‘സൂപ്പർഹിറ്റ് സിനിമയിലെ 3 നായകന്മാരിൽ ഒരാൾ ആസിഫായിരുന്നു, മാറ്റിയത് പൃഥ്വി പറഞ്ഞതുകൊണ്ട്’; വെളിപ്പെടുത്തി നാദിർഷ

Follow Us :

പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരെ നായകന്മാരാക്കി നാദിർഷ ആദ്യമായി സംവിധായകനായ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. 2015ലെ മലയാളത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നായി മാറാനും ചിത്രത്തിന് കഴിഞ്ഞിരുന്നു. മലയാളത്തിലെ മൂന്ന് യുവതാരങ്ങൾ ഒന്നിച്ച സിനിമയ്ക്ക് വലിയ കയ്യടിയാണ് ലഭിച്ചത്. എന്നാൽ, ഇപ്പോൾ സംവിധായകൻ നാദിർഷയുടെ ഒരു വെളിപ്പെടുത്തലാണ് ചർച്ചകളിൽ നിറയുന്നത്. സിനിമയിലെ മൂന്ന് പ്രധാന കഥാപാത്രങ്ങളിലൊരാളായി അഭിനയിക്കേണ്ടിയിരുന്നത് ആസിഫലി ആയിരുന്നുവെന്നാണ് നാദിർഷ പറയുന്നത്.

‘ആസിഫിനോട് തനിക്ക് വലിയ കടപ്പാടുണ്ട്. കാരണം അമർ അക്ബർ അന്തോണിയുടെ കഥ എഴുതിയപ്പോൾ സിനിമയിലെ മൂന്ന് കഥാപാത്രങ്ങളിൽ ഒരാൾ ആസിഫായിരുന്നു. പിന്നീടാണ് കഥ പൃഥിയിലേക്ക് എത്തുന്നത്. കഥ കേട്ടുകഴിഞ്ഞപ്പോൾ രാജു പറഞ്ഞത് ആസിഫിനോട് എടാ, പോടാ എന്നൊക്കെ വിളിക്കുമ്പോൾ ഡിസ്റ്റൻസ് ഫീൽ ചെയ്യുമെന്നും ക്ലാസ്‌മേറ്റ്‌സ് ടീമിനെ തന്നെ കിട്ടിയാൽ കംഫർട്ട് ആയിരിക്കുമെന്നാണ്. ഇക്കാര്യം ആസിഫിനോട് പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ അവൻ പിന്മാറി. സിനിമയിൽ ഫൈസി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. ഒരു പരാതിയുമില്ലാതെയാണ് ആസിഫ് ആ സിനിമ ചെയ്തത്’ – നാദിർഷ പറഞ്ഞു.