Film News

‘ഫഹദ് ഫാസിലിന് ഡിഗ്രി ഇല്ലേ’ ? ; നസ്രിയയുടെ കുറിപ്പിന് പിന്നാലെ ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ബാലതാരമായിട്ടാണ് നസ്രിയ സിനിമയിലെത്തുന്നത്. അതിന് മുമ്പ് തന്നെ നസ്രിയ ടെലിവിഷൻ അവതാരകയായും കയ്യടി നേടിയിരുന്നു. ബാലതാരമായി സിനിമയിലെത്തിയ നസ്രിയ പിന്നീട് തിരക്കുള്ള നായികയായി മാറി. മലയാളത്തില്‍ മാത്രമല്ല തമിഴിലും നസ്രിയ ഒരുപാട് ആരാധകരെ നേടിയെടുത്തിരുന്നു. പിന്നീടാണ് നസ്രിയ വിവാഹിതയാകുന്നത്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന നസ്രിയ അധികം വൈകാതെ ക്യാമറയ്ക്ക് മുന്നിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. മലയാള സിനിമയുടെ ഇന്നിന്റെ മുഖമാണ് ഫഹദ് ഫാസില്‍. ലോകസിനിമയ്ക്കുള്ള മലയാളത്തിന്റെ മറുപടി. തന്റെ അഭിനയ മികവു കൊണ്ട് ഫഹദ് പലപ്പോഴും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. മലയാളവും കടന്ന് തമിഴിലും തെലുങ്കിലുമെല്ലാം വിജയക്കൊടി പാറിക്കാന്‍ സാധിച്ച നടനാണ് ഫഹദ്. മലയാള സിനിമയിലെ ഈ തലമുറയിലെ ഏറ്റവും മികച്ച നടനാണ് ഫഹദ് എന്ന് നിസ്സംശയം പറയാം. ഇപ്പോഴിതാ നസ്രിയ പങ്കുവച്ചൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

തീര്‍ത്തും സാധാരണമായ, തമാശ നിറഞ്ഞൊരു സ്‌റ്റോറിയാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിലുള്ളത് ഫഹദും. ഒരു ഡിഗ്രി നേടാനുള്ള അവസാന ശ്രമം എന്നാണ് നസ്രിയ ഫഹദിന്റെ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. ബാഴ്‌സിലോണ സിനിമാ സ്‌കൂള്‍ ആന്റ് ആക്ടേഴ്‌സ് സ്റ്റുഡിയോയുടെ മുന്നില്‍ നില്‍ക്കുന്ന ഫഹദാണ് ചിത്രത്തിലുള്ളത്. എന്നാല്‍ ഇതോടെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച പോയത് മറ്റൊരു വഴിക്കാണ്. എന്താണ് ഫഹദിന്റെ വിദ്യാഭ്യാസം എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അഭിനേതാവാകാന്‍ വേണ്ടി പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചവരും ആഗ്രഹമുണ്ടായിട്ടും തുടരാന്‍ സാധിക്കാത്തവരുമൊക്കെയുണ്ട്. സൂപ്പര്‍ താരമായ പൃഥ്വിരാജ് സിനിമയില്‍ വന്നതോടെ പഠനം നിര്‍ത്തിയ ആളാണ്. തനിക്ക് സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമേയുള്ളൂവെന്ന് പൃഥ്വിരാജ്  പലവട്ടം പറഞ്ഞിട്ടുണ്ട്. നസ്രിയയുടെ സ്റ്റോറിയ്ക്ക് പിന്നാലെ പൃഥ്വിയെ പോലെ ഫഹദിനും സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമേ ഉള്ളൂവോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന സംശയം.

വിക്കിപീഡിയ പ്രകാരം ഫഹദ് ഫാസില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നേടുന്നത് ആലപ്പുഴയിലേയും തൃപ്പൂണിത്തുറയിലേയും ഊട്ടിയിലേയും സ്‌കൂളുകളില്‍ നിന്നുമാണ്. പിന്നീട് ആലപ്പുഴ എസ്ഡി കോളേജില്‍ നിന്നും ബാച്ചിലേഴ്‌സും യൂണിവേഴ്‌സിറ്റി ഓഫ് മിയാമിയില്‍ നിന്നും മാസ്റ്റേഴ്‌സും നേടാന്‍ പോയെന്നും വിക്കി പീഡിയയില്‍ പറയുന്നു. പിന്നെ എന്തുകൊണ്ടാണ് നസ്രിയ അങ്ങനെ പറഞ്ഞതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അതേസമയം നേരത്തെ നടന്‍ ഇര്‍ഫാന്‍ ഖാന്‍ മരിച്ച സമയത്ത് ഫഹദ് പറഞ്ഞ വാക്കുകളില്‍ അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സൂചനയുണ്ട്. ഇര്‍ഫാന്‍ ഖാന്‍ കാരണമാണ് താന്‍ എഞ്ചിനീയറിംഗ് പഠനം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയതെന്നാണ് ഫഹദ് പറഞ്ഞത്. ഈ ചേര്‍ച്ചയില്ലായ്മകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുന്നത്. അതേസമയം മാമന്നന്‍ ആണ് ഒടുവില്‍ ഫഹദിന്റേതായി പുറത്തിറങ്ങിയ സിനിമ. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തി ഫഹദ് കയ്യടി നേടിയിരുന്നു. പുഷ്പയുടെ രണ്ടാം ഭാഗമാണ് ഫഹദിന്റെ പുതിയ സിനിമ. രോമാഞ്ചം സംവിധായകന്‍ ജിതു മാധവന്‍ ഒരുക്കുന്ന ആവേശത്തിലാണ് ഫഹദ് ഇപ്പോള്‍ അഭിനയിക്കുന്നത്. പിന്നാലെ നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി ഒരുങ്ങുന്നത്. പാച്ചുവും അത്ഭുതവിളക്കുമാണ് ഫഹദിന്റെ ഒടുവില്‍ പുറത്തിറങ്ങിയ മലയാളം സിനിമ.

Sreekumar R