Film News

കടുത്ത പ്രതിസന്ധി നേരിട്ട് പുതിയ മലയാളം റിലീസുകൾ; ഉറച്ച നിലപാടുമായി പിവിആർ, വലിയ തിരിച്ചടി

ഈദ്, വിഷു റിലീസുകളിലായി എത്തുന്ന സിനിമകളില്‍ മലയാളം വളരെ പ്രതീക്ഷയിലാണ്. ആവേശം, വര്‍ഷങ്ങള്‍ ശേഷം, ജയ് ഗണേഷ് എന്നിങ്ങനെ പ്രധാന മൂന്ന് ചിത്രങ്ങളാണ് ഈ ആഘോഷ കാലത്ത് എത്തിയത്. എന്നാല്‍, പിവിആറില്‍ ഇവയുടെ പ്രദര്‍ശനം വേണ്ടെന്ന് വച്ചത് ആരാധകരെയും സിനിമ പ്രവര്‍ത്തകരെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്.

ഈ മൂന്ന് മലയാള ചിത്രങ്ങളുടെയും ടിക്കറ്റ് ബുക്കിംഗ് ബഹിഷ്‍കരിക്കുന്ന നിലപാടുമായി മുന്നോട്ടുപോകുകയാണ് പിവിആര്‍. കൊച്ചി, തിരുവനന്തപുരം പിവിആറില്‍ മലയാളം സിനിമകളുടെ പ്രദര്‍ശനം ഉണ്ടാകില്ലെന്നാണ് വിവരം.
ഫോറം മാളില്‍ പുതുതായി അടുത്തിടെ തുടങ്ങിയ പിവിആര്‍- ഐനോക്സിലും പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്യുന്നില്ല. പിവിആര്‍ രാജ്യമൊട്ടാകെ പുതിയ മലയാള സിനിമകളുടെ റിലീസ് ബഹിഷ്‍ക്കരിക്കുന്നത് കടുത്ത പ്രതിസന്ധിയുണ്ടാക്കും.

ഡിജിറ്റല്‍ കണ്ടന്റ് മാസ്റ്റിംഗ് ചെയ്‍ത് തിയറ്ററുകളില്‍ എത്തിച്ചിരുന്നത് യുഎഫ്ഒ, ക്യൂബ് കമ്പനികളായിരുന്നു. ഇവര്‍ ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നതെന്നാണ് മലയാള സിനിമ നിര്‍മാതാക്കളുടെ പരാതി. തുടര്‍ന്ന് ഡിജിറ്റല്‍ കണ്ടന്റ് സംവിധാനം വഴി മലയാളി നിര്‍മാതാക്കള്‍ മാസ്റ്ററിംഗ് യൂണിറ്റ് തുടങ്ങിയതാണ് പിവിആറുമായുള്ള തര്‍ക്കത്തിന്‍റെ കാരണം. ഡിജിറ്റല്‍ കണ്ടന്റ് പുതുതായി നിര്‍മിക്കുന്ന തിയറ്ററുകളില്‍ ഉപയോഗിക്കണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഫോറം മാളിലെ പുതുതായി തുടങ്ങിയ തിയറ്ററുകളിലും ഉപയോഗിക്കാൻ ആവശ്യപ്പെട്ടതിനാലാണ് പിവിആര്‍ ഇടഞ്ഞത്. സംഘടനകള്‍ ചര്‍ച്ചകള്‍ നടത്തി നോക്കിയെങ്കിലും ഫലമുണ്ടായില്ല.

Ajay Soni