ആരാധകലോകം വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ബറോസ്. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ വലിയ വഴിത്തിരിവാണ്് ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ബറോസിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് താരം.
ഓണം ആഘോഷമാക്കാന്‍ ബറോസ് എത്തുന്നെന്നാണ് അപ്ഡേറ്റ്. ചിത്രം സെപ്തംബര്‍ 12 ന് തിയ്യേറ്ററിലെത്തും. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ത്രീഡിയിലാണ് ബറോസ് എത്തുന്നത്.
മോഹന്‍ലാലിന് പുറമേ ബറോസില്‍ മായ, സീസര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സംഗീതം പകരുന്നത് മാര്‍ക്ക് കില്യനും ലിഡിയന് നാദസ്വരമുമാണ്. മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു.
ജിജോ പുന്നൂസിന്റെ ‘ബറോസ്: ഗാര്ഡിയന് ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന കഥയെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ത്രീഡി ഫാന്റസിയായി എടുക്കുന്ന ഈ ചിത്രത്തില്‍ പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്. വാസ്കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം. ബറോസ് എന്ന ഭൂതമായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്.