗോപിയ്‌ക്കെതിരെ കേസെടുത്തിരിക്കുകയാണ്. ഇന്ന് സുരേഷ് ഗോപി നടക്കാവ് പോലീസ് സ്‌റ്റേഷനിലെത്തിയിരുന്നു. നടക്കാവ് പോലീസ് നല്‍കിയ നോട്ടീസിനെ തുടര്‍ന്നാണ് സുരേഷ് ഗോപി ചോദ്യം ചെയ്യലിന് എത്തിയത്. നിരവധി പേരാണ് എസ്ജിയ്ക്ക് പിന്തുണയുമായി സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയത്.

ഇപ്പോഴിതാ സുരേഷ് ഗോപിയ്ക്ക് പരോക്ഷ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് നടന്‍ മനോജ് കുമാര്‍. ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലുണ്ടായ രാഷ്ട്രീയ-കുടുംബ ആക്ഷേപഹാസ്യ ചിത്രം സന്ദേശത്തിലെ രംഗം പങ്കുവച്ചാണ് മനോജിന്റെ കുറിപ്പ്.എതിരാളികളെ പെണ്ണുകേസിലും ഗര്‍ഭകേസിലും കുടുക്കി നാറ്റിക്കുന്ന പാര്‍ട്ടി തന്ത്രങ്ങളുടെ സിനിമാ രംഗമാണ് മനോജ് പങ്കുവച്ചിരിക്കുന്നത്.

ഇറങ്ങി മൂന്നര പതിറ്റാണ്ടായിട്ടും ‘സന്ദേശം’ എന്ന സിനിമയിലെ ഏതെങ്കിലും സംഭാഷണമോ രംഗങ്ങളോ ഒട്ടുമിക്ക മലയാളികളും എല്ലാ ദിവസവും ചിരിയോടെ ഓര്‍ക്കും, ഇന്നും ഓര്‍ക്കും, ഇത്തരം ഒരു ഗംഭീര ചിത്രം മലയാളസിനിമക്ക് നല്കിയ ജീനിയസ്സായ എഴുത്തുകാരന്‍ പ്രിയപ്പെട്ട ശ്രീനിയേട്ടനും സംവിധായകന്‍ സത്യന്‍ അന്തിക്കാട് സാറിനും വീണ്ടും വീണ്ടും വീണ്ടും എന്റെ ഹൃദയത്തില്‍ തൊട്ട കൂപ്പുകൈ.

എന്റെ അഭിപ്രായത്തില്‍ ഈ സിനിമ ‘സ്ഫടികം’ റീ റിലീസ് ചെയ്തപോലെ വീണ്ടും തീയ്യറ്ററില്‍ വരണം, കാണാത്ത പുതിയ തലമുറയും ഈ ചലച്ചിത്രം കണ്ട് ആസ്വദിക്കട്ടേ, സിനിമയില്‍ ആദ്യം എഴുതി കാണിക്കുന്ന പോലെ, ഞാനിട്ട ഈ വീഡിയോക്കും ഒരു തലക്കെട്ട് എഴുതുന്നു,
ഈ രംഗം തികച്ചും സാങ്കല്പികം മാത്രം.

ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല, അങ്ങിനെ തോന്നുകയാണെങ്കില്‍ അത് തികച്ചും ‘യാദൃശ്ചികം’ മാത്രം, വെറും വെറും’ യാദൃശ്ചികം എന്നാണ് മനോജ് പങ്കുവച്ചത്.

സന്ദേശം സിനിമയിലെ രംഗം മനോജ് പങ്കുവച്ചത് സുരേഷ് ഗോപിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചാണെന്ന് വ്യക്തമാണ്. പ്രത്യക്ഷത്തില്‍ അത്തരത്തില്‍ എഴുതിയിട്ടില്ലെങ്കിലും പാര്‍ട്ടിക്ക് വേണ്ടി ഏത് കള്ളക്കഥ മെനയുവാനും മടിയില്ലാത്തവരുടെ രംഗം പങ്കുവച്ചത് പിന്തുണ തന്നെയാണ്.

Anu