തന്റെ കഥ ഫെയ്‌സ്ബുക്കില്‍ കുറിച്ചതിന് ലിസ്റ്റിനും ഡിജോയും എന്തിനാണ് വയലന്റാകുന്നത്! നിഷാദ് കോയ

Follow Us :

മലയാളി ഫ്രം ഇന്ത്യ സിനിമ വിവാദത്തില്‍ പ്രതികരിച്ച് തിരക്കഥാകൃത്ത് നിഷാദ് കോയ. തന്റെ ഫെയ്‌സ്ബുക്കില്‍ നിഷാദ് കോയ പങ്കുവച്ച കഥയാണ് വിവാദമായത്. കഥയ്ക്ക് പുതിയ ചിത്രം മലയാളി ഫ്രം ഇന്ത്യയുടെ കഥയുമായി സാമ്യമുണ്ടായിരുന്നു. ഇക്കാര്യമാണ് വിവാദമായത്.

ചിത്രത്തിന്റെ റിലീസ് ദിനത്തിന്റെ തലേന്ന് നിഷാദ് കോയ ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. നാളെ റിലീസ് ആകുന്ന ചിത്രത്തിന്റെ കഥ പ്രവചിച്ചാലോ എന്നു പറഞ്ഞായിരുന്നു കുറിപ്പില്‍. മലയാളി ഫ്രം ഇന്ത്യയുടെ കഥയുമായി സാമ്യമുള്ളതായിരുന്നു നിഷാദിന്റെ പോസ്റ്റ്.

പിന്നാലെ നിഷാദിന്റെ പോസ്റ്റില്‍ പ്രതികരിച്ച് ലിസ്റ്റിനും എത്തിയിരുന്നു. നിഷാദ് പോസ്റ്റിട്ടത് മോശമായി പോയി എന്നായിരുന്നു ലിസ്റ്റിന്‍ പറഞ്ഞത്. തന്റെ കഥ ഫെയ്‌സ്ബുക്കില്‍ കുറിച്ചതിന് ലിസ്റ്റിനും ഡിജോയും എന്തിനാണ് വയലന്റാകുന്നതെന്ന് നിഷാദും ചോദിച്ചിരുന്നു. ഒടുവില്‍ ഫെഫ്ക ഇടപെട്ടതോടെയാണ് താന്‍ പോസ്റ്റ് പിന്‍വലിച്ചതെന്നും നിഷാദ് കോയ പറയുന്നു.

ലിസ്റ്റിനുള്ള മറുപടി ഇതാണ്, എന്റെ സിനിമയുടെ കഥ എന്റെ പേജില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഇവരെന്തിനാണ് വയലന്റ് ആകുന്നത്. ഞാന്‍ അവരുമായി കോണ്‍ടാക്ട് ചെയ്തിട്ടില്ലെന്ന് പറയുന്നത് കള്ളമാണ്. അതിന്റെ തെളിവുകളും തന്റെ കൈയ്യിലുണ്ടെന്നും നിഷാദ് പറയുന്നു.

വിവാദം ഇങ്ങനെ: നിഷാദ് കോയ INDO-PAK എന്ന പേരില്‍ ഒരു സ്‌ക്രിപ്റ്റ് എഴുതി അത് നടന്‍ ജയസൂര്യയോട് പറയുന്നു. ജയസൂര്യ ജോഷി ഉള്‍പ്പടെ സംവിധായകരോട് പ്രോജക്റ്റ് നടക്കാന്‍ വേണ്ടി സംസാരിക്കുന്നു. നീണ്ട് പോകുന്നതിനാല്‍ ജയസൂര്യ ഒരു പരസ്യ ചിത്രീകരണത്തിനിടയ്ക്ക് മുന്‍പും പലതവണ കഥ മോഷണം ആരോപിച്ചിട്ടുള്ള ഡിജോ ജോസിനോട് കഥ പറയുന്നു.

ജയസൂര്യ ഇത് റൈറ്റര്‍ നിഷാദ് കോയയോട് സംസാരിക്കുന്നു, നിഷാദ് ഇത് ഫോളോ അപ്പ് ചെയ്യാനായി ഡിജോയ്ക്ക് മെസേജ് അയക്കുന്ന വേളയില്‍ തന്ത്രപരമായ് ഒഴിഞ്ഞ് മാറുന്നു. മറ്റ് നടന്മാരോട് കഥ പറയുന്നതിനിടയ്ക്ക് നിഷാദ് കോയ പ്രിത്വിരാജിനോട് കഥ പറയുന്നു. പ്രിത്വിക്ക് ഇത് വളരെ ഇഷ്ടപ്പെടുന്നു. ഒരു പ്രോജക്റ്റായി വരാനിരിക്കുന്ന വേളയില്‍ സലാറിന്റെ ലൊക്കേഷനിലേക്ക് പ്രിത്വിരാജ് നിഷാദ് കോയയെ വിളിപ്പിക്കുന്നു.

വിമാനം-എബി പോലൊരു പ്രശ്‌നം ഉണ്ടാവരുതെന്ന സദുദ്ദേശത്തോടുകൂടി നിഷാദിന്റെ കഥയുമായി സാമ്യമുള്ളൊരു പ്രോജക്റ്റ് ഡിജോ – നിവിന്‍ കൂട്ടുകെട്ടില്‍ വരുന്നുണ്ട് എന്ന് പറയുകയുണ്ടായി. പ്രിത്വിയുമായി ഡിജോ സിനിമ ചെയ്തിട്ടുള്ളത് കൊണ്ട് മുന്‍പ് ഡിജോയോട് ജയസൂര്യ വഴി കഥ പറഞ്ഞിട്ടുള്ളത് പ്രിത്വിയെ അന്ന് അറിയിച്ചില്ല. പിന്നീട് വാട്‌സാപ്പ് മെസേജ് വഴി ഡിജോയോട് ഈ വിവരം അന്വേക്ഷിച്ചപ്പൊ ആ കഥയുമായി സാമ്യമില്ലാത്ത ഹ്യൂമര്‍ ഒക്കെ ഉള്ളൊരു പരിപാടി ആണ് ചെയ്യുന്നതെന്ന ഉറപ്പും കൊടുത്തു.

റിലീസിന് മുന്‍പ് വന്ന ട്രെയിലര്‍ കണ്ടതോടെയാണ് ഇത് തന്റെ കഥയെല്ലെന്ന് സംശയം തോന്നിയത്. ലിസ്റ്റിനോട് ചോദിച്ചപ്പോള്‍ പരാതിപ്പെടാനാണ് ആവശ്യപ്പെട്ടത്. അങ്ങനെ ചെയ്യാനാവത്തതുകൊണ്ടാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ഫെഫ്കയിലെ സീനിയര്‍ അംഗങ്ങള്‍ വിളിച്ചതുകൊണ്ടാണ് ഡിലീറ്റ് ചെയ്തത്. അല്ലാതെ ലിസ്റ്റിന്‍ പറയുന്ന പോലെ തെറ്റുണ്ടെന്ന് തോന്നിയിട്ടല്ല എന്നായിരുന്നു നിഷാദ് കോയ പറയുന്നത്.