കളക്ഷനിൽ റെക്കോർഡുമായി ‘ഓപ്പൺഹൈമർ; വിവാദങ്ങൾ കാറ്റിൽപറത്തി കുതിപ്പ് തുടരുന്നു

ബയോപിക്കുകൾ എല്ലാ കാലത്തും സിനിമാ പ്രേക്ഷകർ കൈനീട്ടി സ്വീകരിച്ചിട്ടുണ്ട്, ഒരു വ്യക്തിയെ പറ്റി കൂടുതലറിയാൻ അത് പ്രേക്ഷകനെ എപ്പോഴും സഹായിക്കുന്നു. ഭാവിയിൽ പ്രസ്തുത വ്യക്തിയെ പറ്റിയുള്ള ഒരു റഫറൻസായി പലരും ഇത്തരം സിനിമകളെ ഉപയോഗിക്കുന്നു. അത്തരത്തിൽ ലോക സിനിമയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചകൾക്ക് വഴിവെച്ച ഒരു സിനിമയായിരുന്നു ആറ്റം ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന റോബർട്ട്. ജെ. ഓപ്പൺഹൈമറുടെ ജീവിതത്തെ ആസ്പദമാക്കി വിഖ്യാത സംവിധായകൻ  ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ‘ഓപ്പൺഹൈമർ’ എന്ന സിനിമ.ആ​ഗോള ബോക്സ് ഓഫീസിൽ ഏക്കാലത്തെയും ഏറ്റവും വലിയ കളക്ഷൻ നേടുന്ന ബയോപിക് ആയി ക്രിസ്റ്റഫർ നോളന്റെ ഓപ്പൻഹൈമർ. ആ​ഗോള ബോക്സ് ഓഫീസിൽ നിന്നും 912 മില്ല്യൺ ഡോളറാണ് ഓപ്പൻഹൈമർ നേടിയത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഫ്രെഡി മെർക്കുറിയെയും ബാൻഡ് ക്വീനിനെയും കേന്ദ്രീകരിച്ചുള്ള ‘ബൊഹീമിയൻ റാപ്‌സോഡി’ എന്ന ചിത്രത്തിന്റെ കളക്ഷൻ റെക്കോർഡാണ് ഇതോടുകൂടി ഓപ്പൻഹൈമർ മറികടന്നത്. 2018 ഒക്ടോബറിൽ റിലീസ് ചെയ്ത ബൊഹീമിയൻ റാപ്‌സോഡിയുടെ കളക്ഷൻ 910 മില്ല്യൺ ഡോളറായിരുന്നു. ജെ. റോബെർട്ട് ഓപ്പൻഹൈമറുടെ മാൻഹട്ടൻ പ്രോജെക്ടിനെ ആസ്പദമാക്കി ക്രിസ്റ്റഫർ നോളൻ ഒരുക്കിയ ചിത്രമായിരുന്നു ഓപ്പൻഹൈമർ. കിലിയൻ മർഫിയാണ് ചിത്രത്തിൽ ആറ്റംബോംബിന്റെ പിതാവായ ശാസ്ത്രജ്ഞൻ ജെ. റോബെർട്ട് ഓപ്പൻഹൈമറിനെ അവതരിപ്പിച്ചത്. ബൊഹീമിയൻ റാപ്‌സോഡിക്ക് മുമ്പ് ഏറ്റവും വിജയകരമായ ജീവചരിത്രം 2014 പുറത്തിറങ്ങിയ ‘അമേരിക്കൻ സ്‌നൈപ്പർ’ ആയിരുന്നു.

രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്കയുടെ വിജയത്തിനായി ജെ. റോബർട്ട് ഓപ്പൻഹൈമർ സൃഷ്‌ടിച്ച ആറ്റം ബോംബ് എങ്ങനെയാണ് ലോകത്തെ തന്നെ മാറ്റിമറിച്ചത് എന്നതാണ് സിനിമയുടെ ഇതിവൃത്തം. 1945-ൽ ന്യൂ മെക്‌സിക്കോയിലെ മരുഭൂമിയിൽ നടന്ന ന്യൂക്ലിയർ ബോംബിന്റെ ആദ്യത്തെ പരീക്ഷണ സ്‌ഫോടനമായ ട്രിനിറ്റി ടെസ്റ്റ് ഓപ്പൺഹൈമർ ടീം പൂർണ്ണമായും CGI ഇല്ലാതെ പുനഃസൃഷ്ടിച്ചത് വലിയ വാർത്തയായിരുന്നു. പൂർണ്ണമായും 70 mm ഐമാക്സ് ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ സിനിമയായ ഓപ്പൻഹൈമർ ജൂലൈ 21നാണ് തിയറ്ററുകളിലെത്തയിത്. എമിലി ബ്ലണ്ട്, മാട്ട് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, ഫ്ലോറെൻസ് പഗ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രം നിർമിച്ചത് യൂണിവേഴ്സൽ പിക്ചർസ്‌ ആണ്. റെക്കോർഡുകളെ കൂടാതെ വിവാദങ്ങളിലും നിറഞ്ഞു നിന്നിരുന്നു ഓപ്പൺഹൈമർ. ചിത്രത്തിൽ ഓപ്പൺഹൈമറായി വേഷമിട്ട കിലിയൻ മർഫി ലൈംഗികബന്ധത്തിനിടെ ഭഗവത് ഗീത വായിക്കുന്ന രംഗം ഇന്ത്യയിൽ ഒരുപാട് ചർച്ചകൾക്കും, വിവാദങ്ങൾക്കും തുടക്കമിട്ടിരുന്നു. കൂടാതെ ‘സേവ് ഇന്ത്യ സേവ് കൾച്ചർ ഫൌണ്ടേഷൻ’ ചിത്രത്തിനെതിരെ നടപടിയെടുക്കണമെന്ന് പറഞ്ഞ് രംഗത്തുവന്നിരുന്നു. അതേസമയം ഓപ്പൻഹൈമറിനൊപ്പം റിലീസ് ചെയ്ത ബാർബിയാണ് 2023 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി മറിയത്. ​ഗ്രെറ്റ ​ഗെർവിക്കിന്റെ സംവിധാനത്തിൽ മാർഗോട്ട് റോബി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഫാന്റസി-കോമഡി ഴോണറിലെത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ 1.38 ബില്ല്യൺ ഡോളറാണ് നേടിയത്. അതോടുകൂടി ഈ വർഷത്തെ ഏറ്റവും വലിയ കളക്ഷൻ നേടിയ സൂപ്പർ മാരിയോ ബ്രോസിന്റെ ($1.36 ബില്യൺ) റെക്കോർഡിനെയാണ് ബാർബി മറികടന്നത്. റയാൻ ഗോസ്ലിംഗ്, സിമു ലിയു, എമ്മ മക്കി, കേറ്റ് മക്കിന്നൺ, ഇസ റേ, അലക്‌സാന്ദ്ര ഷിപ്പ്, കിംഗ്സ്ലി ബെൻ-ആദിർ, സ്കോട്ട് ഇവാൻസ്, ജോൺ സിന എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു..

Sreekumar R