ചിമ്പുവും തൃഷയും ജോഡികൾ ആയ വിണ്ണെെത്താണ്ടി വരുവായ എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പായിരുന്ന 2010 ൽ പുറത്തിറങ്ങിയ യെ മായ ചെസവ എന്ന സിനിമയിലൂടെയാണ് സമാന്തയും നാഗ ചൈതന്യയും ആദ്യമായി വെള്ളിത്തിരയിൽ ഒരുമിച്ചെത്തുന്നത്. ഓൺ സ്ക്രീനിലെ മിന്നും താരങ്ങൾ ഓഫ് സ്ക്രീനിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർ ഒന്നടങ്കം ആഘോഷിച്ചതാണ്. എന്നാൽ സമാന്തയും നാഗ ചൈതന്യയും വേർപിരിഞ്ഞിട്ട് നാളുകൾ ഏറെയായെങ്കിലും ഇവരുടെ വേർപിരിയൽ ആരാധകർക്ക് ഇന്നും ഈ സംഭവം നിരാശയുണ്ടാക്കുന്ന ഒന്നാണ്. ഇപ്പോഴിതാ നാഗ ചൈതന്യ നടത്തിയ പരാമർശമാണ് ശ്രദ്ധ നേടുന്നത്. തന്നെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ വെബ് സീരീസ് ഏതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടൻ. ഫാമിലി മാൻ സീരീസാണ് തനിക്കിഷ്ടപ്പെട്ടതെന്നാണ് നാഗ ചൈതന്യ നൽകിയ മറുപടി. ഫാമിലി മാൻ സീരീസിനെക്കുറിച്ച് നാഗ ചൈതന്യ പരാമർശിക്കുമെന്ന് ആരാധകർ കരുതിയിരുന്നില്ല. മുൻ ഭാര്യ സമാന്തയാണ് ഈ സീരീസിന്റെ രണ്ടാം സീസണിൽ പ്രധാന വേഷം ചെയ്തത്.
സൂപ്പർ ഡീലക്സ്, ഫാമിലി മാൻ തുടങ്ങിയ പ്രൊജക്ടുകളിൽ സമാന്ത ഒപ്പുവെക്കുന്നത് വിവാഹിതയായിരിക്കെയാണ്. ഈ പ്രൊജക്ടുകളിൽ ഇന്റിമേറ്റ് രംഗങ്ങളിലും നടി അഭിനയിച്ചു. ഇതാണോ വിവാഹമോചനത്തിന് കാരണമായതെന്ന് നേരത്തെ ചോദ്യങ്ങൾ വന്നിരുന്നു. എന്നാലിപ്പോൾ ഫാമിലി മാൻ ഇഷ്ടപ്പെട്ട സീരാസാണെന്ന് പറഞ്ഞതോടെ ഈ അഭ്യൂഹങ്ങൾ അവസാനിച്ചിരിക്കുകയാണ്. വിവാഹ മോചനത്തിന് ശേഷം പുഷ്പ എന്ന ചിത്രത്തിൽ ഡാൻസ് നമ്പർ ചെയ്യാനും സമാന്ത തയ്യാറായി. വിവാഹമോചനത്തിന് ശേഷം മറ്റ് ചില പ്രതിസന്ധികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നു. കഴിഞ്ഞ കുറേ നാളുകളായി മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷന്റെ ചികിത്സയിലാണ് സമാന്ത. ചികിത്സയുടെ ഭാഗമായി സിനിമകളുടെ തിരക്കും കുറച്ചിട്ടുണ്ട്. ഖുശിയാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വിജയ് ദേവരകൊണ്ട നായകനായെത്തിയ സിനിമ മികച്ച വിജയം നേടി. സിതാഡെൽ എന്ന സീരീസ് സമാന്തയുടേതായി പുറത്തിറങ്ങാനുണ്ട്. കഴിഞ്ഞ ദിവസം സമാന്ത കുട്ടികളെ ദത്തെടുക്കാൻ ഒരുങ്ങുന്നെന്ന വാർത്ത വന്നിരുന്നു. എന്നാൽ നടി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.