തനിക്കെതിരെ ഉണ്ടായ ബോഡി ഷെയിമിങ് കോമഡിയെ കുറിച്ച് ഗിന്നസ് പക്രു

Follow Us :

നടനും മിമിക്രി താരവുമായ ബിനു അടിമാലി ഗിന്നസ് പക്രുവിനെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചു എന്ന വാര്‍ത്ത വലിയ രീതിയില്‍ പ്രചരിക്കപ്പെട്ടിരുന്നു. പക്രുവിന്റെ ശരീരത്തെ കളിയാക്കിയെന്നും അത് ബോഡി ഷെയിമിംഗ് ആണെന്നുമൊക്കെ ആയിരുന്നു ആരോപണം. സത്യത്തില്‍ അന്ന് സംഭവിച്ചത് എന്താണെന്നുള്ള കാര്യത്തെ പറ്റി തുറന്ന് സംസാരിക്കുകയാണ് അജയകുമാര്‍ എന്ന ഗിന്നസ് പക്രു. ശരിക്കും ബിനു അടിമാലി പറഞ്ഞ ഡയലോഗ് പറഞ്ഞ് കൊടുത്തത് പോലും താനാണെന്നാണ് അജയകുമാർ പറയുന്നത്. സ്വന്തം ശരീരത്തെ കളിയാക്കി കൊണ്ടാണ് താന്‍ കലാകാരനായത്. കോമഡി വേദികളില്‍ പറയുന്ന തമാശ നിറഞ്ഞ കാര്യം കട്ട് ആക്കി റീലായിട്ട് വരുമ്പോഴാണ് അത് വേറൊരു രീതിയില്‍ മനസിലാക്കപ്പെടുന്നതെന്നാണ് ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ ഗിന്നസ് പക്രു പറയുന്നത്. ചേട്ടന്‍ പേടി മാറ്റാന്‍ ആനയുടെ അടിയില്‍ കൂടെ പോണ്ട. വല്ല ആനപ്പിണ്ടവും വീണാല്‍ ചേട്ടന്‍ ഏതാ പിണ്ടമേതാണെന്ന് തിരിച്ചറിയാന്‍ പറ്റാതാകും’ എന്ന കമന്റ് ആണ് പ്രശ്‌നമായത്. സത്യത്തില്‍ ആ കമന്റ് താനാണ് ബിനുവിനെ കൊണ്ട് പറയിപ്പിച്ചത്.

പലരും ബിനുവിനെ ഉന്നം വെച്ച് ആക്രമിച്ച സമയത്ത് ഇതും ഉപയോഗിക്കപ്പെട്ടതാണ്. തന്നെ ഏറ്റവും കൂടുതല്‍ ബോഡി ഷെയിമിംഗ് ചെയ്തിട്ടുള്ളയാള്‍ താന്‍ തന്നെയാണ്. എന്റെ രൂപമാണ് പരിപാടിയില്‍ ആദ്യം ചിരി ഉണ്ടാക്കുന്നത് എന്ന തിരിച്ചറിവാണ് തന്നെ കലാകാരന്‍ ആക്കിയത്. ആ ചിരിയെ പോസിറ്റീവായി എടുക്കുകയും വളര്‍ത്തുകയും ചെയ്തു. ഇന്ന് പൊളിറ്റിക്കല്‍ കറക്ട്നെസ്സിനെ പറ്റി അവബോധമുള്ള സമൂഹം വളര്‍ന്നതിനാല്‍ മറ്റൊരാള്‍ക്കെതിരെ തമാശ പറയുമ്പോള്‍ ആലോചിക്കേണ്ടി വരും. എന്നിരുന്നാലും കോമഡി ചെയ്യുന്നവരെ ഇത്തരമൊരു വൃത്തത്തില്‍ ആക്കിയാല്‍ തമാശയുണ്ടാക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടു പോകുമെന്നാണ് പക്രു പറയുന്നത്. മാത്രമല്ല വിദേശ രാജ്യങ്ങളിലെ സ്റ്റാന്‍ഡ് അപ് കോമഡികളില്‍ എന്തൊക്കെയാണ് അവര്‍ പറയുന്നത്. എന്നാൽ അത് തമാശയായി തന്നെ എടുക്കപ്പെടുന്നു. ഒരു വേദിയില്‍ അവിടുത്തെ മൂഡ് അനുസരിച്ച് പറയുന്ന കാര്യങ്ങള്‍ കട്ട് ചെയ്ത് റീലായി കാണുമ്പോള്‍ മറ്റൊരു വിധത്തിലായിരിക്കും മനസ്സിലാക്കപ്പെടുന്നത്. അതുമാത്രം കണ്ട് ബോഡി ഷെയിമിംഗ് ചെയ്തുവെന്നോ അഹങ്കാരത്തോടെ സംസാരിച്ചെന്നോ വിലയിരുത്താനാകില്ല. അതേസമയം പൊതുസമൂഹത്തിനു മുന്നില്‍ തമാശ പറയുമ്പോള്‍ ബോഡി ഷെയിമിംഗ് ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണമെന്നും നടന്‍ ഓര്‍മ്മിപ്പിക്കുന്നു.

ആദ്യമായി ബോഡി ഷെയിമിംഗിനെ പറ്റി സംസാരിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും പക്രു തുറന്ന് സംസാരിക്കുന്നുണ്ട്. മാത്രമല്ല ശാരീരിക പരിമിതിയുള്ള ആളുകളെ പൊതുവിടത്തില്‍ കളിയാക്കുന്നതും പ്രോഗ്രാമില്‍ പറയുന്ന തമാശകളും തമ്മില്‍ വ്യത്യാസമുണ്ട് എന്നും ക്വാഡന്‍ എന്നാ കുഞ്ഞിനെ കൂട്ടുകാര്‍ ബോഡി ഷേമി ചെയ്തതിന്റെ പേരില്‍ അവന്‍ വിഷമിച്ച് കരയുന്നത് കണ്ടപ്പോഴാണ് ആദ്യമായി ഞാന്‍ ഇതിനെക്കുറിച്ച് പ്രതികരിക്കുന്നതെന്നും നടന്‍ പറഞ്ഞു. അതേസമയം മലയാളികളുടെ പ്രിയങ്കരനാണ് നടന്‍ അജയകുമാര്‍. മിമിക്രി വേദികളിലൂടെയായിരുന്നു നടന്റെ തുടക്കം. പിന്നീട് അദ്ദേഹം ടെലിവിഷന്‍ പരിപാടികളിലേക്കും അവിടെ നിന്നും സിനിമയിലേക്കുമെത്തി. തുടക്കകാലത്ത് കോമഡി വേഷങ്ങളായിരുന്നു അജയകുമാറിനെ തേടിയെത്തിയത്. പിന്നീട് നായകനായും സഹനടനായുമെല്ലാം അദ്ദേഹം കയ്യടി നേടി. സ്വഭാവനടനായും കയ്യടി നേടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അവാര്‍ഡുകളും ഗിന്നസ് റെക്കോര്‍ഡുകളും സ്വന്തമാക്കാനും സാധിച്ചു. അങ്ങനെയാണ് അജയകുമാര്‍ ഗിന്നസ് പക്രുവായി മാറുന്നത്. അഭിനയത്തിന് പുറമെ സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.