‘എന്തുപറയണമെന്ന് അറിയില്ല, ഈ അവസ്ഥ ഭയമുണ്ടാക്കുന്നു’; വിതുമ്പി പാര്‍ത്ഥിപന്‍

Follow Us :

കഴിഞ്ഞ ദിവസം തമിഴകം ഉറക്കമുണര്‍ന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയിലേക്കായിരുന്നു. നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീരയുടെ വിയോഗത്തിന്റെ നടുക്കത്തിലാണ് ഇപ്പോഴും തമിഴ് സിനിമ ലോകം. ചലച്ചിത്രലോകത്തിനകത്തും പുറത്തുനിന്നുമായി നിരവധി പേര്‍ വിജയ് ആന്റണിക്കും കുടുംബത്തിനും പിന്തുണയും ആശ്വാസവുമായി ഒപ്പം നില്‍ക്കുന്നുണ്ട്. പലരും പൊട്ടിക്കരഞ്ഞും വിതുമ്പിയുമാണ് പ്രതികരിക്കുന്നത്. വിജയ് ആന്റണിയുടെ വീട്ടിലെത്തി മടങ്ങവേ നടനും സംവിധായകനുമായ പാര്‍ത്ഥിപന് ഉള്ളിലെ സങ്കടം നിയന്ത്രിക്കാനായില്ല, അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞു കൊണ്ടാണ് പ്രതികരിച്ചത്.

എന്തുപറയണമെന്ന് അറിയാത്ത അവസ്ഥയാണെന്ന് പറഞ്ഞുകൊണ്ടാണ് പാര്‍ത്ഥിപന്‍ മാധ്യമങ്ങളോട് സംസാരിച്ച് തുടങ്ങിയത്. ഒരു സുഹൃത്തിനുണ്ടായ നഷ്ടമായി മാത്രം തനിക്ക് ഇതിനെ കാണാനാവില്ല. തന്റെ വീട്ടില്‍ ആണ് ഇങ്ങനെ നടന്നിരുന്നതെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്ന ഭയമാണ് ഉള്ളില്‍ നിറയെയെന്നും പാര്‍ത്ഥിപന്‍ പറഞ്ഞു. വയസായവര്‍ നമ്മെ വിട്ടുപോകുമ്പോള്‍ ചെറിയൊരു സമാധാനം ഉള്ളിലുണ്ടാകും. പ്രായമായ അവസ്ഥയാണ്, ഇത്രയും ജീവിച്ചില്ലേ എന്ന ചിന്തയാണ് ഉണ്ടാവുക. പക്ഷേ, കുഞ്ഞുങ്ങളുടെ കാര്യത്തില്‍ അങ്ങനെ പറ്റില്ല. അവര്‍ വിവാഹം കഴിഞ്ഞ് പോകുന്നത് പോലും താങ്ങാനാവില്ല. ഈ വേര്‍പാട് ക്രൂരമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കുറയ്ക്കണമെന്നുള്ള ആവശ്യവും അദ്ദേഹം ഉന്നയിച്ചു. മനോവിഷമം എല്ലാവരുടെയും ഉള്ളിലുള്ള അവസ്ഥയാണ്. ആത്മഹത്യയിലേക്കു നയിക്കാന്‍ കാരണമാകുന്നത് ഇതാണെന്നും പറയാറുണ്ട്. സ്‌കൂളുകളിലെ കുട്ടികളുടെ എണ്ണം കുറച്ചാല്‍ അധ്യാപകര്‍ക്ക് ഓരോ കുട്ടിയുടെയും കാര്യം അപ്പോള്‍ നേരിട്ട് ചോദിച്ച് അറിയാനാകും. വീട്ടിലെ സാഹചര്യമല്ല കുട്ടികള്‍ക്ക് സ്‌കൂളില്‍ ഉള്ളത്. ഒരുപാട് കൂട്ടുകാര്‍, ചര്‍ച്ച ചെയ്യാന്‍ നിറയെ കാര്യങ്ങളൊക്കെയുണ്ട്. മീരയും മിടുക്കിയായിരുന്നു. സ്‌കൂള്‍ ലീഡറായിരുന്നു. ബോള്‍ഡ് ആയ ക്യാരക്ടറായിരുന്നു അവളുടേതെന്ന് എല്ലാവരും പറയുന്നുണ്ട്. എന്നാല്‍, ആ കുട്ടി ഉള്ളില്‍ എന്തുമാത്രം കഷ്ടതകള്‍ അനുഭവിച്ചെന്നും ആര്‍ക്കും അറിയില്ലെന്നും പാര്‍ത്ഥിപന്‍ പറഞ്ഞു.