നടി പീഡിപ്പിക്കപ്പെട്ടത് തൃക്കാക്കരയില്‍: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രചരണ വിഷയം ആക്കണമെന്ന് എന്‍ എസ് മാധവന്‍

ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എറണാകുളം തൃക്കാക്കര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിഷയം ആക്കണമെന്ന് സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍. മലയാള സിനിമയെ തന്നെ പിടിച്ചു കുലുക്കിയ നടി പീഡനത്തിന് ഇരയായ സംഭവം അരങ്ങേറിയത് തൃക്കാക്കരയിലാണ്. അതുമായി ബന്ധപ്പെട്ട തയ്യാറാക്കപ്പെട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തൃക്കാക്കരയില്‍ പ്രചരണ വിഷയം ആക്കിയില്ലെങ്കില്‍ പിന്നെ എവിടെയാകും ഈ വിഷയം ചര്‍ച്ചയാവുകയെന്ന് അദ്ദേഹം ചോദിക്കുന്നു. ട്വിറ്ററിലൂടെ ആയിരുന്നു എന്‍. എസ് മാധവന്റെ പ്രതികരണം.

ട്വിറ്ററിന്റെ പൂര്‍ണ രൂപം: ‘തൃക്കാക്കര മണ്ഡലത്തില്‍ നടന്ന ഭീകര സംഭവമാണ് നടിയുടെ പീഡനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പ്രസിദ്ധീകരണം അവിടത്തെ തെരഞ്ഞെടുപ്പില്‍ വിഷയമായില്ലെങ്കില്‍ പിന്നെ എവിടെയാകും? അല്ല, സ്ത്രീകളുടെ വോട്ടിന് ഒരു വിലയുമില്ലേ?,’

എന്‍ എസ് മാധവന്റെ ട്വീറ്റില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സി ജോസഫ് രംഗത്തെത്തി. കെ. സി ജോസഫിന്റെ ട്വീറ്ററിന്റെ പൂര്‍ണ രൂപം: സര്‍ക്കാര്‍ നിയമിച്ച ഒരു കമ്മറ്റിയുടെ റിപ്പോര്‍ട് പ്രസിദ്ധീകരിക്കില്ലയെന്ന പിടിവാശി എന്തിനാണ് ? രാജ്യ സുരക്ഷയെ ബാധിക്കുന്ന വല്ല വിവരവും റിപ്പോര്‍ട്ടില്‍ ഉണ്ടോ ? ആരെ സംരക്ഷിക്കാനാണ് ഈ തത്രപ്പാട്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ സിനിമാ മേഖലയിലെ വനിതാ ആര്‍ട്ടിസ്റ്റുകള്‍ നേരിടുന്ന വെല്ലുവിളികളെ പഠിക്കുന്നതിനും പരിഹാരം നിര്‍ദ്ദേശിക്കുന്നതിനുമായാണ് ഹേമ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ആവശ്യവുമായി ഡബ്ല്യു സി സി രംഗത്തെത്തിയെങ്കിലും സര്‍ക്കാര്‍ നിലപാട് തിരുത്താന്‍ തയ്യാറായില്ല.

 

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യവുമായി ബന്ധപ്പെട്ട് പഠനം നടത്തി സ്ത്രീ സുരക്ഷ ഉറപ്പാക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി.

 

Vishnu