ഒരുപക്ഷെ പേര് ഓർത്തെടുക്കാൻ കഴിയില്ലെങ്കിലും ഇന്നും മലയാളികൾ മറക്കാത്ത ഒരു ഗന്ധർവനുണ്ട്

Follow Us :

ഒരുപക്ഷെ പേര് ഓർത്തെടുക്കാൻ കഴിയില്ലെങ്കിലും ഇന്നും മലയാളികൾ മറക്കാത്ത ഒരു നടനുണ്ട് അല്ല ഒരു ഗന്ധർവനുണ്ട്. ആ ഗന്ധർവന്റെ മുഖവും ഭാവവും ഒന്നും മലയാളികൾ മറന്നിട്ടുണ്ടാകില്ല. പത്മരാജന്റെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നായ ഞാന്‍ ഗന്ധര്‍വൻ എന്ന ചിത്രത്തിൽ നായകൻ ആയെത്തിയ നിധീഷ് ഭരദ്വാജിനെപ്പറ്റിയാണ് ഈ പറഞ്ഞത്. ഒറ്റ സിനിമ കൊണ്ട് തന്നെ നിധീഷിന് മലയാളികളുടെ മനസിൽ സ്ഥാനം ലഭിച്ചു. ചിത്രത്തിൽ ഗന്ധര്‍വനായെത്തിയ നിധീഷ് ഭരദ്വാജിനെ മലയാളികള്‍ ഇന്നും വിശേഷിപ്പിക്കുന്നത് ഗന്ധര്‍വനെന്നാണ്. വർഷങ്ങൾക്ക് ശേഷം നിധീഷ് ഭരദ്വാജ് മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണിപ്പോൾ. ജയസൂര്യ നായകനാകുന്ന പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കത്തനാരിലൂടെയാണ് 33 വർഷങ്ങൾക്കു ശേഷം നിധീഷ് ഭരദ്വാജ് മലയാള സിനിമയിൽ അഭിനയിക്കുന്നത്. കൊച്ചിയിലെ ലൊക്കേഷനിൽ നിധീഷ് ഭരദ്വാജ് കഴിഞ്ഞ ദിവസം ജോയിൻ ചെയ്തു. ജയസൂര്യയും സംവിധായകൻ റോജിൻ തോമസും ഉൾപ്പെടെയുള്ളവർ ചേർന്നാണ് നിധീഷി ഭരദ്വാജ്നെസ്വീകരിച്ചത്. ജയസൂര്യക്കൊപ്പം കത്തനാരിൽ ശ്രദ്ധേയ വേഷമാണ് നിധീഷിന് എന്നാണ് റിപ്പോർട്ട്.

അതേസമയം മലയാള സിനിമയിൽ വളരെ വർഷങ്ങളായി പ്രൊഡക്ഷൻ കൺട്രോളറായി ജോലി ചെയ്യുന്ന സിദ്ധു പനയ്ക്കൽ വർഷങ്ങൾക്ക് ശേഷം വീണ്ടും തന്റെ പ്രിയ അഭിനേതാവിനെ കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ്. ഒരു കാലത്ത് സിദ്ധുവിന്റെ അടക്കം ഹൃദയം കവർന്ന ഹീറോയായിരുന്നു നിധീഷ്. വർഷങ്ങൾക്കു ശേഷമുള്ള കൂടിക്കാഴ്ചയെ കുറിച്ച് സിദ്ധു പനയ്ക്കൽ ഫെയ്‌സ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്… എത്രയോ വർഷം മുമ്പ് നമ്മോടൊപ്പം വർക്ക് ചെയ്ത ഒരാൾ അദ്ദേഹത്തിന്റെ കൂടെ വീണ്ടും വർക്ക് ചെയ്യാൻ കഴിയുമെന്നോ കണ്ടുമുട്ടാൻ കഴിയുമെന്നോ നമുക്ക് പ്രതീക്ഷിക്കാൻ പറ്റില്ല. പ്രത്യേകിച്ച് നമ്മുടെ ഭാഷയിൽ അല്ലാത്ത ഒരാൾ. നിധീഷ് ഭരദ്വാജ്… ഞാൻ ഗന്ധർവനിലെ ഗന്ധർവൻ എന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. പത്മരാജൻ സാർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പ്രൊഡക്‌ഷൻ കൺട്രോളർ എന്റെ ഗുരുനാഥൻ മോഹനേട്ടനായിരുന്നു. അപ്പു എന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞതിനു ശേഷം മോഹനേട്ടൻ എന്നോട് പറഞ്ഞു നീ നേരെ തൃശൂരിലേക്ക് പൊക്കോ. അവിടെ പത്മരാജൻ സാറിന്റെ ടീം എത്തിയിട്ടുണ്ട്. ഷൂട്ടിങ് തുടങ്ങുമ്പോഴേക്കും ഞാൻ എത്തിക്കോളാം.

നിധീഷ് ഭരദ്വാജിനെ നേരിൽ കാണാമല്ലോ എന്ന സന്തോഷം എനിക്ക്. നിധീഷ് സാറിനെ ജനങ്ങൾ അത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്ന കാലമായിരുന്നു അത്. ശ്രീകൃഷ്ണൻ ജനങ്ങളുടെ ഉള്ളിൽ ഒന്നാകെ നിറഞ്ഞുനിൽക്കുന്ന കാലം. മഹാഭാരതം ടെലികാസ്റ്റ് ചെയ്യുമ്പോൾ കറന്റ് പോയതിന് ഇലക്ട്രിസിറ്റി ബോർഡിന്റെ ഓഫീസ് ജനങ്ങൾ തല്ലിത്തകർത്ത സംഭവമുണ്ടായിട്ടുണ്ട് എന്നും സിദ്ധു കുറിയ്ക്കുന്നു. സുപർണയാണ് നായിക. സുപർണയെ എനിക്ക് മുമ്പ് പരിചയമുണ്ട്. വൈശാലിയിലെ നായികയായിരുന്നു അവർ. ആ പടത്തിൽ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. തൃശൂർ എത്തി പ്രീ-പ്രൊഡക്‌ഷൻ വർക്കുമായി നടക്കുമ്പോഴും ശ്രീകൃഷ്ണനെ നേരിൽ കാണാനുള്ള ആകാംക്ഷയിലായിരുന്നു ഞാൻ. ഷൂട്ടിങ്ങിന് മുമ്പ് ശ്രീകൃഷ്ണൻ എത്തി. എങ്ങിനെയും അദ്ദേഹത്തിന്റെ കൂടെ ഒരു ഫോട്ടോ എടുക്കണം. അന്ന് ഇന്നത്തെ പോലെ ഫോട്ടോയെടുക്കാൻ മൊബൈൽ ഫോണുണ്ടായിരുന്നില്ല. നിധീഷ് സാറിന്റെ കൂടെ ഒരു ഫോട്ടോയെടുത്തു തരാൻ പറഞ്ഞ് സ്റ്റിൽ ഫോട്ടോഗ്രാഫർ സുനിൽ ഗുരുവായൂരിന്റെ പിന്നാലെ പല തവണ നടന്നു. ഒടുവിൽ സുനിലേട്ടൻ കനിഞ്ഞു ഫോട്ടോയെടുത്തു. ആ ഫോട്ടോ ഇന്നും ഞാൻ സൂക്ഷിച്ചുവെച്ചിട്ടുണ്ട് എന്നും സിദ്ധു കുറിക്കുന്നു . ഷൂട്ടിങ് തുടങ്ങി പകുതി ദിവസങ്ങൾ കഴിഞ്ഞപ്പോൾ അപ്പു എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്‌ഷൻ വർക്കുകൾക്കായി മോഹനേട്ടൻ എന്നെ മദ്രാസിലേക്ക് അയച്ചു.

ഞാൻ ഗന്ധർവന്റെ റിലീസിനുശേഷം ഞങ്ങൾ പ്രണവം ആർട്സിന്റെ ഭരതം എന്ന പടത്തിന്റെ ഷൂട്ടിങ്ങിനുവേണ്ടി കോഴിക്കോട് താമസിക്കുമ്പോഴാണ് ആ ദുരന്തമുണ്ടായത്. ഞാൻ ഗന്ധർവന്റെ പരസ്യപ്രചരണത്തിന് വേണ്ടി ഗുഡ് നൈറ്റ് മോഹൻസാറിനോടും ഗാന്ധിമതി ബാലേട്ടനോടും നിതീഷ് സാറിനോടും ഒപ്പം കോഴിക്കോട്ട് എത്തിയ പത്മരാജൻ സർ പാരമൗണ്ട് ടവറിൽ വെച്ച് അന്തരിച്ചു. അന്നാണ് നിധീഷ് സാറിനെ വീണ്ടും കണ്ടത്. അതിനെപ്പറ്റി വിശദമായി ഞാൻ മുമ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. അതുകൊണ്ട് അത് ഇവിടെ ആവർത്തിക്കുന്നില്ല. ഞാൻ പ്രൊഡക്‌ഷൻ കൺട്രോളറായി വർക്ക് ചെയ്യുന്ന ഗോകുലം മൂവീസിന്റെ കടമറ്റത്ത് കത്തനാർ എന്ന പടത്തിൽ അഭിനയിക്കാനാണ് 33 വർഷത്തിനുശേഷം അദ്ദേഹം വീണ്ടും മലയാളത്തിൽ എത്തിയത്. ഞാൻ ഗന്ധർവന്റെ ഷൂട്ടിങ് കാലത്തേക്ക് ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് നടന്നു. തൃശൂരും, പത്മരാജൻ സാറും, ഗുഡ് നൈറ്റ് മോഹൻസാറും, ക്യാമറമാൻ വേണുവേട്ടനും ആർട്ട്‌ ഡയറക്ടർ രാജീവ് അഞ്ചലും, അസോസിയേറ്റ് ഡയറക്ടർ ജോഷി മാത്യുവും, പൂജപ്പുര രാധാകൃഷ്ണൻ ചേട്ടനും എല്ലാം സംസാരത്തിൽ കടന്നുവന്നു. സുപർണയെപിന്നീട് കണ്ടിട്ടുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. അവർ നന്നായി തടി വച്ചിട്ടുണ്ടെന്ന് പറഞ്ഞു. സഞ്ജയ്-സുപർണ വിവാഹശേഷം ചാനൽ പരിപാടിയുടെ ഒരു ചടങ്ങിന് വന്നപ്പോൾ രണ്ടുപേരെയും വർഷങ്ങൾക്കുശേഷം കണ്ട കാര്യം ഞാനും പറഞ്ഞു.