‘6 മാസമായി ഞങ്ങൾ തമ്മിൽ ബന്ധമില്ല, പരാതി സൗഹൃദം ഉപേക്ഷിച്ചതിന്റെ വിരോധത്തിൽ’; പ്രതികരിച്ച് ഒമർ ലുലു

Follow Us :

നടിയുടെ പരാതിയിൽ ബലാത്സം​ഗ കേസ് എടുത്തതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ ഒമർ ലുലു. വ്യക്തിപരമായ വിരോധം മൂലമാണ് ആരോപണമെന്നാണ് ഒമർ ലുലു പറയുന്നത്. നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നു, ഇത് ഉപേക്ഷിച്ചതിന്റെ വിരോധമാണ് ഇത്തരമൊരു പരാതിക്ക് പിന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”ഈ പെൺകുട്ടിയുമായി ഒരുപാടുനാളായുള്ള സൗഹൃദമുണ്ട്. പല യാത്രയിലും ഒപ്പം വന്നിരുന്ന ആളായിരുന്നു. എന്നാൽ ഇടയ്ക്ക് സൗഹൃദത്തിൽ വിള്ളൽ സംഭവിച്ചു. ആറു മാസമായി ഞങ്ങൾ തമ്മിൽ ബന്ധമില്ല. തൊട്ടു മുൻപ് ചെയ്ത സിനിമയിലും ഈ പെൺകുട്ടി അഭിനയിച്ചിരുന്നു. ഇപ്പോൾ പുതിയ സിനിമ തുടങ്ങിയപ്പോഴാണ് ഇങ്ങനെയൊരു പരാതിയുമായി പെൺകുട്ടി രംഗത്ത് വന്നത്. സിനിമയിൽ അവസരം നൽകാത്തതിലുള്ള ദേഷ്യവുമാകാം ഇങ്ങനെയൊരു പരാതിക്കു കാരണം. ചിലപ്പോൾ പണം തട്ടിയെടുക്കാനുള്ള ബ്ലാക്‌മെയ്‌ലിങിന്റെ ഭാഗം കൂടിയാണെന്ന് ആരുകണ്ടു” ഒമർ ലുലു പറഞ്ഞു.

യുവ നടിയാണ് സംവിധായകൻ ഒമർ ലുലുവിനെതിരെ പോലീസിൽ പരാതി നൽകിയത്. കൊച്ചി സിറ്റി പൊലീസിന് നൽകിയ പരാതി പിന്നീട് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഒമർ ലുലു സനിമയിൽ അവസരം നൽകാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളിൽ വെച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.