Malayalam Article

അശ്രദ്ധമായി ഡോര്‍ തുറന്നു; ബൈക്ക് യാത്രക്കാരി കാറിനടിയിലേക്ക്- വീഡിയോ

കര്‍ണാടകയിലെ റോഡ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പങ്കുവെച്ച ഞെട്ടിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. നിങ്ങളുടെ കാറിന്റെ ഡോര്‍ തുറക്കുന്നതിന് മുമ്പ് വളരെയധികം ശ്രദ്ദിക്കേണ്ടത് എന്തുകൊണ്ട് പ്രധാനമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു ഈ വീഡിയോ.

സ്‌കൂട്ടര്‍ ഓടിച്ചുപോവുകയായിരുന്ന ഒരു സ്ത്രീ, പെട്ടെന്ന് തുറന്ന കാറിന്റെ ഡോറില്‍ തട്ടി മറ്റൊരു കാറില്‍ ഇടിച്ചുകയറുന്നത് കാണിക്കുന്നു.

യാതൊരു മുന്നറിയിപ്പുമില്ലാതെ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ വലതുവശത്തെ വാതില്‍ തുറന്നതോടെ യുവതി സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നു. ഉടന്‍ തന്നെ അവര്‍ പുറകില്‍ വന്ന ഒരു കാറിന്റെ ചക്രങ്ങള്‍ക്കടിയില്‍ പെട്ടു.

‘പൊതു റോഡുകളില്‍ നിങ്ങളുടെ കാറിന്റെ ഡോര്‍ തുറക്കുന്നതിന് മുമ്പ്, ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍, പുറകില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ സൈഡ് അല്ലെങ്കില്‍ റിയര്‍ വ്യൂ മിററില്‍ പരിശോധിച്ച് ഉറപ്പാക്കുക. ശ്രദ്ധിക്കുകയും ചെയ്യുക!- കര്‍ണാടക സ്റ്റേറ്റ് റോഡ് സേഫ്റ്റി അതോറിറ്റി ട്വീറ്റ് ചെയ്തു.

സെപ്തംബര്‍ 24 നാണ് അപകടം സംഭവിച്ചത്, എന്നാല്‍ യുവതിക്ക് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. സമീപത്ത് നില്‍ക്കുന്നവരും സഹായത്തിനായി ഓടിയെത്തുന്നതും കാണാം.

”വാതില്‍ തുറന്ന വ്യക്തിയെ അറസ്റ്റ് ചെയ്യുകയും കൊലപാതകശ്രമത്തിന് കേസെടുക്കുകയും വേണം,” ഒരു ഉപയോക്താവ് പറഞ്ഞു.

”വലത്തേക്ക് തിരിയുന്നതിന് മുമ്പോ അല്ലെങ്കില്‍ വാതില്‍ തുറക്കുന്നതിന് മുമ്പോ ഏതെങ്കിലും വാഹനം വരുന്നുണ്ടോ എന്ന് നിങ്ങള്‍ പരിശോധിക്കേണ്ടതുണ്ട് എന്നത് അടിസ്ഥാന അറിവാണ്,” ഒരു ഉപയോക്താവ് പറഞ്ഞു.

Gargi